
പീയൂഷ് ചൗള (സിഎസ്കെ)
2019 സീസണിന്റെ അവസാനം കെകെആര്‍ കൈവിട്ട പീയൂഷ് ചൗളയെ അവസാന സീസണില്‍ സിഎസ്കെ സ്വന്തമാക്കിയെങ്കിലും തീര്‍ത്തും നിരാശപ്പെടുത്തി. 6.75 കോടിക്ക് ടീമില്‍ ഉള്‍പ്പെടുത്തിയതിന്റെ യാതൊരു ഗുണവും സിഎസ്കെയ്ക്ക് ഉണ്ടായില്ല. ഏഴ് മത്സരത്തില്‍ നിന്ന് വെറും 6 വിക്കറ്റ് മാത്രമാണ് താരം നേടിയത്. 9.09 ആയിരുന്നു ഇക്കോണമി റേറ്റ്. അതിനാല്‍ത്തന്നെ വരുന്ന സീസണില്‍ സിഎസ്കെ ചൗളയെ ഒഴിവാക്കുമെന്നുറപ്പാണ്. എന്നാല്‍ അടുത്ത സീസണില്‍ ആരും തന്നെ ചൗളയെ വാങ്ങാന്‍ സാധ്യതയില്ല.

ആന്‍ഡ്രൂ ടൈ (രാജസ്ഥാന് റോയല്‍സ്)
ഇത്തവണ ഏറ്റവും നിരാശപ്പെടുത്തിയ ബൗളര്‍മാരിലൊരാളാണ് ആന്‍ഡ്രൂ ടൈ. ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡുള്ള താരമാണെങ്കിലും ഈ സീസണില്‍ തിളങ്ങാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. ഒരു മത്സരത്തില്‍ മാത്രമാണ് കളിക്കാന്‍ അവസരം ലഭിച്ചത്. 50 റണ്‍സ് വിട്ടുകൊടുത്ത് 1 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. 2018 സീസണിലെ പര്‍പ്പിള്‍ ക്യാപ് ഉടമയായിരുന്ന ആന്‍ഡ്രൂ ടൈക്ക് ഇപ്പോള്‍ പഴയ മൂര്‍ച്ചയില്ല. വരുന്ന സീസണില്‍ ആരും വാങ്ങാനില്ലാത്തവരുടെ കൂട്ടത്തില്‍ ആന്‍ഡ്രൂ ടൈയും ഉള്‍പ്പെട്ടേക്കും.

ഉമേഷ് യാദവ് (ആര്‍സിബി)
ടി20 ഫോര്‍മാറ്റിലെ തല്ലുകൊള്ളി ബൗളറായ ഉമേഷ് യാദവിന് ആകെ അവസരം നല്‍കിയിരുന്ന ടീം ആര്‍സിബിയാണ്. ഇന്ത്യയുടെ ടെസ്റ്റ് ടീമിലെ സജീവ സാന്നിധ്യമാണെങ്കിലും പരിമിത ഓവര്‍ ടീമില്‍ നിന്ന് ഏറെ നാളായി പുറത്താണ്. ഐപിഎല്ലില്‍ തരക്കേടില്ലാത്ത പ്രകടനം ഉമേഷിന്റെ പേരിലുണ്ടെങ്കിലും തല്ലുകൊള്ളി ബൗളറാണ്. 2018 ലും 2019 സീസണിലും ആര്‍സിബി നിരയില്‍ ഇടം പിടിക്കാന്‍ സാധിച്ച ഉമേഷിനെ അവസാന സീസണില്‍ പൂര്‍ണ്ണമായും ആര്‍സിബി തഴഞ്ഞിരുന്നു. രണ്ട് മത്സരത്തില്‍ അവസരം നല്കിയപ്പോള് 70 റണ്‍സാണ് ആറ് ഓവറില്‍ വഴങ്ങിയത്. ഒരു വിക്കറ്റ് പോലും നേടിയുമില്ല. അടുത്ത സീസണില്‍ ആരും വാങ്ങാനില്ലാത്ത താരമായി ഉമേഷ് മാറാനാണ് സാധ്യത.

കേദാര്‍ ജാദവ് (സിഎസ്കെ)
ഇന്ത്യന്‍ മധ്യനിര താരമായിരുന്ന കേദാര്‍ ജാദവ് ഇത്തവണ ഏറ്റവും വിമര്‍ശനം നേരിട്ട താരമാണ്. നാലാം നമ്പറില്‍ സിഎസ്കെ പരിഗണിച്ച താരത്തിന്റെ മെല്ലപ്പോക്ക് ബാറ്റിങ് ടീമിനെ പ്രതികൂലമായി ബാധിച്ചിരുന്നു. അഞ്ച് ഇന്നിങ്സുകളില്‍ നിന്ന് 20.66 ശരാശരിയില്‍ 62 റണ്‍സ് മാത്രമാണ് കേദാര്‍ നേടിയത്. അടുത്ത സീസണില്‍ സിഎസ്കെ താരത്തെ ഒഴിവാക്കുമെന്നുറപ്പാണ്. അങ്ങനെ സംഭവിച്ചാല്‍ ആരും വാങ്ങാനില്ലാത്ത താരമായി കേദാര്‍ ജാദവ് മാറാന്‍ സാധ്യത കൂടുതലാണ്.