എല്ലാം നേടി, ഇനി ധോണി തിരിച്ചുവരുമെന്ന് തോന്നുന്നില്ല; പകരക്കാരെ നിര്‍ദ്ദേശിച്ച് ഇതിഹാസ താരം

തന്റെ പ്രായത്തേയും ഫോമില്ലായ്‌മേയുമെല്ലാം പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തവര്‍ക്കുമെല്ലാം വായടപ്പിക്കുന്ന മറുപടിയാണ് എംഎസ് ധോണി, എന്ന ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തേയും മഹാനായ നായകന്മാരില്‍ ഒരാള്‍ കഴിഞ്ഞ ദിവസം നല്‍കിയത്. കഴിഞ്ഞ സീസണില്‍ പ്ലേ ഓഫ് യോഗ്യത പോലുമില്ലാതെ പുറത്തായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ഈ സീസണിലെ വിജയികളാക്കി മാറ്റിയിരിക്കുകയാണ് ധോണി. കൊല്‍ക്കത്തയ്‌ക്കെതിരെ സമ്പൂര്‍ണമായ വിജയം കൈവരിച്ചാണ് ധോണിയും സംഘവും നാലാമത്തെ ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടത്.

താരമെന്ന നിലയിലും നായകന്‍ എന്ന നിലയിലും നേടാന്‍ സാധിക്കുന്നതെല്ലാം നേടിക്കഴിഞ്ഞിരിക്കുകയാണ് എംഎസ് ധോണി. രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ധോണി പക്ഷെ ഐപിഎല്ലില്‍ കളി തുടരുകയായിരുന്നു. ഈ സീസണില്‍ ചാമ്പ്യന്മാരായതോടെ അടുത്ത സീസണില്‍ ധോണി ഉണ്ടാകുമോ എന്ന ചോദ്യം ആരാധകരുടെ മനസിലുണ്ട്. എന്നാല്‍ ഇതേക്കുറിച്ച് വ്യക്തമായൊരു ഉത്തരം ധോണി ഇതുവരേയും നല്‍കിയിട്ടില്ല. അതുകൊണ്ട് തന്നെ അടുത്ത സീസണിലും ധോണിയുണ്ടാകും എന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഇപ്പോഴിതാ ധോണിയെക്കുറിച്ചുള്ള ദക്ഷിണാഫ്രിക്കന്‍ ഇതിഹാസവും കമന്റേറ്ററുമായ ഷോണ്‍ പൊള്ളോക്കിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. നേടാനുള്ളതെല്ലാം ധോണി നേടിക്കഴിഞ്ഞുവെന്നും ഇനിയൊരു സീസണിലേക്ക് കൂടി ധോണി മടങ്ങിവരുമെന്ന് തനക്ക് തോന്നുന്നില്ലെന്നുമാണ് പൊള്ളോക്ക് പറഞ്ഞത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം വിശദമായി.

''ഇനിയെന്താണ് തെളിയാക്കാനുള്ളത്? തന്റെ നാല്‍പ്പതുകളില്‍ കളിക്കുക, അദ്ദേഹത്തിന്റെ പക്കലുള്ള അത്രയും ട്രോഫികള്‍ നേടുക, കഴിഞ്ഞ വര്‍ഷം കളിച്ചത് പോലൊരു അവസ്ഥയില്‍ നിന്നും തിരിച്ചു വരിക. കഴിഞ്ഞ വര്‍ഷത്തെ കളി വച്ച് നോക്കുകയാണെങ്കില്‍ ഇക്കൊല്ലം അദ്ദേഹം കളിക്കാതിരുന്നുവെങ്കില്‍ വലിയ സങ്കടമായേനെ. ചിലപ്പോഴൊക്കെ എല്ലാം കൃത്യമായി ഒത്തുവരുമ്പോള്‍ ഇതാണ് ശരിയായ സമയമെന്ന് തോന്നും. ഞാന്‍ വിരമിക്കുകയാണ്, ഇതാണ് എന്റെ ജയം എന്ന് അദ്ദേഹം വന്ന് പറയുമെന്ന് എനിക്ക് തോന്നുന്നില്ല. ഒന്നോ രണ്ടോ ആഴ്ചകള്‍ക്കുള്ളില്‍ തന്നെ അദ്ദേഹം നിര്‍ത്തുമായിരിക്കും. പക്ഷെ അദ്ദേഹം തിരികെ വന്നാല്‍ ഞാന്‍ ശരിയ്ക്കും ഞെട്ടും'' എ്ന്നായിരുന്നു പൊള്ളോക്ക് പറഞ്ഞത്.

അതേസമയം അടുത്ത സീസണില്‍ ധോണിയെ ചെന്നൈ തങ്ങളുടെ ഉപദേഷ്ടാവായി നിലനിര്‍ത്തുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും പൊള്ളോക്ക് പറഞ്ഞു. ഓപ്പണര്‍മാരായ റുതുരാജ് ഗെയ്്ക്വാദ്, ഫാഫ് ഡുപ്ലെസിസ്, ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവരെയാണ് അടുത്ത സീസണില്‍ ചെന്നൈ നിലനിര്‍ത്തേണ്ടത് എന്നാണ് പൊള്ളോക്ക് പറയുന്നത്. മുന്‍ ഇന്ത്യന്‍ അജയ് ജഡേജയും തന്റെ അഭിപ്രായം പങ്കുവച്ച് കൊണ്ട് എത്തി.

''ഐപിഎല്ലിന്റെ ചരിത്രം എഴുതുമ്പോള്‍ അത് ആരംഭിക്കുക ധോണിയിലായിരിക്കും. 14 വര്‍ഷത്തിനിടെ ഐപിഎല്ലില്‍ സംഭവിച്ചതിലെല്ലാം പ്രധാന വ്യക്തിത്വം ധോണിയാണ്. അദ്ദേഹമാണ് നായകന്‍, മറ്റുള്ളവരെല്ലാം അദ്ദേഹത്തെ പിന്തുടരുക മാത്രമാണ് ചെയ്തിട്ടുള്ളത്. അതുകൊണ്ടാണ് അദ്ദേഹം എക്കാലത്തേയും മാഹനായ നായകനാകുന്നത്'' എന്നാണ് ജഡേജ പറഞ്ഞത്. ഐപിഎല്‍ ഡ്യൂട്ടി കഴിഞ്ഞതും ധോണി ഇന്ത്യയുടെ ലോകകപ്പ് ടീമിനൊപ്പം ചേരാന്‍ ഒരുങ്ങുകയാണ് ധോണി. ഇന്ത്യയുടെ ഉപദേഷ്ടാവായാണ് കോലിയ്ക്കും സംഘത്തിനുമൊപ്പം ധോണി ചേരുന്നത്.

ഇന്ത്യയുടെ ഉപദേഷ്ടാവായി ധോണി എത്തുന്നതില്‍ അതീവ സന്തുഷ്ടനാണ് നായകന്‍ വിരാട് കോലി. തിരിച്ചുവരുന്നതില്‍ എംഎസ് ആവേശഭരിതനാണ്. അദ്ദേഹം എന്നും ഞങ്ങള്‍ക്കൊരു വഴികാട്ടിയായിരുന്നു. വീണ്ടും അത് ചെയ്യാനുള്ള അവസരമാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. തങ്ങളുടെ കരിയറിന്റെ തുടക്കത്തില്‍ തന്നെ വലിയൊരു ടൂര്‍ണമെന്റ് കളിക്കുന്ന യുവതാരങ്ങള്‍ ഉണ്ട് നമ്മുടെ ടീമില്‍'' എന്നായിരുന്നു കോലി പറഞ്ഞത്. ട്വന്റി-20 ലോകകപ്പോടെ കോലി ഇന്ത്യയുടെ നായകസ്ഥാനത്തു നിന്നും പിന്മാറുകയാണ്. ഏകദിനത്തിലും ടെസ്റ്റിലും മാത്രമേ കോലി ഇന്ത്യയെ ലോകകപ്പിന് ശേഷം നയിക്കുക.

ഇത്രയും കാലം കൊണ്ട് അദ്ദേഹം നേടിയെടുത്ത അനുഭവസമ്പത്താണ് ഞങ്ങള്‍ക്ക് വേണ്ടത്. തന്ത്രപരമായ നിര്‍ദ്ദേശങ്ങളും മത്സരത്തിന്റെ ദിശ എങ്ങോട്ടാണ് പോകുന്നതെന്നും ചെറിയ കാര്യങ്ങളില്‍ പോലും വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുമെല്ലാം അദ്ദേഹവുമായി നിരന്തരം സംസാരിക്കാന്‍ സാധിക്കുമെന്നാണ് കോലി പറയുന്നു. അദ്ദേഹത്തിന്റെ തിരിച്ചുവരവില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. ടീമിന്റെ ആത്മവിശ്വാസത്തെ ഉയര്‍ത്തുന്നതാണ് അദ്ദേഹത്തിന്റെ സാന്നിധ്യം എന്നും കോലി ലോകകപ്പിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തില്‍ പറഞ്ഞു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Read more about: IPL 2021 ms dhoni
Story first published: Sunday, October 17, 2021, 11:43 [IST]
Other articles published on Oct 17, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X