IPL 2021: വെടിക്കെട്ട് വീരനുള്ള 'സഫാരി' കാര്‍ ആര് നേടും? സാധ്യതാ പട്ടികയില്‍ ഈ അഞ്ച് പേര്‍
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണ്‍ പാതിവഴിയില്‍ നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. ഇന്ത്യയില്‍ നടന്ന ആദ്യ പാദം പൂര്‍ത്തിയായതിന് പിന്നാലെ താരങ്ങളിലേക്ക് കോവിഡ് വ്യാപിച്ചതോടെയാണ് ടൂര്‍ണമെന്റ് നിര്‍ത്തിവെക്കേണ്ടി വന്നത്. രണ്ടാം പാദം യുഎഇയില്‍ സെപ്തംബര്‍ 19 മുതല്‍ ആരംഭിക്കുകയാണ്. ആദ്യ പാദം അവസാനിക്കുമ്പോള്‍ ഡല്‍ഹി, സിഎസ്‌കെ, ആര്‍സിബി, മുംബൈ എന്നീ നാല് വമ്പന്മാരാണ് ആദ്യ നാലിലുള്ളത്.
രണ്ടാം പാദം പൂര്‍ത്തിയാവുമ്പോള്‍ കിരീടം ആരിലേക്കെത്തുമെന്ന് കാത്തിരുന്ന് കാണാം. ടൂര്‍ണമെന്റിലെ വ്യക്തിഗത പുരസ്‌കാരങ്ങളിലൊന്നാണ് ടാറ്റയുടെ സഫാരി കാര്‍. ഏറ്റവും മികച്ച സ്‌ട്രൈക്കറേറ്റുള്ള ഈ സീസണിലെ താരത്തിനാവും കാര്‍ സമ്മാനമായി ലഭിക്കുക. ആദ്യ പാദത്തിലെ പ്രകടനം വിലയിരുത്തി സഫാരി കാര്‍ സ്വന്തമാക്കാന്‍ സാധ്യതയുള്ള അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

കീറോണ്‍ പൊള്ളാര്‍ഡ് (മുംബൈ ഇന്ത്യന്‍സ്)
മുംബൈ ഇന്ത്യന്‍സ് വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ കീറോണ്‍ പൊള്ളാര്‍ഡാണ് സാധ്യതാ പട്ടികയില്‍ തലപ്പത്തുള്ളത്. ആദ്യ പാദം അവസാനിക്കുമ്പോള്‍ 7 മത്സരങ്ങളില്‍ നിന്ന് 168 റണ്‍സാണ് പൊള്ളാര്‍ഡ് നേടിയത്. ഒരു അര്‍ധ സെഞ്ച്വറി നേടിയ പൊള്ളാര്‍ഡ് 11 ഫോറും 13 സിക്‌സുമാണ് പറത്തിയത്. താരത്തിന്റെ സ്‌ട്രൈക്കറേറ്റ് 171.42 ആണ്. 2020ലെ യുഎഇ ഐപിഎല്ലില്‍ തിളങ്ങിയ പൊള്ളാര്‍ഡിന് രണ്ടാം പാദത്തില്‍ മികവ് ആവര്‍ത്തിക്കാനായാല്‍ സഫാരി കാര്‍ സ്വന്തമാക്കാം.

അമ്പാട്ടി റായിഡു (സിഎസ്‌കെ)
സിഎസ്‌കെയുടെ മുന്‍ ഇന്ത്യന്‍ താരം അമ്പാട്ടി റായിഡുവാണ് പട്ടികയിലെ മറ്റൊരാള്‍. ഏഴ് മത്സരങ്ങളില്‍ നിന്ന് 136 റണ്‍സാണ് ആദ്യ പാദത്തില്‍ അദ്ദേഹം നേടിയത്. ഒരു അര്‍ധ സെഞ്ച്വറി നേടിയ താരം 11 ഫോറും 6 സിക്‌സും പറത്തി. 200 ആറ് നിലവിലെ റായിഡുവിന്റെ സ്‌ട്രൈക്കറേറ്റ്. എന്നാല്‍ 2020 നടന്ന യുഎഇ ഐപിഎല്ലില്‍ റായിഡുവിന് മികവ് കാട്ടാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ രണ്ടാം പാദത്തിലും തിളങ്ങിയാല്‍ സഫാരി കാറിന് ഉടമയാവാന്‍ റായിഡുവിന് മുന്നിലും അവസരമുണ്ട്.

