IPL 2021: ഞാനാണ് കാരണം, ഞാനാണ് ഉത്തരവാദി; തോല്‍വിയ്ക്ക് പിന്നാലെ ഏറ്റു പറഞ്ഞ് വാര്‍ണര്‍
ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ അമ്പേ പരാജയപ്പെടുകയായിരുന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. തന്റെ ഫോമിന്റെ നിഴല്‍ മാത്രമായി മാറിയ നായകന്‍ ഡേവിഡ് വാര്‍ണറുടെ ഒച്ചിഴയും ബാറ്റിംഗിനെയാണ് പരാജയത്തില്‍ ആരാധകര്‍ വിമര്‍ശിക്കുന്നത്. മികച്ചൊരു ടോട്ടല്‍ പടുത്തുയര്‍ത്താന്‍ വാര്‍ണറിനും സംഘത്തിനും സാധിച്ചിരുന്നില്ല.
തന്റെ പ്രകടനത്തില്‍ വാര്‍ണര്‍ പോലും തൃപ്തനല്ല. ഇതോടെ കളിച്ച ആറ് കളികളില്‍ അഞ്ചിലും ഹൈദരാബാദ് പരാജയപ്പെട്ടിരിക്കുകയാണ്. ഏഴ് വിക്കറ്റിനായിരുന്നു ചെന്നൈ ഹൈദരാബാദിനെ പരാജയപ്പെടുത്തിയത്. ഓപ്പണറായ വാര്‍ണര്‍ സെറ്റാകാന്‍ കൂടുതല്‍ പന്തുകള്‍ എടുത്തതാണ് ടീമിനെ പ്രതികൂലമായി ബാധിച്ചത്. മത്സരം പരാജയപ്പെട്ടതോടെ തന്റെ പ്രകടനത്തെ കുറിച്ചുള്ള നിരാശ വാര്‍ണര്‍ തന്നെ വെളിപ്പെടുത്തി.

''ഞാന്‍ ബാറ്റ് ചെയ്ത രീതിയുടെ മുഴുവന്‍ ഉത്തരവാദിത്തവും ഞാന്‍ ഏറ്റെടുക്കുന്നു. ഭയങ്കര സ്ലോ ആയിരുന്നു. ഞാന്‍ അടിക്കുന്നതെല്ലാം ഫില്‍ഡര്‍മാര്‍ തടയുകയായിരുന്നു. അതെന്നെ അസ്വസ്ഥനാക്കി. ബാറ്റിംഗ് പോയന്റ് ഓഫ് വ്യൂവില്‍ എല്ലാ ഉത്തരവാദിത്തവും ഞാന്‍ ഏറ്റെടുക്കുന്നു. എന്നാണ് വാര്‍ണര്‍ പറഞ്ഞത്. അര്‍ധ സെഞ്ചുറി നേടാന്‍ സാധിച്ചെങ്കിലും കളിയിലുടനീളം ടൈമിംഗ് കണ്ടെത്താന്‍ വാര്‍ണര്‍ക്ക് സാധിച്ചിരുന്നില്ല''.

57 പന്തുകളില്‍ നിന്നും 55 റണ്‍സെടുത്ത വാര്‍ണര്‍ 18 ഓവറും ക്രീസിലുണ്ടായിരുന്നു. എന്നാല്‍ തന്റെ ടീമിനായി നല്ലൊരു സ്‌കോര്‍ നേടാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. അതേസമയം ഫോമില്ലാതിരുന്ന മനീഷ് പാണ്ഡെയുടെ പ്രകടനം ടീമിന് കരുത്തായി മാറി. പാണ്ഡെ 46 പന്തുകളില്‍ 61 റണ്‍സ് നേടി. അവസാന ഓവറുകളില്‍ കെയ്ന്‍ വില്യംസണും ആഞ്ഞടിച്ചു. 10 പന്തുകളില്‍ നിന്നും 26 റണ്‍സാണ് വില്യംസണ്‍ നേടിയത്.

എനിക്ക് തോന്നുന്നത്, മനീഷ് തിരികെ വന്നതും അവന്‍ ബാറ്റ് ചെയ്തതുമെല്ലാം പകരംവെക്കാനില്ലാത്തതായിരുന്നു. അവസാന നിമിഷങ്ങളില്‍ ബൗണ്ടറി നേടിയ കെയ്‌നും കേദാറുമാണ് ഞങ്ങള്‍ക്ക് ഭേദപ്പെട്ട ടോട്ടല്‍ നല്‍കിയത്. ഞങ്ങള്‍ വേണ്ടത്ര റണ്‍സ് നേടിയിരുന്നില്ലെന്ന് തോന്നി. പക്ഷെ എല്ലാ ഉത്തരവാദിത്തവും ഞാന്‍ ഏറ്റെടുക്കുന്നു എന്നും വാര്‍ണര്‍ പറഞ്ഞു.

''ഞാന്‍ 15 ഷോട്ടെങ്കിലും ഫീല്‍ഡര്‍മാരുടെ കൈയ്യിലേക്ക് അടിച്ചിട്ടുണ്ട്. അതില്‍ എനിക്കൊന്നും ചെയ്യാനില്ലായിരുന്നു. അവരാണ് നിങ്ങളുടെ കളിയെ നന്നാക്കുന്നതും തകര്‍ക്കുന്നതും. ആദ്യത്തെ സിക്‌സിന് മുമ്പ് നാലോ അഞ്ചോ തവണ ഫീല്‍ഡറിലെത്തി. ഇതൊക്കെ ഒരു ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ അസ്വസ്ഥതയുണ്ടാക്കും. ഞാന്‍ കൂടുതല്‍ പന്തുകള്‍ എടുത്തുവെന്നതാണ് വസ്തുത എന്നും വാര്‍ണര്‍ വ്യക്തമാക്കി''.

ഫോമില്ലാതിരുന്ന മനീഷ് പാണ്ഡെ തിരികെ വന്നതും ഏത് പിച്ചിലും ടീമിനായി മികച്ച പ്രകടനം കാഴ്ചവെക്കുന്ന കെയ്ന്‍ വില്യംസണുമാണ് ഹൈദരാബാദിന്റെ പ്രതീക്ഷ. ഇനിയുള്ള മത്സരങ്ങളില്‍ വാര്‍ണര്‍ ഫോമിലേക്ക് മടങ്ങിയെത്തുമെന്നും കളി തങ്ങള്‍ക്ക് അനുകൂലമായി മാറുമെന്ന പ്രതീക്ഷയിലുമാണ് ഹൈദരാബാദ് ആരാധകര്‍. നിലവില്‍ കളിച്ച ആറില്‍ അഞ്ച് കളികളും പരാജയപ്പെട്ട ഹൈദരാബാദ് പോയന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. ഇനിയുള്ള എല്ലാ കളികളും ടീമിന് നിര്‍ണായകമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications