IPL 2021: റസലിനെ പുറത്താക്കിയ സാം കറന്റെ സര്‍പ്രൈസ് പന്ത്; പിന്നില്‍ ധോണിയുടെ ബുദ്ധിയോ? താരം പറയുന്നു
ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ പൊരുതി വീഴുകയായിരുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. പരാജയം ഉറപ്പിച്ചിടത്തു നിന്നും കൊല്‍ക്കത്തയെ തിരികെ കൊണ്ടു വന്നത് മധ്യനിരയുടെ തിരിച്ചുവരവായിരുന്നു. ദിനേശ് കാര്‍ത്തിക്കിനൊപ്പം ചേര്‍ന്ന് കൂറ്റനടികളിലൂടെ ആന്ദ്ര റസലാണ് കൊല്‍ക്കത്തയ്ക്ക് പ്രതീക്ഷ നല്‍കിയത്.
എന്നാല്‍ സാം കറന്റെ അപ്രതീക്ഷിത പന്തില്‍ റസല്‍ പുറത്താവുകയായിരുന്നു. എല്ലാവരേയും ഞെട്ടിച്ചു കൊണ്ടായിരുന്നു കറന്‍ റസലിന്റെ ലെഗ് സൈഡില്‍ പന്തെറിയുന്നത്. ഈ സമയം റസലിനായി ഫീല്‍ഡ് ഒരുക്കിയത് ഓഫിലായിരുന്നു. റസല്‍ പുറത്തായതിന് ശേഷം വന്ന പാറ്റ് കമ്മിന്‍സ് റസല്‍ നിര്‍ത്തിയിടത്തു നിന്നും തുടര്‍ന്നുവെങ്കിലും ടീമിനെ ജയത്തിലെത്തിക്കാന്‍ സാധിച്ചില്ല.

12-ാം ഓവറിന്റെ രണ്ടാം പന്തിലായിരുന്നു സാം കറന്‍ റസലിനെ പുറത്താക്കുന്നത്. കളിയുടെ ഗതി തന്നെ മാറ്റിയതായിരുന്നു റസലിന്റെ വിക്കറ്റ്. അതേസമയം റസലിന്റെ പുറത്താകലിന് പിന്നിലെ ബുദ്ധി സാക്ഷാല്‍ എംഎസ് ധോണിയുടേത് തന്നെയായിരുന്നുവോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. റസലിനെ പറ്റിക്കാനായി പാഡിലേക്ക് പന്തെറിയാനുള്ള ബുദ്ധി കറന് ഉപദേശിച്ചത് ധോണിയായിരുന്നോ. ധോണിയുടെ ബുദ്ധിയും അനുഭവ സമ്പത്തും കണക്കിലെടുത്താല്‍ സംശയിക്കുന്നതില്‍ തെറ്റില്ല.

മത്സര ശേഷം പ്രസന്റേഷനില്‍ ഇതേക്കുറിച്ച് ധോണിയോട് ചോദിച്ചിരുന്നു. രസകരമായൊരു ഉത്തരമായിരുന്നു ഇതിന് ധോണി നല്‍കിയത്. ഇപ്പോള്‍ അത് പ്ലാന്‍ ചെയ്തതാണെന്ന് പറയാന്‍ എളുപ്പമാണെങ്കിലും സത്യം അതല്ലെന്നായിരുന്നു ധോണി പറഞ്ഞത്. ധോണിയുടെ വാക്കുകളിലേക്ക്.

അല്ല. അതാണ് അതിന്റെ സൗന്ദര്യം. ജയിച്ച ശേഷം അത് പ്ലാന്‍ ചെയ്തതാണെന്ന് പറയാന്‍ പറ്റും. കാരണം ഞങ്ങള്‍ ഓഫ് സ്റ്റമ്പിന് പുറത്ത് കുറേ പന്തുകള്‍ എറിഞ്ഞ ശേഷം ഒരെണ്ണം ലെഗില്‍ എറിയുകയായിരുന്നു. പക്ഷെ അല്ല, അത് പ്ലാന്‍ ചെയ്തതല്ല. എന്നായിരുന്നു ധോണിയുടെ മറുപടി. 31-5 എന്ന ദയനീയമായ നിലയിലായിരുന്നു റസല്‍ ക്രീസിലെത്തുമ്പോള്‍ കൊല്‍ക്കത്ത. 22 പന്തുകളില്‍ നിന്നും 54 റണ്‍സാണ് റസല്‍ അടിച്ചെടുത്തത്. ഇതില്‍ ആറ് സിക്‌സുമള്‍പ്പെടും.

റസല്‍ പുറത്തായ ശേഷം വന്ന പാറ്റ് കമ്മിന്‍സും കൊല്‍ക്കത്തയ്ക്കായി കൂറ്റനടികള്‍ നടത്തി. 34 പന്തുകളില്‍ നിന്നും 66 റണ്‍സാണ് കമ്മിന്‍സ് അടിച്ചെടുത്തത്. 221 റണ്‍സെന്ന വിലയ വിജയ ലക്ഷ്യം പി്ന്തുടര്‍ന്ന കൊല്‍ക്കത്ത തുടക്കത്തില്‍ അഞ്ച് വിക്കറ്റുകള്‍ വേഗം നഷ്ടപ്പെടുത്തിയെങ്കിലും പുറത്താകുമ്പോഴേക്കും 202 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തിരുന്നു. 40 റണ്‍സുമായി ദിനേശ് കാര്‍ത്തിക്കും മികച്ച പ്രകടനമാണ് മധ്യനിരയില്‍ കാഴ്ച വച്ചത്.

കൊല്‍ക്കത്തയ്‌ക്കെതിരായ ജയത്തോടെ ചെന്നൈ പോയന്റ് പട്ടികയില്‍ ഒന്നാമത് എത്തിയിരുന്നു. എന്നാല്‍ രാജസ്ഥാനെതിരായ മത്സരവും ജയിച്ചതോടെ ബാംഗ്ലൂര്‍ ഒന്നാം സ്ഥാനത്ത് തിരികെയെത്തുകയായിരുന്നു. മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ സെഞ്ചുറിയുടെ കരുത്തില്‍ പത്ത് വിക്കറ്റിനായിരുന്നു ബാംഗ്ലൂരിന്റെ വിജയം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications