
ജേസന്‍ റോയ്
ഓപ്പണിങ് ക്ലിക്കാവാത്ത രാജസ്ഥാന്‍ റോയല്‍സിന് പരീക്ഷിക്കാന്‍ കഴിയുന്ന താരമാണ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ജേസന്‍ റോയ്. 43 ടി20 മത്സരങ്ങളില്‍ നിന്നായി 1034 റണ്‍സ് താരം നേടിയിട്ടുണ്ട്. 142.33 എന്ന മികച്ച സ്‌ട്രൈക്കറേറ്റുമുണ്ട്. മോശം ഫോമിലുള്ള ജോസ് ബട്‌ലറിനൊപ്പം ജേസന്‍ റോയിയെക്കൊണ്ടുവന്നാല്‍ രാജസ്ഥാനത് ഗുണം ചെയ്‌തേക്കും. ഇക്കഴിഞ്ഞ ഇന്ത്യക്കെതിരായ ടി20 പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനും റോയിക്ക് സാധിച്ചിരുന്നു.

സാം ബില്ലിങ്‌സ്
ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഭാഗമായുള്ള സാം ബില്ലിങ്‌സിനെ ടോപ് ഓഡറിലേക്കും മധ്യനിരയിലേക്കും രാജസ്ഥാന് ഉപയോഗിക്കാന്‍ കഴിയുന്ന താരമാണ്. ഇംഗ്ലണ്ട് താരമായ അദ്ദേഹത്തിന് ആദ്യ മത്സരങ്ങളിലൊന്നും ഡല്‍ഹി അവസരം നല്‍കിയിട്ടില്ല. മികച്ച താരനിര ഇപ്പോള്‍ത്തന്നെ ഉള്ളതിനാല്‍ ബില്ലിങ്‌സിന് അവസരം ലഭിക്കാനും സാധ്യത കുറവാണ്. 22 ഐപിഎല്ലില്‍ നിന്നായി 133.6 സ്‌ട്രൈക്കറേറ്റുള്ള താരമാണ് അദ്ദേഹം.

ഡേവിഡ് മലാന്‍
സമീപകാലത്തായി ഇംഗ്ലണ്ടിനൊപ്പം ടി20യില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഡേവിഡ് മലാന്‍ കാഴ്ചവെക്കുന്നത്. പഞ്ചാബ് കിങ്‌സിന്റെ താരമായ മലാന് 50.15 ശരാശരിയാണ് ടി20യിലുള്ളത്. എന്നാല്‍ ആദ്യ മത്സരങ്ങളിലൊന്നും പഞ്ചാബ് താരത്തെ പരിഗണിച്ചിട്ടില്ല. മലാനെ രാജസ്ഥാന് കിട്ടിയാല്‍ ടീമിലത് വലിയ മാറ്റം സൃഷ്ടിച്ചേക്കും. എന്നാല്‍ വരും മത്സരങ്ങളില്‍ പഞ്ചാബിന്റെ പദ്ധതികളുടെ ഭാഗമായി മലാന്‍ ടീമിലെത്താന്‍ സാധ്യതയുണ്ട്.

മിച്ചല്‍ സാന്റര്‍
സിഎസ്‌കെയുടെ കിവീസ് സ്പിന്‍ ഓള്‍റൗണ്ടര്‍ മിച്ചല്‍ സാന്റര്‍ രാജസ്ഥാന് പ്രയോജനപ്പെടുത്താവുന്ന താരമാണ്. വിക്കറ്റ് വീഴ്ത്താന്‍ കെല്‍പ്പുള്ള സ്പിന്നര്‍മാരുടെ അഭാവം ടീമിലുണ്ട്. സാന്ററെത്തിയാല്‍ ഈ പ്രശ്‌നത്തിന് ഏറെക്കുറെ പരിഹാരമാവും. ബാറ്റുകൊണ്ടും നിര്‍ണ്ണായക പ്രകടനം നടത്താന്‍ കെല്‍പ്പുള്ള താരമാണ് സാന്റര്‍. സിഎസ്‌കെ ഈ സീസണില്‍ കളിപ്പിച്ചിട്ടില്ലെങ്കിലും പകരക്കാരനായി ഫീല്‍ഡിങ്ങിനൊക്കെ സാന്റര്‍ ഇറങ്ങാറുണ്ട്.


Click it and Unblock the Notifications