ഐപിഎല്ലിന് മുകളിലൊരു ആശങ്കയുടെ കാര്‍മേഘമായി രാജ്യത്ത് വര്‍ധിച്ചു വരുന്ന കൊവിഡ് പ്രതിസന്ധി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിലെ ചില താരങ്ങള്‍ക്ക് കൊവിഡ് പോസിറ്റീവായിരിക്കുകയാണ്. മറ്റു ചിലര്‍ക്ക് ലക്ഷ്ണങ്ങള്‍ കാണിച്ചു തുടങ്ങിയിട്ടുമുണ്ട്. ഇതോടെ ഇന്ന് നടക്കാനിരുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരവും പ്രതിസന്ധിയിലായിരിക്കുകയാണ്.
ഇന്നത്തെ മത്സരം മാറ്റിവെക്കാന്‍ തിരുമാനിച്ചിരിക്കുകയാണ്. ചില താരങ്ങള്‍ക്ക് കൊവിഡ് ആയതോടെ ടീമിലെ മറ്റ് താരങ്ങളും സ്റ്റാഫും ഇപ്പോള്‍ ഐസൊലേഷനിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. നേരത്തെ ദ ഹെറാള്‍ഡ്, ദ ഏജ് തുടങ്ങിയ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നാലെ കൊല്‍ക്കത്ത-ബാംഗ്ലൂര്‍ മത്സരം മാറ്റി വെക്കാന്‍ തീരുമാനിച്ചതായി ഔദ്യോഗികമായി തന്നെ അറിയിച്ചിരിക്കുകയാണ്.

കൊല്‍ക്കത്തയുടെ വരുണ്‍ ചക്രവർത്തിയ്ക്കും സന്ദീപ് വാര്യർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം മറ്റ് താരങ്ങളുടെയെല്ലാം ഫലം നെഗറ്റീവാണെന്നും ബിസിസിഐ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ടീം മൊത്തം ക്വാറന്‍റീനിലാണെന്നും ബിസിസിഐ വ്യക്തമാക്കി.
അതേസമയം പുറത്ത് വരുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ അത് ഐപിഎല്ലിന്റെ ഭാവിയെ തന്നെ ബാധിക്കാന്‍ സാധ്യതയുണ്ട്. നേരത്തെ തന്നെ ഐപിഎല്‍ ഉപേക്ഷിക്കണമെന്ന വാദം താരങ്ങളും മറ്റും തന്നെ ഉയര്‍ത്തിയ സാഹചര്യത്തില്‍. രാജ്യത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്നതിനിടെയാണ് ഐപിഎല്ലിലും ആശങ്ക പടരുന്നത്.
നേരത്തെ കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഓസീസ് താരങ്ങളില്‍ ചിലര്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. ആഡം സാമ്പ, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, ആന്‍ഡ്രു ടൈ തുടങ്ങിയവരാണ് നാട്ടിലേക്ക് മടങ്ങിയത്. കൊവിഡിന്റെ രണ്ടാം വേവിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുമുള്ള വിമാനങ്ങള്‍ക്ക് ഓസ്‌ട്രേലിയ അടക്കം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
നേരത്തെ ഇന്ത്യന്‍ താരം അശ്വിനും ഐപിഎല്ലില്‍ നിന്നും പിന്മാറിയിരുന്നു. കൊവിഡ് രണ്ടാം തരംഗം ശക്തമായതോടെ തന്റെ കുടുംബത്തിനൊപ്പം ചേരുകയാണെന്ന് പറഞ്ഞായിരുന്നു അശ്വിന്‍ ഐപിഎല്ലില്‍ നിന്നും സ്വയം പിന്മാറിയത്. ഇതിന് പിന്നാലെ പല കോണില്‍ നിന്നും ഐപിഎല്‍ ഉപേക്ഷിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാല്‍ സാഹചര്യങ്ങള്‍ പരിശോധിച്ച ശേഷം തീരുമാനമെടുക്കാം എന്ന നിലപാടിലായിരുന്നു അധികൃതര്‍.