IPL 2021: ഈ അഞ്ച് പേസര്‍മാരെ ഭയക്കണം, എതിരാളികളുടെ പേടി സ്വപ്‌നം
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ നാളെ ആരംഭിക്കുകയാണ്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഏറ്റുമുട്ടും. ഇത്തവണ ഹാട്രിക് കിരീടം തേടി ഇറങ്ങുന്ന മുംബൈ ഇന്ത്യന്‍സിനെ തടയുക എന്നതാണ് മറ്റ് ഏഴ് ടീമുകളുടെയും പ്രധാന ദൗത്യം. ടീമുകളെല്ലാം അവസാന ഘട്ട തയ്യാറെടുപ്പിലാണ്. ആവേശ സീസണ്‍ പടിവാതുക്കല്‍ എത്തിനില്‍ക്കവെ ഇത്തവണത്തെ മികച്ച അഞ്ച് പേസ് ബൗളര്‍മാര്‍ ആരൊക്കെയാണെന്ന് നോക്കാം.

ജസ്പ്രീത് ബുംറ
മുംബൈ ഇന്ത്യന്‍സിന്റെ വജ്രായുധമാണ് ജസ്പ്രീത് ബുംറ. 2019 സീസണോടെ ലസിത് മലിംഗ കളിനിര്‍ത്തിയതോടെ മുംബൈ ഒന്നാം നമ്പര്‍ ബൗളറായി ബുംറ മാറി. റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ വലിയ പിശുക്കുകാട്ടുന്ന ബുംറ തുടര്‍ച്ചയായി യോര്‍ക്കറുകള്‍ ചെയ്യാനും മിടുക്കനാണ്. 27കാരനായ താരം 15 മത്സരത്തില്‍ നിന്ന് 27 വിക്കറ്റാണ് അവസാന സീസണില്‍ നേടിയത്. 6.73 ഇക്കോണമിയിലായിരുന്നു ഈ പ്രകടനം. 2019 സീസണില്‍ 19 വിക്കറ്റും വീഴ്ത്തിയ ബുംറ ഫൈനലിലെ മാന്‍ ഓഫ് ദി മാച്ചായിരുന്നു.

കഗിസോ റബാദ
അവസാന സീസണിലെ പര്‍പ്പിള്‍ ക്യാപിന് ഉടമയായ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ കഗിസോ റബാദയും ടൂര്‍ണമെന്റിലെ ശക്തനായ പേസ് ബൗളറാണ്. നല്ല വേഗത്തിനൊപ്പം വിക്കറ്റ് വീഴ്ത്താനുള്ള മിടുക്കാണ് റബാദയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. 2019ല്‍ 12 മത്സരത്തില്‍ നിന്ന് 25 വിക്കറ്റ് വീഴ്ത്തിയ താരം അവസാന സീസണില്‍ 17 മത്സരത്തില്‍ നിന്ന് 30 വിക്കറ്റാണ് പിഴുതത്. ഡല്‍ഹി ഫൈനലിലേക്കെത്തിയതിന് പിന്നില്‍ റബാദയുടെ ബൗളിങ് മികവിന്റെ പങ്ക് വളരെ വലുതായിരുന്നു.

ആന്റിച്ച് നോക്കിയേ
അവസാന സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം തിളങ്ങിയ പേസ് ബൗളറാണ് ആന്റിച്ച് നോക്കിയേ. ദക്ഷിണാഫ്രിക്കക്കാരനായ താരം വേഗം കൊണ്ടാണ് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. ഐപിഎല്ലിലെ വേഗമേറിയ അഞ്ച് പന്തുകളും എറിഞ്ഞത് നോക്കിയേ ആണ്. 156.22 കെപിഎച്ച് ആണ് അദ്ദേഹത്തിന്റെ ഐപിഎല്ലിലെ വേഗമേറിയ ബോള്‍. അവസാന സീസണില്‍ 16 മത്സരത്തില്‍ നിന്ന് 22 വിക്കറ്റാണ് നോക്കിയേ വീഴ്ത്തിയത്. 27കാരനായ താരം ഇത്തവണയും എതിരാളികളുടെ പേടി സ്വപ്‌നമാണ്.

ട്രന്റ് ബോള്‍ട്ട്
മുംബൈ ഇന്ത്യന്‍സില്‍ ലസിത് മലിംഗയുടെ അഭാവം നികത്താന്‍ ട്രന്റ് ബോള്‍ട്ടിന് സാധിച്ചു. ന്യൂബോളില്‍ പന്ത് നന്നായി സ്വിങ് ചെയ്യിക്കാന്‍ കഴിവുള്ള ബോള്‍ട്ട് അവസാന സീസണില്‍ മുംബൈയുടെ കിരീടനേട്ടത്തില്‍ നിര്‍ണ്ണായക പങ്കുള്ള താരമാണ്. 15 മത്സരത്തില്‍ നിന്ന് 25 വിക്കറ്റാണ് ബോള്‍ട്ട് നേടിയിട്ടുള്ളത്. എട്ടിന് താഴെ ഇക്കോണമിയിലാണ് അദ്ദേഹത്തിന്റെ ബൗളിങ് പ്രകടനം. അവസാന സീസണിലെ ഫൈനലില്‍ നാല് ഓവറില്‍ 30 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്താന്‍ ബോള്‍ട്ടിന് സാധിച്ചിരുന്നു. ഇത്തവണയും ബോള്‍ട്ട്-ബുംറ കൂട്ടുകെട്ടിലാണ് മുംബൈയുടെ പ്രതീക്ഷ.

ടി നടരാജന്‍
അവസാന സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം നടത്തിയ പ്രകടനത്തിലൂടെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച താരമാണ് ടി നടരാജന്‍. ഇടം കൈയന്‍ പേസറായ നടരാജന്‍ ഡെത്ത് ഓവറുകളില്‍ തുടര്‍ച്ചയായി യോര്‍ക്കര്‍ ചെയ്യാന്‍ മികവുള്ള താരമാണ്. ഇതാണ് നടരാജനെ അപകടകാരിയാക്കി മാറ്റുന്നത്. അവസാന സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ഒരു മത്സരത്തില്‍ തുടര്‍ച്ചയായി ആറ് പന്തും യോര്‍ക്കര്‍ എറിയാന്‍ നടരാജന് സാധിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications