ടീച്ചറെ കണ്ട കുട്ടിയെ പോലെ...; ഡ്രസിംഗ് റൂമില്‍ പ്രതീക്ഷിക്കാതെ സച്ചിനെ കണ്ട് കിളി പോയ ഇഷാന്‍ കിഷന്‍
ഇന്ത്യയില്‍ ക്രിക്കറ്റ് ഒരു മതവും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന മനുഷ്യന്‍ ആ മതത്തിന്റെ ദൈവവുമാണ്. 24 വര്‍ഷം നീണ്ട കരിയറില്‍ സച്ചിന്‍ നേടിയ റെക്കോര്‍ഡുകള്‍ എണ്ണിയാല്‍ തീരില്ല. പലതും ഇനിയൊരാള്‍ക്ക് അടുത്ത് പോലും എത്താന്‍ സാധിക്കാത്തതാണ്. ലോകമെമ്പാടുള്ള ക്രിക്കറ്റ് ആരാധകര്‍ക്കും താരങ്ങള്‍ക്കും പ്രചോദനവും റോള്‍ മോഡലുമൊക്കെയാണ് സച്ചിന്‍. ക്രിക്കറ്റില്‍ ഇതിലും വലിയൊരു പേരോ ഇത്രത്തോളം സ്വാധീനം സൃഷ്ടിച്ച വ്യക്തിയോ ഇല്ലെന്ന് നിസ്സംശയം പറയാന്‍ സാധിക്കും.
ഇപ്പോഴിതാ സച്ചിനോടുള്ള മുംബൈ ഇന്ത്യന്‍സ് താരം ഇഷാന്‍ കിഷന്റെ ബഹുമാനം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. മുംബൈ ഇന്ത്യന്‍സിന്റെ ഡ്രസിംഗ് റൂമില്‍ സംഭവിച്ച കാര്യത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വിശദമായി വായിക്കാം.

മുംബെെയുടെ പരിശീലനം നടക്കുന്നതിനിടെയായിരുന്നു സംഭവം. ഡ്രസ്സിംഗ് റൂമിലേക്ക് സാധാരണ പോലെ കടന്നു വരുന്ന ഇഷാന്‍ കിഷനെ വീഡിയോയില്‍ കാണാം. റൂമിലെത്തിയ ശേഷമാണ് സച്ചിന്‍ അവിടെ ഇരിക്കുന്നത് ഇഷാന്‍ കാണുന്നത്. ഇതിഹാസ താരത്തെ കണ്ടതും തന്റെ കൂളിംഗ് ഗ്ലാസ് ഊരിയ കിഷന്‍ സച്ചിനെ അഭിസംബോധന ചെയ്യുകയായിരുന്നു. അപ്രതീക്ഷിതമായി അധ്യാപകനെ കണ്ടുമുട്ടിയ വിദ്യാര്‍ത്ഥിയുടെ ഭാവമായിരുന്നു ഈ സമയത്ത് ഇഷാന്. യുവതാരത്തിന്റെ ഭാവം കണ്ട് അരികിലുണ്ടായിരുന്ന കീറോണ്‍ പൊള്ളാര്‍ഡ് അടക്കമുള്ളവര്‍ പൊട്ടിച്ചിരിക്കുകയായിരുന്നു.

ചിരിച്ചു കൊണ്ട് സച്ചിനും ഇഷാനോട് വിശേഷം അന്വേഷിക്കുന്നത് വീഡിയോയില്‍ കാണാം. ഈ വീഡിയോയാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. മുംബൈയുടെ മെന്ററാണ് സച്ചിന്‍. അതുകൊണ്ട് തന്നെ ടീമിനൊപ്പം സച്ചിന്‍ പലപ്പോഴും ചേരാറുണ്ട്. എങ്കിലും പ്രതീക്ഷിച്ചിരിക്കാതെ സച്ചിനെ ഡ്രസ്സിംഗ് റൂമില്‍ വച്ച് കണ്ടതോടെ എന്ത് ചെയ്യണമെന്ന് ഒരു നിമിഷം അറിയാതെ പ്രതികരിക്കുകയായിരുന്നു ഇഷാന്‍. യുവതാരത്തിന് സച്ചിനോടുള്ള ആരാധനയും ബഹുമാനവുമെല്ലാം ഇതില്‍ നിന്നും വ്യക്തമാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

അതേസമയം ഐപിഎല്ലില്‍ മോശം സമയത്തിലൂടെയാണ് ഇഷാന്‍് കിഷന്‍ കടന്നു പോകുന്നത്. ഈ സീസണിന്റെ ആദ്യ പാദത്തില്‍ മിന്നും ഫോമിലായിരുന്ന ഇഷാന്‍ കിഷന്‍ രണ്ടാം പാദത്തില്‍ തിളങ്ങാന്‍ സാധിക്കാതെ വലയുകയാണ്. താരത്തിന് എട്ട് മത്സരങ്ങളില്‍ നിന്നും 107 റണ്‍സ് മാത്രമാണ് നേടാനായത്. ട്വിന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് ഇഷാന്‍ കിഷനേയും തിരഞ്ഞെടുത്തിരുന്നു. എന്നാല്‍ ഐപിഎല്ലിലെ മോശം പ്രകടനത്തിന്റെ പേരില്‍ താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയ തീരുമാനം മാറ്റി ചിന്തിക്കണമെന്നാണ് പല കോണില്‍ നിന്നും ഉയരുന്ന വിമര്‍ശനങ്ങള്‍. താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
അതേസമയം നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനും ഈ സീസണ്‍ ഇതുവരേയും മോശമാണ്. പ്ലേ ഓഫ് ബര്‍ത്ത് നേടാന്‍ ഇതുവരേയും മുംബൈയ്ക്ക് സാധിച്ചിട്ടില്ല്. തുടര്‍ച്ചയായി പരാജയപ്പെട്ട ടീമിന്റെ പ്രകടനം ആരാധകരെ നിരാശപ്പെടുത്തുന്നതാണ്. എന്നാല്‍ അവസാന മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി മുംബൈ വിജയ ട്രാക്കിലേക്ക് തിരിച്ചു കയറിയിട്ടുണ്ട്. ഇനിയുള്ള എല്ലാ മത്സരവും ജയിച്ച് പ്ലേ ഓഫ് ടിക്കറ്റ് എടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ആറ് വിക്കറ്റിനായിരുന്നു മുംബൈ പഞ്ചാബിനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന് നിശ്ചിത ഓവറില്‍ 135 റണ്‍സ് മാത്രമാണ് എടുക്കാനായത്. ക്വിന്റണ്‍ ഡി കോക്കിന്റേയും സൗരഭ് തിവാരിയുടേയും മികച്ച പ്രകടനങ്ങളിലൂടെയാണ് മുംബൈ വിജയം സ്വന്തമാക്കിയത്. അവസാന ഓവറുകളില്‍ ഹാര്‍ദിക് പാണ്ഡ്യ മുംബൈയ്ക്കായി കത്തിക്കയറിയിരുന്നു. 30 പന്തുകളില്‍ നിന്നും 40 റണ്‍സാണ് പാണ്ഡ്യ നേടിയത്. പാണ്ഡ്യയുടെ മോശം ഫോമും അസാന്നിധ്യവുമൊക്കെ വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. താരത്തെ ലോകകപ്പ് ടീമില്‍ എടുത്തത് പോലും ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് പാണ്ഡ്യ ശക്തമായ തിരിച്ചുവരവ് നടത്തുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications