ചെന്നൈ: മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് ഒരു തന്ത്രമാണെന്ന് പഞ്ചാബ് കിംഗ്‌സ് നായകന്‍ കെഎല്‍ രാഹുല്‍ പറയുന്നു. രണ്ടാമത് ബാറ്റ് ചെയ്യാന്‍ എടുത്ത തീരുമാനമാണ് പഞ്ചാബിനെ ജയത്തിലെത്തിച്ചതെന്ന് രാഹുല്‍ പറയുന്നു. എന്നാല്‍ ഈ തന്ത്രത്തിന് കാരണം കോച്ച് അനില്‍ കുംബ്ലെയാണ് രാഹുല്‍ വ്യക്തമാക്കി. സ്‌കോര്‍ ചേസ് ചെയ്യുന്നതിനെ കുറിച്ച് അനില്‍ കുംബ്ലെയുമായി ദീര്‍ഘനേരം സംസാരിച്ചിരുന്നു. അതനുസരിച്ചാണ് രണ്ടാമത് ബാറ്റ് ചെയ്തത്. മഞ്ഞുവീഴ്ച്ച അനുകൂലമാകുന്നത് രണ്ടാമത് ബാറ്റ് ചെയ്യുമ്പോഴാണെന്നും രാഹുല്‍ പറഞ്ഞു.

ആദ്യ കുറച്ച് മത്സരങ്ങളില്‍ ഞങ്ങളുടെ ബൗളര്‍മാര്‍ സമ്മര്‍ദത്തിലായിരുന്നു. അതുകൊണ്ട് സ്‌കോര്‍ ചേസ് ചെയ്യുകയായിരുന്നു നല്ലത്. അവര്‍ക്ക് ഒരു ചേഞ്ചും ലഭിക്കും. ഇത്തരം സാഹചര്യത്തില്‍ പന്തെറിയേണ്ടത് ബൗളര്‍മാര്‍ക്ക് ആവശ്യമാണ്. മഞ്ഞുവീഴ്ച്ച ശരിക്കും ഞങ്ങള്‍ക്ക് ഗുണകരമായിട്ടുണ്ട്. ഏത് സ്‌കോറായിരിക്കും ചേസ് ചെയ്യേണ്ടി വരുന്നതെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. അതേസമയം സിംഗിള്‍ പോലും എടുക്കുക വലിയ ബുദ്ധിമുട്ടേറിയ സാഹചര്യമുണ്ടായിരുന്നു. പിച്ചില്‍ ബാറ്റ് ചെയ്യുക കഠിനമായിരുന്നു. ക്രിസ് ഗെയില്‍ പക്ഷേ ഏത് ബൗളറെയാണ് ടാര്‍ഗറ്റ് ചെയ്യേണ്ടതെന്ന് കൃത്യമായി തീരുമാനിച്ചിരുന്നു. ഗെയ്‌ലിനെ പോലൊരു താരം ഉള്ളത് നേട്ടമാണെന്നും രാഹുല്‍ പറഞ്ഞു.
പഞ്ചാബ് പതിയെ മികച്ചൊരു ടീമായി മാറുകയാണെന്നും രാഹുല്‍ വ്യക്തമാക്കി. ദീപക് ഹൂഡ, രവി ബിഷ്‌ണോയ്, ഷാരൂഖ് ഖാന്‍ തുടങ്ങിയ യുവതാരങ്ങളെ പഞ്ചാബ് പിന്തുണയ്ക്കുന്നുണ്ട്. ഇവര്‍ നന്നായി കളിക്കുന്നുണ്ടെന്നും, അത് ടീമെന്ന നിലയില്‍ പഞ്ചാബിന് നേട്ടമാണെന്നും രാഹുല്‍ പറഞ്ഞു. തീര്‍ച്ചയായും യുവ ടീമാണ് പഞ്ചാബ്. എല്ലാ വര്‍ഷവും പുതിയ താരങ്ങള്‍ പഞ്ചാബിലെത്തുന്നുണ്ട്. ക്ഷമയാണ് ശരിക്കും ഈ അവസരത്തില്‍ വേണ്ടത്. പഞ്ചാബ് പിന്തുണച്ച യുവ താരങ്ങള്‍ വളരെ മികച്ച രീതിയില്‍ കളിച്ച് വരികയാണ്. ബിഷ്‌ണോയ് മുംബൈക്കെതിരെ മികച്ച കളിയാണ് പുറത്തെടുത്തതെന്നും രാഹുല്‍ പറഞ്ഞു.
പഞ്ചാബ് കിംഗ്‌സ് കൂടുതല്‍ മത്സരങ്ങള്‍ ജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓരോ മത്സരവും ജയിക്കുന്തോറും മുന്നോട്ട് വരാന്‍ ടീമിന് സാധിക്കും. അതേസമയം കുല്‍ദീപ് ബിഷ്‌ണോയിയുടെ മികച്ച പ്രകടനത്തിന് കാരണം അനില്‍ കുംബ്ലെയാണ്. ഒരുപാട് ആത്മവിശ്വാസം അവന് കിട്ടിയിട്ടുണ്ട്. ചില കാര്യങ്ങളില്‍ അവന്‍ ശരിയായി വരാനുണ്ടായിരുന്നു. അതെല്ലാം മാറി ഇപ്പോള്‍ ഗംഭീരമായി ബിഷ്‌ണോയ് പന്തെറിയുന്നുണ്ടെന്നും രാഹുല്‍ വ്യക്തമാക്കി. അതേസമയം ചേസിംഗില്‍ ബാറ്റ് ചെയ്യുന്നതാണ് ഗുണകരമെന്ന് താരം പറയുന്നു. കൃത്യമായി മുന്നിലൊരു ടാര്‍ഗറ്റ് ഉണ്ടാവുമ്പോള്‍ അതിനനുസരിച്ച് സ്‌കോര്‍ നിരക്ക് ഉയര്‍ത്താന്‍ സാധിക്കുമെന്നും രാഹുല്‍ പറഞ്ഞു.