അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ ആരംഭിക്കാനിരിക്കെ രാജസ്ഥാന്‍ റോയല്‍സിന് കടുത്ത ആശങ്ക. ടീമിന്റെ നട്ടെല്ലായ സ്റ്റാര്‍ പേസര്‍ ജോഫ്രാ ആര്‍ച്ചര്‍ ഇത്തവണത്തെ സീസണില്‍ നിന്ന് വിട്ടുനിന്നേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. കൈമുട്ടിനേറ്റ പരിക്കിന്റെ പ്രയാസം ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര മുതല്‍ ആര്‍ച്ചറെ വേട്ടയാടുന്നുണ്ടായിരുന്നു. ടി20 പരമ്പരയിലും കളിച്ച ആര്‍ച്ചര്‍ ഏകദിന പരമ്പരയില്‍ കളിച്ചേക്കില്ലെന്നാണ് വിവരം.
മാര്‍ച്ച് 28നാണ് ഇന്ത്യക്കെതിരായ പരമ്പര അവസാനിക്കുക.ഏപ്രില്‍ 9 മുതല്‍ മെയ് 30വരെ നടക്കുന്ന ഐപിഎല്ലില്‍ കൂടി കളിക്കുമ്പോള്‍ ആര്‍ച്ചറിന്റെ പരിക്ക് ഗുരുതരമാവാന്‍ സാധ്യതയുണ്ട്. അത് ഇംഗ്ലണ്ടിന്റെ ടി20 ലോകകപ്പ് പ്രതീക്ഷകളെ ബാധിക്കും. ഇത് മുന്നില്‍ക്കണ്ടാണ് താരം ഐപിഎല്ലില്‍ നിന്ന് വിശ്രമം എടുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഇംഗ്ലണ്ടിനെ സംബന്ധിച്ച് നിരവധി പരമ്പരകളുള്ള വര്‍ഷമാണിത്. അതിനാല്‍ത്തന്നെ അവരുടെ സ്റ്റാര്‍ ബൗളറായ ആര്‍ച്ചറുടെ ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഇത്തവണത്തെ ഐപിഎല്‍ ആര്‍ച്ചര്‍ക്ക് നഷ്ടമായാല്‍ രാജസ്ഥാനെ സംബന്ധിച്ചത് നികത്താനാവാത്ത വിടവാണ്. കാരണം രാജസ്ഥാന്റെ ബൗളിങ്ങിലെ വജ്രായുധം ആര്‍ച്ചറാണ്. ഇത്തവണ ക്രിസ് മോറിസ്,മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവരെ രാജസ്ഥാന്‍ സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ ആര്‍ച്ചറുടെ അഭാവം നികത്തുക വളരെ പ്രയാസകരമാവും.

രാജസ്ഥാനുവേണ്ടി അവസാന സീസണിലും ശ്രദ്ധേയ പ്രകടനം കാഴ്ചവെക്കാന്‍ ആര്‍ച്ചറിന് സാധിച്ചിരുന്നു. 14 മത്സരത്തില്‍ നിന്ന് 20 വിക്കറ്റാണ് അദ്ദേഹം പിഴുതത്. റണ്‍സ് വിട്ടുകൊടുക്കാന്‍ പിശുക്കുള്ള ആര്‍ച്ചറുടെ ഇക്കോണമി 6.55 ആയിരുന്നു. 7.2 കോടി രൂപയ്ക്ക് രാജസ്ഥാന്‍ സ്വന്തമാക്കിയ ആര്‍ച്ചറുടെ കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല.
എന്നാല്‍ ടെലഗ്രാഫ് അടക്കമുള്ള പ്രമുഖ മാധ്യമങ്ങള്‍ ആര്‍ച്ചര്‍ക്ക് ഇത്തവണത്തെ ഐപിഎല്‍ നഷ്ടമാകുമെന്നത് ശരിവെച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിട്ടുണ്ട്. അവസാന സീസണില്‍ എംവിപി അവാര്‍ഡും നേടിയ ആര്‍ച്ചറുടെ അഭാവം രാജസ്ഥാനെ പ്രതീകൂലമായി ബാധിക്കും. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ നിരയില്‍ ജോസ് ബട്‌ലര്‍,ബെന്‍ സ്‌റ്റോക്‌സ്,ഡേവിഡ് മില്ലര്‍ തുടങ്ങിയവരാണ് പ്രമുഖര്‍.
പ്രഥമ സീസണില്‍ കിരീടം നേടിയ രാജസ്ഥാന് പിന്നീട് ഈ മികവ് ആവര്‍ത്തിക്കാനായില്ല. അവസാന സീസണിലും പ്ലേ ഓഫ് കാണാനാവാതെ പോയ രാജസ്ഥാന് ഇത്തവണ പ്രതീക്ഷകളേറെയാണ്. എന്നാല്‍ ആര്‍ച്ചര്‍ക്ക് സീസണ്‍ നഷ്ടമായാല്‍ അത് വലിയ തിരിച്ചടി ടീമിന് നല്‍കും.