IPL 2021: 'ടി20 ലോകകപ്പിലെ ഇന്ത്യയുടെ എക്‌സ് ഫാക്ടറാണവന്‍', വരുണിനെ പ്രശംസിച്ച് ഇര്‍ഫാന്‍ പഠാന്‍
അബുദാബി: ആര്‍സിബിക്കെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരിക്കുകയാണ് കെകെആര്‍. 60 പന്തുകള്‍ ബാക്കി നിര്‍ത്തി ഒമ്പത് വിക്കറ്റിനാണ് കെകെആര്‍ വിജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 92 റണ്‍സിനാണ് കൂടാരം കയറിയത്. വിരാട് കോലി, ദേവ്ദത്ത് പടിക്കല്‍, എബി ഡിവില്ലിയേഴ്‌സ്, ഗ്ലെന്‍ മാക്‌സ് വെല്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്ന ആര്‍സിബി നിരയെ മികച്ച ബൗളിങ് പ്രകടനത്തോടെ കെകെആര്‍ പിടിച്ചുകെട്ടുകയായിരുന്നു.
അതില്‍ ഏറ്റവും ശ്രദ്ധേയ പ്രകടനം നടത്തിയത് വരുണ്‍ ചക്രവര്‍ത്തിയാണ്. നാല് ഓവറില്‍ 13 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റാണ് വരുണ്‍ നേടിയത്. 3.25 ഇക്കോണമിയിലായിരുന്നു വരുണിന്റെ പ്രകടനം. ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലും ഇടം പിടിച്ചിട്ടുള്ള താരമാണ് വരുണ്‍ ചക്രവര്‍ത്തി. യുഎഇയിലെ പിച്ചില്‍ തിളങ്ങാന്‍ കെല്‍പ്പുള്ള ബൗളിങ് ശൈലിയാണ് വരുണിന്റേത്. അതിനാല്‍ത്തന്നെ ലോകകപ്പിലുള്ള ഇന്ത്യയുടെ പ്ലേയിങ് 11ലും വരുണ്‍ ഇടം പിടിച്ചേക്കും.

ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍ വരുണിന്റെ പ്രകടനത്തെ വാനോളം പ്രശംസിച്ചിരിക്കുകയാണ്. വരാനിരിക്കുന്ന ടി20 ലോകകപ്പിലെ ഇന്ത്യയുടെ എക്‌സ് ഫാക്ടറാണ് വരുണെന്നാണ് ഇര്‍ഫാന്‍ പഠാന്‍ അഭിപ്രായപ്പെട്ടത്. 'ഇന്ത്യന്‍ നിരയിലെ വലിയ എക്‌സ് ഫാക്ടറാണവന്‍.അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിപ്പിച്ചില്ലെങ്കിലും ഐപിഎല്ലില്‍ അവന്‍ കളിക്കുന്നുണ്ട്. എന്നാല്‍ ഐപിഎല്ലിലെ സാഹചര്യം അല്‍പ്പം വ്യത്യസ്തമാണ്. ഐപിഎല്ലിന് ശേഷം നടക്കുന്ന ടി20 ലോകകപ്പില്‍ അവനെ കളിപ്പിച്ചാല്‍ കാര്യങ്ങള്‍ വ്യത്യസ്തമായിരിക്കും. ലോകകപ്പിലെ സമ്മര്‍ദ്ദം വ്യത്യാസമുള്ളതാണെങ്കിലും അവന് മികവ് തുടരാനായേക്കും.

2011ലെ ഏകദിന ലോകകപ്പ് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ. സഹീര്‍ ഖാന്‍ നക്കിള്‍ ബോളുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയത് ലോകകപ്പിലായിരുന്നു. അതിന് മുമ്പ് അത്തരം പന്തുകള്‍ ചെയ്തിട്ടില്ല. അതിനാല്‍ത്തന്നെ അത്ഭുതപ്പെടുത്തുന്ന പന്തായിരുന്നു അത്. പുതിയൊരു ബൗളറെയോ ശൈലിയേയോ കൊണ്ടുവരാന്‍ സാധിച്ചാല്‍ അത് ടീമിന് ഗുണകരമായി മാറും. വരുണ്‍ ചക്രവര്‍ത്തിയെ കളിപ്പിച്ചാല്‍ അത് ഇന്ത്യക്ക് ഗുണകരമായി മാറിയേക്കും'-ഇര്‍ഫാന്‍ പറഞ്ഞു.
ഒരേ ശൈലിയില്‍ പന്തെറിയുന്ന താരമല്ല വരുണ്‍. പന്തില്‍ നല്ല വ്യത്യാസം വരുത്തുന്നു. ക്യാരം ബോളും ലെഗ് ബ്രേക്കും ഗൂഗ്ലിയുമെല്ലാം നന്നായി കൈകാര്യം ചെയ്യാന്‍ വരുണിന് മികവുണ്ട്. അതിനാല്‍ത്തന്നെ യുഎഇയിലെ പിച്ചില്‍ അദ്ദേഹത്തിന് തിളങ്ങാനുമാവുന്നു. 2020ലെ യുഎഇ ഐപിഎല്ലിലും മികച്ച പ്രകടനം വരുണിന് കാഴ്ചവെക്കാനായിരുന്നു. ബാറ്റ്‌സ്മാനെ കുഴപ്പിക്കുന്ന ബൗളിങ് ലെങ്താണ് വരുണിന്റേത്. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ വരുണിന്റെ മികവ് ഇന്ത്യക്ക് ഗുണം ചെയ്യുമെന്നുറപ്പാണ്.

വരുണ്‍ ചക്രവര്‍ത്തി ഇന്ത്യയുടെ നിര്‍ണ്ണായക ബൗളറാണെന്ന് ആര്‍സിബി നായകന്‍ വിരാട് കോലിയും മത്സര ശേഷം പറഞ്ഞിരുന്നു. ടി20 ലോകകപ്പില്‍ ഇന്ത്യ അഞ്ച് സ്പിന്നര്‍മാരെയാണ് ടീമിലേക്ക് പരിഗണിച്ചത്. ഇതില്‍ നാല് വര്‍ഷത്തിന് ശേഷം തിരിച്ചെത്തിയ ആര്‍ അശ്വിനും ഉള്‍പ്പെടും. രവീന്ദ്ര ജഡേജക്കൊപ്പം പ്ലേയിങ് 11ല്‍ സ്പിന്നറായി വരുണിനെയും പരിഗണിക്കാനാണ് സാധ്യത കൂടുതല്‍.
യുഎഇയിലെ പിച്ചിന്റെ സാഹചര്യം വരുണിന്റെ ബൗളിങ്ങിന് അനുകൂലമാണെന്ന് ആകാശ് ചോപ്രയും അഭിപ്രായപ്പെട്ടു. 'നിലവിലെ യുഎഇയിലെ പിച്ചിന്റെ സാഹചര്യം അവന് അനുകൂലമാണ്. കാരണം പിച്ചില്‍ കുത്തിയ ശേഷം പന്ത് തെന്നി മാറുന്നു. അതിനാല്‍ ബാറ്റ്‌സ്മാനിലേക്ക് വേഗത്തില്‍ പന്തെത്തുന്നു. കൈയുടെ ചലനം മനസിലാക്കാന്‍ സാധിക്കാത്ത പക്ഷം കളിക്കുക പ്രയാസമാവും. ഇതിന് മുമ്പും യുഎഇയില്‍ അവന്‍ മികച്ച പ്രകടനമാണ് നടത്തിയത്.ഇന്ത്യയുടെ സാഹചര്യത്തില്‍ നേരിടാന്‍ എളുപ്പമുള്ള ബൗളറാണ് വരുണ്‍. എന്നാല്‍ യുഎഇയിലെ സാഹചര്യത്തില്‍ അങ്ങനെയല്ല'- ആകാശ് ചോപ്ര പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications