ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിലെ ആര്‍സിബിയുടെ വിജയക്കുതിപ്പിന് അവസാനമിട്ടിരിക്കുകയാണ് സിഎസ്‌കെ. തുടര്‍ച്ചയായി നാല് മത്സരം ജയിച്ചുവന്ന ശേഷമാണ് ധോണിയോടും സംഘത്തോടും ആര്‍സിബി തോല്‍ക്കുന്നത്. രവീന്ദ്ര ജഡേജയെന്ന ഓള്‍റൗണ്ടര്‍ കളം നിറഞ്ഞാടിയ മത്സരത്തില്‍ തോല്‍വി വഴങ്ങാതെ ആര്‍സിബിക്ക് മറ്റ് വഴികളില്ലായിരുന്നു. അവസാന ഓവറില്‍ നോബോളടക്കം 37 റണ്‍സ് അടിച്ചെടുത്ത ജഡേജ പുറത്താവാതെ 28 പന്തില്‍ 62 റണ്‍സാണ് നേടിയത്. കൂടാതെ നാല് ഓവറില്‍ ഒരു മെയ്ഡനടക്കം 13 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും വീഴ്ത്തി.
ഓള്‍റൗണ്ട് പ്രകടനത്തോടെ 69 റണ്‍സ് ജയം സിഎസ്‌കെയ്ക്ക് സമ്മാനിച്ച ജഡേജയെ തേടി അഭിനന്ദന പ്രവാഹമായിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ നിരവധി ആരാധകരാണ് ജഡേജയുടെ പ്രകടനത്തെ ആഘോഷമാക്കിയത്. ഇപ്പോഴിതാ ഇന്ത്യന്‍ ടീം മുഖ്യ പരിശീലകന്‍ രവീ ശാസ്ത്രിതന്നെ ജഡേജയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ജഡേജയുടെ ചെല്ലപ്പേര് വെളുപ്പെടുത്തിയാണ് അദ്ദേഹം അഭിനന്ദനം അറിയിച്ചിരിക്കുന്നത്.

'ഗാരി ജഡേജ' എന്നാണ് ഇന്ത്യന്‍ പരിശീലകന്‍ രവീന്ദ്ര ജഡേജയെ വിശേഷിപ്പിച്ചത്. ഇന്ത്യയുടെ ഗാരി സോബേഴ്‌സ് എന്നാണ് ഈ വിശേഷണത്തിന് അര്‍ഥം. ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടറെന്ന് വിശേഷിപ്പിക്കപ്പെടുന്ന സര്‍ ഗാരി സോബേഴ്‌സിനെപ്പോലെയാണ് ജഡേജയെന്നാണ് രവി ശാസ്ത്രി പറയുന്നത്. ഒറ്റക്ക് മത്സരഗതിയെ മാറ്റി മറിച്ച ജഡേജയുടെ പ്രകടനത്തിന് ഈ പേര് അനുയോജ്യമാണ്.
നിലവിലെ പര്‍പ്പിള്‍ ക്യാപ് ഉടമയായ ഹര്‍ഷല്‍ പട്ടേലിനെ നാണംകെടുത്തുന്ന പ്രകടനമാണ് ജഡേജ കാഴ്ചവെച്ചത്. കഴിഞ്ഞ കളിയിലെല്ലാം ഡെത്ത് ഓവറില്‍ മികവ് കാട്ടിയ ഹര്‍ഷലിന്റെ എല്ലാ ആത്മവിശ്വാസവും തകര്‍ത്തു കളയുന്ന ബാറ്റിങ്ങായിരുന്നു ജഡേജയുടേത്. കൂടാതെ ഡാനിയല്‍ ക്രിസ്റ്റിയനെ റണ്ണൗട്ടാക്കുകയും ചെയ്ത ജഡേജ എബി ഡിവില്ലിയേഴ്‌സ്,ഗ്ലെന്‍ മാക്‌സ് വെല്‍ എന്നീ ആര്‍സിബിയുടെ കുന്തമുനകളെ ക്ലീന്‍ബൗള്‍ഡാക്കുകയും ചെയ്തു.
മത്സരശേഷം സിഎസ്‌കെയോടല്ല രവീന്ദ്ര ജഡേജയോടാണ് ഞങ്ങള്‍ തോറ്റതെന്നാണ് കോലി അഭിപ്രായപ്പെട്ടത്. 170നുള്ളില്‍ ഒതുങ്ങേണ്ട സ്‌കോറാണ് ജഡേജ 191 എന്ന നിലയിലേക്ക് എത്തിച്ചത്. ഈ വര്‍ഷം ഇന്ത്യയില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കെ ജഡേജയുടെ ഓള്‍റൗണ്ട് മികവ് രാജ്യത്തിന് വളരെ പ്രതീക്ഷ നല്‍കുന്നതാണ്. പരിക്കിന്റെ ഇടവേളയ്ക്ക് ശേഷം ഐപിഎല്ലിലൂടെയാണ് ജഡേജ തിരിച്ചെത്തിയത്. ജഡേജയുടെ പ്രകടനം വരും മത്സരങ്ങളിലും സിഎസ്‌കെയ്ക്ക് കരുത്താകും.