അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും നേര്‍ക്കുനേര്‍. വൈകീട്ട് 7.30ന് അഹമ്മദാബാദിലാണ് മത്സരം. അഞ്ച് മത്സരത്തില്‍ രണ്ട് ജയവും മൂന്ന് തോല്‍വിയുമായി രജസ്ഥാന്‍ ഏഴാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ആറ് മത്സരത്തില്‍ രണ്ട് ജയവും നാല് തോല്‍വിയും വഴങ്ങിയ കെകെആര്‍ അഞ്ചാം സ്ഥാനത്താണ്. ഇരു ടീമിനും ജയം അഭിമാന പ്രശ്‌നമാണ്. കരുത്തരായ രണ്ട് ടീമുകള്‍ നേര്‍ക്കുനേര്‍ എത്തുമ്പോള്‍ കാത്തിരിക്കുന്ന റെക്കോഡുകളും നാഴികക്കല്ലുകളും എന്തൊക്കെയാണെന്ന് നോക്കാം.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം നിധീഷ് റാണ കളിക്കുന്ന 50ാമത്തെ മത്സരമാണ് ഇന്നത്തേത്. പ്രതീക്ഷിച്ച ഫോമിലേക്കെത്താന്‍ കഴിയാത്ത നിധീഷ് റാണയെ ഓപ്പണിങ് സ്ഥാനത്ത് നിന്ന് മൂന്നാം നമ്പറിലേക്ക് ഇന്ന് മാറ്റിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അവസാന സീസണില്‍ ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയ രണ്ട് മത്സരത്തിലും 50ന് മുകളില്‍ സ്‌കോര്‍ നേടാന്‍ നിധീഷ് റാണയ്ക്ക് സാധിച്ചിരുന്നു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ ഓയിന്‍ മോര്‍ഗന് ടീമിനൊപ്പം 1000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ വേണ്ടത് 36 റണ്‍സ്. മോശം ഫോമിലായിരുന്ന താരം അവസാന മത്സരത്തിലൂടെ ഫോമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. കെകെആറിനൊപ്പം ഈ നേട്ടം സ്വന്തമാക്കുന്ന 13ാമത്തെ താരമാണ് മോര്‍ഗന്‍.
കെകെആര്‍ സീനിയര്‍ താരവും വിക്കറ്റ് കീപ്പറുമായ ദിനേഷ് കാര്‍ത്തികിന് ഐപിഎല്ലില്‍ 4000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ വേണ്ടത് 68 റണ്‍സ് കൂടി. സീസണില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ കാര്‍ത്തികിന് സാധിച്ചിട്ടില്ല.
കെകെആറിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ആന്‍ഡ്രേ റസലിന് 6000 ടി20 റണ്‍സ് പൂര്‍ത്തിയാക്കാന്‍ വേണ്ടത് 9 റണ്‍സ്. ഇന്നത്തെ മത്സരത്തിലൂടെ റസല്‍ ഈ നേട്ടത്തിലെത്തിയാല്‍ ബോളിന്റെ അടിസ്ഥാനത്തില്‍ വേഗത്തില്‍ ഈ നേട്ടത്തിലെത്തുന്ന താരമായി റസല്‍ മാറും.
കെകെആറും-ഡല്‍ഹിയും നേര്‍ക്കുനേര്‍ എത്തിയ അവസാന സീസണിലെ മത്സരങ്ങളെല്ലാം മികച്ച ബാറ്റിങ് പോരാട്ടമാണ് കണ്ടത്. ഇരു ടീമും മുഖാമുഖമെത്തിയ അവസാന ആറ് മത്സരത്തിലും 170ന് മുകളില്‍ സ്‌കോര്‍ പോയിരുന്നു.
കൊല്‍ക്കത്തയ്‌ക്കെതിരേ അവസാന അഞ്ച് മത്സരത്തില്‍ നാലിലും ജയം ഡല്‍ഹിക്കായിരുന്നു. നിലവിലെ ഫോം വിലയിരുത്തുമ്പോഴും ജയസാധ്യത കൂടുതല്‍ ഡല്‍ഹിക്കാണ്. അവസാന മത്സരത്തില്‍ ജയിച്ച ആത്മവിശ്വാസത്തിലാണ് ഇരു ടീമും എത്തുന്നത്.