അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ആര്‍സിബിയും കെകെആറും നേര്‍ക്കുനേര്‍. വൈകീട്ട് 7.30ന് അഹമ്മദാബാദിലാണ് മത്സരം. അവസാന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനോട് തോറ്റ ക്ഷീണത്തില്‍ ആര്‍സിബി ഇറങ്ങുമ്പോള്‍ തുടര്‍തോല്‍വികളുടെ ക്ഷീണത്തിലാണ് കെകെആറിന്റെ വരവ്. ഓയിന്‍ മോര്‍ഗനും കെകെആറിനും ഇന്ന് നിലനില്‍പ്പിന്റെ പോരാട്ടമാണ്. തോറ്റാല്‍ നായകസ്ഥാനത്ത് നിന്ന് ചിലപ്പോള്‍ മോര്‍ഗന് മാറിനില്‍ക്കേണ്ടി വന്നേക്കും.ഏഴ് മത്സരത്തില്‍ അഞ്ചിലും തോറ്റ കെകെആര്‍ ഏഴാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ഏഴ് മത്സരത്തില്‍ അഞ്ചിലും ജയിച്ച ആര്‍സിബി മൂന്നാം സ്ഥാനത്താണ്. ശക്തമായ പോരാട്ടം പ്രതീക്ഷിക്കവെ കാത്തിരിക്കുന്ന റെക്കോഡുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ആര്‍സിബി നായകന്‍ വിരാട് കോലിക്ക് 71 റണ്‍സ് കൂടി നേടിയാല്‍ ടി20 ഫോര്‍മാറ്റില്‍ 10000 റണ്‍സ് പൂര്‍ത്തിയാക്കാനാവും. നിലവില്‍ ഐപിഎല്ലില്‍ 6000ന് മുകളില്‍ റണ്‍സുള്ള ഏക താരം കോലിയാണ്. ഈ സീസണില്‍ ഓപ്പണര്‍ റോളിലെത്തിയ കോലിക്ക് പ്രതീക്ഷക്കൊത്ത് ഉയരാനായിട്ടില്ല. വരും മത്സരങ്ങളില്‍ കോലി വമ്പന്‍ ഇന്നിങ്‌സുമായി തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

കൂടാതെ കോലിയുടെ 200ാമത്തെ മത്സരമാണിത്. ഐപിഎല്ലില്‍ 200 മത്സരം പൂര്‍ത്തിയാക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് കോലിയെ കാത്തിരിക്കുന്നത്. എംഎസ് ധോണി,രോഹിത് ശര്‍മ,ദിനേഷ് കാര്‍ത്തിക്,സുരേഷ് റെയ്‌ന എന്നിവരാണ് നിലവില്‍ 200 മത്സരം കളിച്ചിട്ടുള്ള ഇന്ത്യന്‍ താരങ്ങള്‍.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ 200ാമത്തെ മത്സരമാണിത്. ഇന്നെങ്കിലും ജയിക്കേണ്ടത് കെകെആറിന് നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. വിജയത്തോടെ തുടങ്ങിയ കെകെആറിന് തുടര്‍ തോല്‍വികള്‍ ഏറ്റുവാങ്ങേണ്ടി വന്നു. ബാറ്റിങ് നിരയുടെ സ്ഥിരതയില്ലായ്മയും ബൗളര്‍മാരുടെ മോശം ഫോമുമാണ് കെകെആറിന് തിരിച്ചടിയാവുന്നത്. ഇന്ന് ടീമില്‍ അടിമുടി മാറ്റങ്ങളുമായി കെകെആര്‍ ഇറങ്ങാനാണ് സാധ്യത. സുനില്‍ നരെയ്‌നും രാഹുല്‍ ത്രിപാഠിയും ചേര്‍ന്ന് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്‌തേക്കും.
ഓയിന്‍ മോര്‍ഗന്‍ 36 റണ്‍സെടുത്താല്‍ കെകെആറിനൊപ്പം 1000 റണ്‍സ് പൂര്‍ത്തിയാക്കാനാവും. ടീമിന്റെ നായകനായ മോര്‍ഗന്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. മോര്‍ഗന്റെ മധ്യനിരയിലെ സ്ഥിരതയില്ലായ്മ ടീമിന്റെ തോല്‍വിയുടെ പ്രധാന കാരണങ്ങളിലൊന്നാണ്.
4000 ഐപിഎല്‍ റണ്‍സെന്ന നാഴികക്കല്ല് പിന്നിടാന്‍ കെകെആറിന്റെ ദിനേഷ് കാര്‍ത്തികിന് വേണ്ടത് 54 റണ്‍സ് കൂടി. പരിചയസമ്പന്നനായ കാര്‍ത്തികിന് ഈ സീസണില്‍ മികവിനൊത്ത് ഉയരാന്‍ സാധിച്ചിട്ടില്ല. പലപ്പോഴും ഡെത്ത് ഓവറുകളുടെ സമയത്ത് ബാറ്റിങ്ങിനെത്തുന്ന കാര്‍ത്തിക് വലിയ ഷോട്ടുകള്‍ കളിക്കുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടുത്തുന്ന അവസ്ഥയാണുള്ളത്.