IPL 2021: 'മഗ്രാത്ത് മുതല്‍ ഗംഭീര്‍ വരെ' ഡല്‍ഹിയിലൂടെ വിരമിക്കല്‍ പ്രഖ്യാപിച്ച അഞ്ച് ഇതിഹാസങ്ങളിതാ
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇതുവരെ കിരീടം നേടിയിട്ടില്ലെങ്കിലും ഒരുപാട് ഇതിഹാസ താരങ്ങള്‍ കളിച്ചിട്ടുള്ള ടീമാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. ആദ്യ സീസണുകളില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് എന്ന് പേരിട്ടിരുന്ന ടീമില്‍ വീരേന്ദര്‍ സെവാഗ്, എബി ഡിവില്ലിയേഴ്‌സ്, തിലകരത്‌നെ ദില്‍ഷന്‍, ഗൗതം ഗംഭീര്‍, ഗ്ലെന്‍ മഗ്രാത്ത് ഇങ്ങനെ നീളുന്ന വലിയൊരു താരനിര തന്നെ ഡല്‍ഹി ടീമിന്റെ ഭാഗമായിട്ടുണ്ട്.
നിലവില്‍ ഐപിഎല്ലിലെ ഏറ്റവും ശക്തമായ ടീമുകളിലൊന്നാണ് ഡല്‍ഹി. 2020 സീസണില്‍ ഫൈനല്‍ കളിച്ച ഡല്‍ഹി 2021 സീസണിന്റെ ആദ്യ പാദത്തില്‍ പോയിന്റ് പട്ടികയില്‍ തലപ്പത്താണ്. പല പ്രമുഖ താരങ്ങളും കളിച്ചിട്ടുള്ള ഡല്‍ഹിയൂടെ വിരമിക്കല്‍ പ്രഖ്യാപിച്ച് ക്രിക്കറ്റ് ജീവിതം അവസാനിപ്പിച്ച അഞ്ച് ഇതിഹാസ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ഗൗതം ഗംഭീര്‍
ഐപിഎല്ലിലെ മികച്ച നായകന്മാരിലൊരാളാണ് ഗൗതം ഗംഭീര്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ രണ്ട് തവണ കിരീടത്തിലേക്കെത്തിയ ഗംഭീര്‍ ഐപിഎല്ലിന്റെ തുടക്ക സമയത്ത് ഡല്‍ഹി താരമായിരുന്നു. പിന്നീട് 2011ല്‍ കൊല്‍ക്കത്തയിലെത്തിയ ഗംഭീര്‍ ഡല്‍ഹിയിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2018ല്‍ കൊല്‍ക്കത്ത വിട്ട് ഡല്‍ഹിയില്‍ തിരിച്ചെത്തിയ അദ്ദേഹത്തിന് പ്രതീക്ഷക്കൊത്ത് ഉയരാനായില്ല. ആറ് മത്സരത്തില്‍ നിന്ന് 85 റണ്‍സ് മാത്രമാണ് നേടിയത്. സ്‌ട്രൈക്കറേറ്റ് 100ല്‍ താഴെയും. ഇതോടെ പാതിവഴിയില്‍ നായകസ്ഥാനം ശ്രേയസ് അയ്യറിന് കൈമാറിയാണ് ഗംഭീര്‍ വിരമിച്ചത്.