പൃഥ്വി ഷാ (ഡല്‍ഹി ക്യാപിറ്റല്‍സ്)
ഡല്‍ഹി ക്യാപിറ്റല്‍സിന്റെ യുവ ഇന്ത്യന്‍ ഓപ്പണര്‍ പൃഥ്വി ഷാ ആദ്യ പാദത്തില്‍ ഗംഭീര പ്രകടനമാണ് നടത്തിയത്. എട്ട് മത്സരത്തില്‍ നിന്ന് 308 റണ്‍സ് നേടിയ പൃഥ്വി റണ്‍വേട്ടക്കാരില്‍ നാലാം സ്ഥാനത്തുണ്ട്. മൂന്ന് അര്‍ധ സെഞ്ച്വറി നേടിയ പൃഥ്വി 37 ഫോറും 12 സിക്‌സുമാണ് നേടിയത്. 166.48 ആണ് സ്‌ട്രൈക്കറേറ്റ്. 2020ലെ യുഎഇ ഐപിഎല്ലില്‍ ശരാശരി പ്രകടനമാണ് പൃഥ്വി നടത്തിയത്. എന്നാല്‍ ഇത്തവണ രണ്ടാം പാദത്തില്‍ തിളങ്ങിയാല്‍ പൃഥ്വിക്കും സഫാരി കാര്‍ നേടാനുള്ള അവസരമുണ്ട്.

എബി ഡിവില്ലിയേഴ്‌സ് (ആര്‍സിബി)
ഏത് സാഹചര്യത്തിലും ബാറ്റിങ് വെടിക്കെട്ട് തീര്‍ക്കാന്‍ കെല്‍പ്പുള്ള താരമാണ് ആര്‍സിബിയുടെ എബി ഡിവില്ലിയേഴ്‌സ്. മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകനായ എബിഡി ഏഴ് മത്സരത്തില്‍ നിന്ന് 207 റണ്‍സാണ് ആദ്യ പാദത്തില്‍ നേടിയത്. ഇതില്‍ രണ്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.16 ഫോറും 10 സിക്‌സും പറത്തിയ എബിഡിയുടെ സ്‌ട്രൈക്കറേറ്റ് 164.28 ആണ്. രണ്ടാം പാദത്തിലും എബിഡിക്ക് തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം നടത്താനായാല്‍ സഫാരി കാറിന് അര്‍ഹനാവാം.

ആന്‍ഡ്രേ റസല്‍ (കെകെആര്‍)
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാനാണ് ആന്‍ഡ്രേ റസല്‍. ആദ്യ പാദത്തില്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെങ്കിലും ഭേദപ്പെട്ട പ്രകടനമാണ് അദ്ദേഹം നടത്തിയത്. ഏഴ് മത്സരങ്ങളില്‍ നിന്ന് ഒരു അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ 163 റണ്‍സാണ് അദ്ദേഹം നേടിയത്. 12 ഫോറും 13 സിക്‌സും റസല്‍ പറത്തി. 155.23 ആണ് ആദ്യ പാദത്തിലെ അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. യുഎഇയില്‍ റസലിന്റെ ബാറ്റിങ് ആവര്‍ത്തിക്കാനായാല്‍ സഫാരി കാര്‍ റസലിന് ലഭിക്കാനും സാധ്യതയുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications