മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന്റെ താരലേലം അടുക്കുകയാണ്. ഫെബ്രുവരി 11നാവും ഇത്തവണത്തെ താരലേലം നടക്കുക. ഇത്തവണ മെഗാ ലേലം ആയിരിക്കില്ല നടക്കുക. അതിനാല്‍ത്തന്നെ ടീമുകളില്‍ വലിയ വ്യത്യാസം വരാനുള്ള സാധ്യത കുറവാണ്. ഏപ്രില്‍ ആദ്യ വാരമാവും ഐപിഎല്‍ ആരംഭിക്കുക. അവനാസ സീസണില്‍ കൊറോണ വ്യാപനത്തെത്തുടര്‍ന്ന് യുഎഇയിലാണ് ഐപിഎല്‍ നടന്നത്. ഇത്തവണ ഇന്ത്യയില്‍ത്തന്നെയാവും ടൂര്‍ണമെന്റ് നടക്കുക. താര ലേലത്തിന് മുമ്പ് ആരെയൊക്കെ നിലനിര്‍ത്തുന്നു ആരെയൊക്കെ ഒഴിവാക്കുന്നു എന്നതിന്റെ പൂര്‍ണ്ണ പട്ടിക ജനുവരി 21നകം ഫ്രാഞ്ചൈസികള്‍ സമര്‍പ്പിക്കണം.
മിനി താരലേലത്തില്‍ അഞ്ച് താരങ്ങളെയാവും ഒരു ടീമിന് നിലനിര്‍ത്താന്‍ സാധിക്കുക. മൂന്ന് താരങ്ങളെ നേരിട്ടും രണ്ട് താരങ്ങളെ റൈറ്റ് ടു മാച്ചിലൂടെയുമാണ് (ആര്‍ടിഎം) ടീമുകള്‍ക്ക് സ്വന്തമാക്കാനാവുക. നിലനിര്‍ത്തുന്നതും ഒഴിവാക്കുന്നതുമായ താരങ്ങളുടെ പട്ടിക ഐപിഎല്‍ ഗവേണിങ് കൗണ്‍സിലിന് നല്‍കിയാല്‍ മാത്രമെ ടീമുകള്‍ക്ക് എത്ര പണം ശേഷിക്കുന്നുവെന്ന് കണ്ടെത്താനാവു.

അഞ്ച് തവണ കിരീടം നേടിയ മുംബൈ ഇന്ത്യന്‍സാണ് നിലവില്‍ ഏറ്റവും കൂടുതല്‍ തവണ ഐപിഎല്‍ കിരീടം നേടിയ ടീം. മൂന്ന് തവണ കിരീടം നേടിയ സിഎസ്‌കെയുടെ കൈയിലാണ് നിലവില്‍ ഏറ്റവും കുറവ് പണമുള്ളത്. വെറും 15 ലക്ഷം മാത്രമാണ് അവര്‍ക്ക് അവശേഷിക്കുന്നത്. കഴിഞ്ഞ സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ സിഎസ്‌കെ 2021ല്‍ ശക്തമായ തിരിച്ചുവരവിനാണ് തയ്യാറെടുക്കുന്നത്.
16.5 കോടി രൂപ കൈയിലുള്ള കിങ്‌സ് ഇലവന്‍ പഞ്ചാബാണ് നിലവില്‍ കൂടുതല്‍ തുക കൈയിലുള്ള ടീം. നിലവില്‍ ശക്തമായ താരനിര പഞ്ചാബിനുണ്ട്. മികച്ച ബൗളര്‍മാരുടെ അഭാവം നിലവില്‍ ടീമിലുണ്ട്. അതിനാല്‍ത്തന്നെ വരുന്ന സീസണിലെ താരലേലത്തില്‍ മികച്ച ബൗളര്‍മാരെ ടീമിലെത്തിക്കാനാവും പഞ്ചാബ് ശ്രമിക്കുക. നിലവില്‍ മുഹമ്മദ് ഷമി,ക്രിസ് ജോര്‍ദാന്‍,ഷെല്‍ഡോന്‍ കോട്രല്‍ എന്നിവരാണ് പഞ്ചാബ് നിരയിലെ പ്രധാന പേസ് ബൗളര്‍മാര്‍.
രാജസ്ഥാന്‍ റോയല്‍സിന് നിലവില്‍ 14.75 കോടി അവശേഷിക്കുന്നുണ്ട്. അടുത്ത സീസണിന് മുന്നോടിയായി നിര്‍ണ്ണായക നീക്കത്തിനാണ് രാജസ്ഥാന്‍ തയ്യാറെടുക്കുന്നത്. സ്റ്റീവ് സ്മിത്തിനെ ഒഴിവാക്കി സഞ്ജു സാംസണിനെ നായകനാക്കിയേക്കുമെന്നാണ് വിവരം. ബെന്‍ സ്‌റ്റോക്‌സ്,ജോസ് ബട്‌ലര്‍,ജോഫ്രാ ആര്‍ച്ചര്‍ തുടങ്ങി മികച്ച വിദേശ താരനിര നിലവില്‍ രാജസ്ഥാനൊപ്പമുണ്ട്.
കോലിയുടെ ആര്‍സിബിക്ക് 1.95 കോടിയാണ് അവശേഷിക്കുന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 10.1 കോടിയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 8.5 കോടിയും ഡല്‍ഹി ക്യാപിറ്റല്‍സിന് 9 കോടിയും മുംബൈ ഇന്ത്യന്‍സ് 1.95 കോടിയുമാണ് അവശേഷിക്കുന്നത്.