മഹേല ജയവര്‍ധന
മുന്‍ ശ്രീലങ്കന്‍ നായകനും ഇതിഹാസ താരവുമാണ് മഹേല ജയവര്‍ധന. വിരമിച്ച ശേഷം പരിശീലക റോളിലേക്ക് തിരിഞ്ഞ അദ്ദേഹം നിലവില്‍ മുംബൈ ഇന്ത്യന്‍സിന്റെ പരിശീലകനാണ്. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സ്,കൊച്ചി ടസ്‌കേഴ്‌സ് കേരള ടീമുകള്‍ക്കുവേണ്ടി കളിച്ചിട്ടുള്ള ജയവര്‍ധന ഡല്‍ഹി ക്യാപിറ്റല്‍സിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2012 ല്‍ ഡല്‍ഹിയിലെത്തിയ അദ്ദേഹം 31 മത്സരങ്ങള്‍ ടീമിനായി കളിച്ചു. അഞ്ച് അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ 666 റണ്‍സും നേടി. 109 ആയിരുന്നു സ്‌ട്രൈക്കറേറ്റ്. 2013ല്‍ ഡല്‍ഹി അദ്ദേഹത്തെ ഒഴിവാക്കുകയും ചെയ്തു. പിന്നീട് കളിക്കാന്‍ അവസരം ലഭിച്ചില്ല.

ഗ്ലെന്‍ മഗ്രാത്ത്
ഓസ്‌ട്രേലിയന്‍ ഇതിഹാസം പേസര്‍ ഗ്ലെന്‍ മഗ്രാത്തും ഡല്‍ഹി ക്യാപിറ്റല്‍സിലൂടെ വിരമിച്ച താരമാണ്. 14 മത്സരങ്ങള്‍ ഡല്‍ഹിക്കായി കളിച്ച അദ്ദേഹം 12 വിക്കറ്റാണ് വീഴ്ത്തിയത്. ഒരു മത്സരത്തില്‍ കളിയിലെ താരമാവാനും മഗ്രാത്തിനായി. 29 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയതാണ് അദ്ദേഹത്തിനെ ഈ നേട്ടത്തിലെത്തിച്ചത്. ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ അധികനാള്‍ തുടരാത്ത മഗ്രാത്ത് 2009ലെ ചാമ്പ്യന്‍സ് ലീഗ് ടി20യിലൂടെ വിരമിക്കല്‍ പ്രഖ്യാപിച്ചു.

സഹീര്‍ ഖാര്‍
ഇന്ത്യയുടെ സൂപ്പര്‍ പേസര്‍മാരിലൊരാളാണ് സഹീര്‍ ഖാന്‍.ഇടം കൈയന്‍ പേസറായ അദ്ദേഹം നിലവില്‍ മുംബൈ ഇന്ത്യന്‍സിന്റെ പരിശീലക സംഘത്തിന്റെ ഭാഗമാണ്. 2017ല്‍ ഡല്‍ഹിയിലൂടെയാണ് അദ്ദേഹം കരിയര്‍ അവസാനിപ്പിച്ചത്. കുറച്ച് മത്സരങ്ങളില്‍ നായകനെന്ന നിലയില്‍ പ്രവര്‍ത്തിക്കാനും സഹീര്‍ ഖാനായി. 30 മത്സരങ്ങളാണ് അദ്ദേഹം ഡല്‍ഹിക്കായി കളിച്ചത്. 7.46 ഇക്കോണമിയില്‍ 27 വിക്കറ്റുകളും അദ്ദേഹം നേടി.

അജിത് അഗാര്‍ക്കര്‍
മുന്‍ ഇന്ത്യന്‍ സൂപ്പര്‍ ഓള്‍റൗണ്ടറാണ് അജിത് അഗാര്‍ക്കര്‍. താരവും കരിയര്‍ അവസാനിപ്പിച്ചത് ഡല്‍ഹിയിലൂടെയാണ്. 2013ല്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലാണ് അവസാനമായി അദ്ദേഹം കളിച്ചത്. 15 മത്സരങ്ങള്‍ ഡല്‍ഹിക്കായി കളിച്ച അദ്ദേഹം 12 വിക്കറ്റാണ് നേടിയത്. വിരമിക്കലിന് ശേഷം അവതാരകനായും കമന്റേറ്ററായുമാണ് അഗാര്‍ക്കര്‍ കൂടുതലും പ്രവര്‍ത്തിക്കുന്നത്. പരിശീലകനെന്ന നിലയിലേക്ക് ഇതുവരെ സജീവമായി അദ്ദേഹം എത്തിയിട്ടില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications