
കെയ്ന്‍ വില്യംസണ്‍
2018 സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നയിച്ചത് ന്യൂസീലന്‍ഡിന്റെ കെയ്ന്‍ വില്യംസണായിരുന്നു. ഡേവിഡ് വാര്‍ണര്‍ക്ക് വിലക്ക് ലഭിച്ചതോടെയാണ് വില്യംസണെ ഹൈദരാബാദ് ക്യാപ്റ്റനാക്കിയത്. ഈ തീരുമാനം തെറ്റിയില്ല. ക്യാപ്റ്റനാക്കിയ സീസണില്‍ 50ന് മുകളില്‍ ശരാശരിയില്‍ 735 റണ്‍സാണ് വില്യംസണ്‍ അടിച്ചെടുത്തത്. ഇതില്‍ എട്ട് അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടും. 142.44 എന്ന ഉയര്‍ന്ന സ്‌ട്രൈക്കറേറ്റില്‍ ബാറ്റ് വീശിയ വില്യംസണായിരുന്നു ആ സീസണിലെ ഓറഞ്ച് ക്യാപിന് ഉടമ.

ഡേവിഡ് വാര്‍ണര്‍
ഐപിഎല്ലിന്റെ പ്രഥമ സീസണ്‍ മുതല്‍ സജീവമായിരുന്ന വാര്‍ണര്‍ 2015ലാണ് ഹൈദരാബാദിന്റെ ക്യാപ്റ്റനാവുന്നത്. പിന്നീട് കളിച്ച സീസണിലെല്ലാം 548ല്‍ കുറയാതെ റണ്‍സ് വാര്‍ണര്‍ നേടിയിരുന്നു. രണ്ട് തവണ ഓറഞ്ച് ക്യാപ് നേടുകയും ചെയ്തു. 2016ല്‍ ടീമിനെ കിരീടത്തിലേക്ക് നയിക്കാനും വാര്‍ണര്‍ക്കായി. ആ സീസണില്‍ 150 പ്ലസ് സ്‌ട്രൈക്കറേറ്റില്‍ 848 റണ്‍സാണ് വാര്‍ണര്‍ നേടിയത്.

ജെപി ഡുമിനി
മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ജെപി ഡുമിനി 2015ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിച്ചു. ക്യാപ്റ്റനാക്കിയ ശേഷം മിന്നും പ്രകടനമാണ് താരം പുറത്തെടുത്തത്. 13 ഇന്നിങ്‌സില്‍ നിന്ന് 414 റണ്‍സാണ് ഡുമിനി അടിച്ചെടുത്തത്. നാല് അര്‍ധ സെഞ്ച്വറിയും എട്ട് വിക്കറ്റും ആ സീസണില്‍ നേടി. ഇതില്‍ ഒരു നാല് വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും. എന്നാല്‍ 2016ല്‍ ഡുമിനിയെ മാറ്റി സഹീര്‍ ഖാനെ ഡല്‍ഹി ക്യാപ്റ്റനാക്കുകയായിരുന്നു.

ഡേവിഡ് ഹസി
ആദം ഗില്‍ക്രിസ്റ്റ് പരിക്കിന്റെ പിടിയിലായതോടെ 2012ല്‍ പഞ്ചാബിനെ നയിക്കാന്‍ ഡേവിഡ് ഹസിക്ക് അവസരം ലഭിച്ചു. ഓസീസ് ഓള്‍റൗണ്ടര്‍ ക്യാപ്റ്റനാകുന്നതിന് മുമ്പുള്ള 2011ല്‍ 10.67 ആയിരുന്നു ശരാശരി. എന്നാല്‍ ക്യാപ്റ്റനായതോടെ ഇത് 42.22 ആയി ഉയര്‍ന്നു. പുറത്താവാതെ 65 റണ്‍സ് നേടി ഡെക്കാന്‍ ചാര്‍ജേഴ്‌സിനെതിരേ ടീമിനെ ജയിപ്പിക്കാനും ഡേവിഡ് ഹസിക്ക് സാധിച്ചിരുന്നു.

ആരോണ്‍ ഫിഞ്ച്
പൂനെ വാരിയേഴ്‌സ് ആരോണ്‍ ഫിഞ്ചിനെ 2013ല്‍ ക്യാപ്റ്റനാക്കിയിരുന്നു. നായകനാവുന്നതിന് മുമ്പ് 131.25 ആയിരുന്നു ഫിഞ്ചിന്റെ സ്‌ട്രൈക്കറേറ്റ്. എന്നാല്‍ ക്യാപ്റ്റനാക്കിയ ശേഷം 135.71 ആയി ഇത് ഉയര്‍ന്നു. ക്യാപ്റ്റനായ ശേഷം ഒരു തവണ പോലും താരം പൂജ്യത്തിന് പുറത്തായില്ല. ഫിഞ്ചിന്റെ കരിയറിലെ മികച്ച സീസണുകളിലൊന്നാണ് 2013ലേത്.


Click it and Unblock the Notifications