Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: കെകെആറിനോട് നാണം കെട്ട് ആര്‍സിബി, മത്സരത്തിലെ എല്ലാ പ്രധാന റെക്കോഡുകളുമറിയാം

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദത്തില്‍ ഗംഭീര ജയത്തോടെ തുടങ്ങിയിരിക്കുകയാണ് കെകെആര്‍. ആര്‍സിബിക്കെതിരേ ഒമ്പത് വിക്കറ്റിന്റെ ജയമാണ് കെകെആര്‍ നേടിയെടുത്തത്. ടോസിന്റെ ആനുകൂല്യത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 92 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ മറുപടിക്കിറങ്ങിയ കെകെആര്‍ 10 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം സ്വന്തമാക്കി. ശുഭ്മാന്‍ ഗില്‍ (48), വെങ്കടേഷ് അയ്യര്‍ (41) എന്നിവരുടെ ബാറ്റിങ്ങാണ് കെകെആറിന് അനായാസ ജയം സമ്മാനിച്ചത്.

1

അച്ചടക്കത്തോടെ പന്തെറിയാന്‍ കെകെആര്‍ ബൗളര്‍മാര്‍ക്കായി. വരുണ്‍ ചക്രവര്‍ത്തി, ആന്‍ഡ്രേ റസല്‍ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ലോക്കി ഫെര്‍ഗൂസന്‍ രണ്ടും പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റും നേടി. വരുണാണ് കളിയിലെ താരമായത്. ആദ്യ പാദത്തില്‍ ആറാം സ്ഥാനത്തായിരുന്ന കെകെആര്‍ രണ്ടാം പാദത്തില്‍ ശക്തമായ തിരിച്ചുവരവ് സൂചന തന്നെയാണ് നല്‍കിയിരിക്കുന്നത്. കെകെആര്‍-ആര്‍സിബി ആവേശ മത്സരത്തിലൂടെ ചില പ്രധാന റെക്കോഡുകളും പിറന്നിട്ടുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

2

ഒരു ഫ്രാഞ്ചൈസിക്കൊപ്പം 200 മത്സരം കളിക്കുന്ന ആദ്യത്തെ താരമെന്ന റെക്കോഡ് വിരാട് കോലിയുടെ പേരിലാണ്. പ്രഥമ സീസണ്‍ മുതല്‍ ആര്‍സിബിയുടെ താരമായി കോലി ഉണ്ടായിരുന്നു. ഐപിഎല്ലില്‍ 200 മത്സരം കളിക്കുന്ന അഞ്ചാമത്തെ താരമാണ് വിരാട് കോലി. എന്നാല്‍ 200ാം മത്സരത്തില്‍ തിളങ്ങാന്‍ കോലിക്കായില്ല. നാല് പന്തില്‍ അഞ്ച് റണ്‍സ് നേടിയ കോലിയെ പ്രസിദ്ധ് കൃഷ്ണ എല്‍ബിയില്‍ കുടുക്കുകയായിരുന്നു. ഒരു ബൗണ്ടറി നേടി കോലി പ്രതീക്ഷ നല്‍കിയെങ്കിലും തൊട്ടടുത്ത പന്തില്‍ പ്രസിദ്ധ് കൃഷ്ണ കോലിയെ പുറത്താക്കുകയായിരുന്നു.

3

കെകെആര്‍ വിക്കറ്റ് കീപ്പറായ ദിനേഷ് കാര്‍ത്തികിന് നിലവില്‍ 114 ക്യാച്ചുകളാണുള്ളത്. ഐപിഎല്ലില്‍ കൂടുതല്‍ ക്യാച്ച് നേടുന്ന വിക്കറ്റ് കീപ്പര്‍മാരുടെ റെക്കോഡില്‍ എംഎസ് ധോണിക്കൊപ്പമെത്താന്‍ ദിനേഷിനായി. ആര്‍സിബി ഓപ്പണര്‍ ദേവ്ദത്ത് പടിക്കലിനെ ലോക്കി ഫെര്‍ഗൂസന്റെ പന്തിലാണ് ദിനേഷ് കാര്‍ത്തിക് ക്യാച്ചിലൂടെ പുറത്താക്കിയത്.

4

ആര്‍സിബിക്കെതിരേ കെകെആറിനുള്ള ആധിപത്യം വീണ്ടും തുടര്‍ന്നു എന്ന് തന്നെ പറയാം. ഐപിഎല്ലിലെ ആര്‍സിബിയുടെ ചരിത്രത്തിലെ ആറാമത്തെ ചെറിയ ടോട്ടലാണ് കെകെആറിനെതിരേ നേടിയത്. ഒരോവര്‍ ബാക്കി നില്‍ക്കെ 92 റണ്‍സിനാണ് കോലിയും സംഘവും കൂടാരം കയറിയത്. ആര്‍സിബിയെ 100 റണ്‍സില്‍ താഴെ കെകെആര്‍ ഒതുക്കുന്നത് ഇത് മൂന്നാം തവണയാണ്. നേര്‍ക്കുനേര്‍ എത്തിയപ്പോഴെല്ലാം ആര്‍സിബിക്കെതിരേ മികച്ച ബൗളിങ് പ്രകടനം കാഴ്ചവെക്കാന്‍ കെകെആറിന് സാധിച്ചിട്ടുണ്ട്.

5

ആര്‍സിബിയില്‍ വിരാട് കോലി, ദേവ്ദത്ത് പടിക്കല്‍, ഗ്ലെന്‍ മാക്‌സ് വെല്‍, എബി ഡിവില്ലിയേഴ്‌സ് എന്നിവരെല്ലാം ഉണ്ടെങ്കിലും ഒരു സിക്‌സര്‍ പോലും കെകെആറിനെതിരേ നേടാനായില്ല. ഇത് ആദ്യമായാണ് കെകെആര്‍ ആദ്യം പന്തെറിഞ്ഞ് ഒരു സിക്‌സ് പോലും വിട്ടുകൊടുക്കാതെ ഇരിക്കുന്നത്. ആര്‍സിബിയുടെ ബാറ്റിങ് നിരയില്‍ എല്ലാവരും സമ്മര്‍ദ്ദത്തിന് അടിമപ്പെട്ടതോടെയാണ് കൂട്ടത്തകര്‍ച്ച നേരിട്ടത്. സ്പിന്നര്‍മാരെ കരുതലോടെ നേരിടാന്‍ ആര്‍സിബി ബാറ്റ്‌സ്മാന്‍മാര്‍ക്കായില്ല.

6


നേരിട്ട ആദ്യ പന്തില്‍ത്തന്നെ എബി ഡിവില്ലിയേഴ്‌സ് പുറത്തായി. ആന്‍ഡ്രേ റസലിന്റെ ലെഗ് സ്റ്റംപ് യോര്‍ക്കറില്‍ എബിയുടെ കുറ്റി തെറിക്കുകയായിരുന്നു. മത്സരത്തില്‍ വലിയ വഴിത്തിരിവ് സൃഷ്ടിച്ച വിക്കറ്റുകൂടിയായിരുന്നു ഇത്. ഇത് ആറാം തവണയാണ് ടൂര്‍ണമെന്റില്‍ എബിഡി ഗോള്‍ഡന്‍ ഡെക്കാവുന്നത്. കൂടാതെ 10ാം തവണയാണ് ഡെക്കാകുന്നതും. ഗ്ലെന്‍ മാക്‌സ്‌വെല്ലിന് ശേഷം (11) ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായ വിദേശ താരമായി എബി ഡിവില്ലിയേഴ്‌സ് മാറി.

60 പന്തുകള്‍ ബാക്കി നിര്‍ത്തിയാണ് കെകെആര്‍ വിജയം നേടിയത്. പന്തുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ കെകെആര്‍ നേടുന്ന വലിയ ജയമാണിത്.

Story first published: Tuesday, September 21, 2021, 9:59 [IST]
Other articles published on Sep 21, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+