IPL 2021: വീണ്ടും തോറ്റ് മുംബൈ, കുതിച്ച് കെകെആര്‍, എല്ലാ റെക്കോഡുകളും അറിയാം
അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദത്തില്‍ മുംബൈ ഇന്ത്യന്‍സിന്റെ തുടക്കം പാളിയിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ സിഎസ്‌കെയോട് തോറ്റ മുംബൈക്ക് രണ്ടാം മത്സരത്തില്‍ കെകെആറിനോടും മുട്ടുമടക്കേണ്ടി വന്നിരിക്കുകയാണ്. ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ് മുംബൈക്ക് തിരിച്ചടിയാവുന്നത്. നായകന്‍ രോഹിത് ശര്‍മ ടീമിലേക്ക് തിരിച്ചെത്തിയിട്ടും മുംബൈക്ക് രക്ഷയില്ല. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ കെകെആര്‍ 15.1 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം സ്വന്തമാക്കി.
യുവതാരം വെങ്കടേഷ് അയ്യര്‍ (30 പന്തില്‍ 53), രാഹുല്‍ ത്രിപതി (42 പന്തില്‍ 74) എന്നിവരുടെ തകര്‍പ്പന്‍ പ്രകടനമാണ് കെകെആറിനെ അനായാസ വിജയത്തിലേക്ക് എത്തിച്ചത്. അതിവേഗം റണ്‍സുയര്‍ത്താന്‍ മുംബൈ നിരയില്‍ ആര്‍ക്കുമായില്ല. മുംബൈ നായകന്‍ രോഹിത് ശര്‍മ (30 പന്തില്‍ 33), ക്വിന്റന്‍ ഡീകോക്ക് (42 പന്തില്‍ 55) എന്നിവര്‍ക്ക് പവര്‍പ്ലേ മുതലാക്കാന്‍ സാധിക്കാത്തതും തിരിച്ചടിയായി. ആദ്യ നാല് ഓവറും സ്പിന്നര്‍മാര്‍ക്ക് നല്‍കി മുംബൈയെ സമ്മര്‍ദ്ദത്തിലാക്കിയ കെകെആര്‍ നായകന്‍ ഓയിന്‍ മോര്‍ഗനാണ് കൈയടി അര്‍ഹിക്കുന്നത്. മത്സരത്തില്‍ പിറന്ന് പ്രധാന റെക്കോഡുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

കെകെആറിനെതിരേ വലിയ റെക്കോഡുകളുള്ള ടീമാണ് മുംബൈ. നേര്‍ക്കുനേര്‍ എത്തിയ മിക്കസമയത്തും ജയം മുംബൈക്കായിരുന്നു. 2019 ഏപ്രിലിന് ശേഷം ഇതാദ്യമായാണ് കെകെആര്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിക്കുന്നത്. ഹാട്രിക് കിരീടം തേടിയിറങ്ങിയ മുംബൈയില്‍ നിന്ന് പ്രതീക്ഷിച്ച തരത്തിലുള്ള പ്രകടനമല്ല ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. മുംബൈ നായകന്‍ രോഹിത് കെകെആറിനെതിരേ 1000 റണ്‍സ് പൂര്‍ത്തിയാക്കുകയും 5500 റണ്‍സ് ക്ലബ്ബില്‍ ഇടം പിടിക്കുകയും ചെയ്‌തെങ്കിലും തോല്‍വി വലിയ നാണക്കേടായിരിക്കുകയാണ്.

കെകെആര്‍ വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക് എംഎസ് ധോണിയെ മറികടന്ന് ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ക്യാച്ച് നേടുന്ന വിക്കറ്റ് കീപ്പറെന്ന നേട്ടം സ്വന്തമാക്കി. നിലവില്‍ 115 ക്യാച്ചാണ് കാര്‍ത്തികിന്റെ പേരിലുള്ളത്. ധോണിയുടെ പേരില്‍ 114 ക്യാച്ചും. സൂര്യകുമാര്‍ യാദവിന്റെ ക്യാച്ച് എടുത്തതോടെയാണ് ഈ നേട്ടത്തിലേക്കെത്താന്‍ കാര്‍ത്തികിനായത്. ക്രുണാല്‍ പാണ്ഡ്യയുടെ ക്യാച്ച് കാര്‍ത്തിക് നഷ്‌പ്പെടുത്തിയിരുന്നു.

കെകെആറിനുവേണ്ടി ശുഭ്മാന്‍ ഗില്‍ 50 മത്സരം പൂര്‍ത്തിയാക്കി. ഇൗ നേട്ടത്തിലെത്തുന്ന 13ാമത്തെ താരമാണ് ശുഭ്മാന്‍ ഗില്‍. കെകെആറിന്റെ സ്പിന്നര്‍മാരുടെ പ്രകടനമാണ് എടുത്തുപറയേണ്ടത്. കളിയിലെ താരമായ സുനില്‍ നരെയ്ന്‍ നാല് ഓവറില്‍ 20 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് നേടിയത്. ഇത് 32ാം തവണയാണ് നാല് ഓവറില്‍ 20 റണ്‍സില്‍ താഴെ അദ്ദേഹം വിട്ടുകൊടുക്കുന്നത്. ഇതോടെ അശ്വിന്റെ റെക്കോഡിനൊപ്പമെത്താന്‍ നരെയ്‌നായി. രോഹിത് ശര്‍മയുടെ വിക്കറ്റാണ് നരെയ്ന്‍ നേടിയത്. ഐപിഎല്ലില്‍ ഇത് ഏഴാം തവണയാണ് രോഹിതിനെ നരെയ്ന്‍ പുറത്താക്കുന്നത്.

കെകെആര്‍ യുവ ഓപ്പണര്‍ ആദ്യ രണ്ട് മത്സരത്തിലൂടെത്തന്നെ തന്റെ മികവ് കാട്ടിത്തന്നു. രണ്ടാം മത്സരത്തില്‍ത്തന്നെ കന്നി അര്‍ധ സെഞ്ച്വറി വെങ്കടേഷ് അയ്യര്‍ നേടി. നാല് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 176.66 സ്‌ട്രൈക്കറേറ്റിലായിരുന്നു വെങ്കടേഷ് അയ്യരുടെ ബാറ്റിങ്. ട്രന്റ് ബോള്‍ട്ടിനെയും ആദം മില്‍നെയും നേരിട്ട ആദ്യ പന്തില്‍ത്തന്നെ സിക്‌സര്‍ പറത്തിയ വെങ്കടേഷ് ജസ്പ്രീത് ബുംറയെ ബൗണ്ടറിയോടെയാണ് വരവേറ്റത്. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ വെങ്കടേഷ് ഭയമില്ലാത്ത ബാറ്റിങ് ശൈലിയാണ് കാഴ്ചവെക്കുന്നത്.

കെകെആര്‍ ടോപ് സ്‌കോററായ രാഹുല്‍ ത്രിപതി ഏഴാം അര്‍ധ സെഞ്ച്വറിയാണ് കുറിച്ചത്. എട്ട് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെയായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. 176.19 എന്ന മികച്ച സ്‌ട്രൈക്കറേറ്റ് കാത്ത് സൂക്ഷിക്കാനും ത്രിപതിക്കായി. മുംബൈ ഇന്ത്യന്‍സ് സ്പിന്നര്‍ ക്രുണാല്‍ പാണ്ഡ്യ അവസാനം കളിച്ച നാല് ഐപിഎല്‍ മത്സരത്തിലും നിരാശപ്പെടുത്തി. ഒരു വിക്കറ്റ് പോലും നേടാന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ക്കായിട്ടില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications