
കെ എല്‍ രാഹുല്‍-സഞ്ജു സാംസണ്‍
അവസാന മൂന്ന് സീസണിലും 500ന് മുകളില്‍ റണ്‍സ് നേടിയ താരമാണ് പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍. അവസാന സീസണിലെ ഓറഞ്ച് ക്യാപും രാഹുലിനായിരുന്നു. ഇത്തവണയും രാഹുലിന്റെ ബാറ്റിങ് മികവില്‍ പഞ്ചാബിന് പ്രതീക്ഷ ഏറെയാണ്. രാഹുലിനുള്ള മറുപടി പറയാന്‍ രാജസ്ഥാനിലുള്ളത് നായകന്‍ സഞ്ജു സാംസണാണ്. രാഹുലിനെപ്പോലെതന്നെ അതിവേഗം റണ്‍സുയര്‍ത്താന്‍ സഞ്ജുവും മിടുക്കനാണെങ്കിലും സ്ഥിരത കണ്ടെത്താനാവാത്തതാണ് സഞ്ജുവിന്റെ പ്രശ്‌നം

ക്രിസ് ഗെയ്ല്‍-ശ്രേയസ് ഗോപാല്‍
മൂന്നാം നമ്പറില്‍ ക്രിസ് ഗെയ്ല്‍ പഞ്ചാബ് നിരയിലുണ്ടാവുമെന്ന് വ്യക്തമായിട്ടുണ്ട്. പ്രായം തളര്‍ത്താത്ത പോരാളിയായി ഇത്തവണയും ഗെയ്ല്‍ ഇറങ്ങുമ്പോള്‍ രാജസ്ഥാന്റെ മുന്നില്‍ ഗെയ്‌ലിനെ തളക്കാനുള്ള മരുന്ന് സ്പിന്നര്‍മാരാണ്. പ്രധാന സ്പിന്നറായ ശ്രേയസ് ഗോപാലിന് തന്നെയാവും ഈ ചുമതല. പൊതുവെ സ്പിന്നിനെ നേരിടാന്‍ പ്രയാസപ്പെടുന്ന ഗെയ്‌ലിനെ വീഴ്ത്താന്‍ ഗോപാലിന് സാധിക്കുമോയെന്ന് കണ്ടറിയാം.

ക്രിസ് മോറിസ്-മോയിസസ് ഹെന്റിക്വസ്
16.25 കോടിക്ക് രാജസ്ഥാന്‍ സ്വന്തമാക്കിയ ക്രിസ് മോറിസ് മറുപടിയായി മീഡിയം പേസ് ഓള്‍റൗണ്ടര്‍ മോയിസസ് ഹെന്റിക്വസിനെയാവും പഞ്ചാബ് കളത്തിലിറക്കുക. ജോഫ്രാ ആര്‍ച്ചറുടെ അഭാവത്തില്‍ രാജസ്ഥാന്റെ ഡെത്ത് ഓവറിലെ ഉത്തരവാദിത്തം മോറിസിനാവും ലഭിക്കുക. മധ്യനിരയില്‍ തല്ലിത്തകര്‍ക്കാനും മോറിസ് മിടുക്കനാണ്. ഹെന്‍ റിക്വസും മോശമല്ല. വിക്കറ്റ് വീഴ്ത്തുന്നതിനോടൊപ്പം അതിവേഗം റണ്‍സുയര്‍ത്താനും അദ്ദേഹത്തിന് മികവുണ്ട്.

മുഹമ്മദ് ഷമി-ജോസ് ബട്‌ലര്‍
രാജസ്ഥാന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ജോസ് ബട്‌ലറും പഞ്ചാബിന്റെ സ്വിങ് ബൗളര്‍ മുഹമ്മദ് ഷമിയും തമ്മിലുള്ള പോരാട്ടവും കടുക്കും. ഓപ്പണറായി ബട്‌ലര്‍ ഇറങ്ങാനാണ് സാധ്യത. അങ്ങനെയാണെങ്കില്‍ ആദ്യ പവര്‍പ്ലേയില്‍ ബട്‌ലറെ പിടിച്ചുകെട്ടുകയാവും ഷമിയുടെ പ്രധാന ഉത്തരവാദിത്തം. അവസാന സീസണില്‍ മികച്ച ബൗളിങ് ഷമി കാഴ്ചവെച്ചിരുന്നു. എന്നാല്‍ ഇത്തവണ പരിക്കിനെത്തുടര്‍ന്നുണ്ടായ വിശ്രമത്തിന് ശേഷമാണ് ഷമി ഇറങ്ങുന്നത്.

ബെന്‍ സ്റ്റോക്‌സ്-ജൈ റിച്ചാര്‍ഡ്‌സന്‍
രാജസ്ഥാന്റെ നാലാം നമ്പറില്‍ കളിക്കാന്‍ സാധ്യതയുള്ള ബെന്‍ സ്‌റ്റോക്‌സിനെ പിടിച്ചുകെട്ടാന്‍ പഞ്ചാബ് കിങ്‌സ് നിയോഗിക്കുക ഇത്തവണ ടീമിലെത്തിച്ച ജൈ റിച്ചാര്‍ഡ്‌സിനെയാവും. 14 കോടിക്ക് ടീമിലെത്തിച്ച റിച്ചാര്‍ഡ്‌സന്‍ ബിബിഎല്ലിലടക്കം തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച് മിന്നും ഫോമിലാണ്. അവസാന സീസണില്‍ തല്ലിത്തകര്‍ത്ത സ്‌റ്റോക്‌സിനെ ഇത്തവണ തടുത്തിടാന്‍ റിച്ചാര്‍ഡ്‌സിനാവുമോയെന്ന് കണ്ടറിയാം.


Click it and Unblock the Notifications