IPL 2021: കാത്തിരിക്കുക ഈ അഞ്ച് താരങ്ങളുടെ നേര്‍ക്കുനേര്‍ പോരാട്ടങ്ങള്‍ക്കായി
ചെന്നൈ: ഐപിഎല്ലിന്റെ 14ാം സീസണ്‍ ഏപ്രില്‍ 9ന് ആരംഭിക്കുകയാണ്. ഇത്തവണ ഇന്ത്യയില്‍ത്തന്നെ നടക്കുന്ന ടൂര്‍ണമെന്റ് ആറ് വേദികളിലായാവും നടക്കുക. ഒരു ടീമിനും ഇത്തവണ തട്ടകത്തിന്റെ ആധിപത്യം ഇല്ല. ടീമുകളുടെ പോരാട്ടത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. ടീമുകള്‍ തമ്മിലുള്ള പോരാട്ടം എന്നതിലുപരിയായി ചില സൂപ്പര്‍ താരങ്ങള്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നതിനും ഇത്തവണ ഐപിഎല്‍ സാക്ഷിയാവും. അത്തരത്തില്‍ ആരാധകര്‍ കാത്തിരിക്കുന്ന അഞ്ച് താരങ്ങളുടെ നേര്‍ക്കുനേര്‍ പോരാട്ടം ഇതാ.

ഗ്ലെന്‍ മാക്‌സ്‌വെല്‍- ആര്‍ അശ്വിന്‍
ഏത് ബൗളറെയും ഒരുപോലെ അടിച്ചുപറത്താന്‍ മികവുള്ള ബാറ്റ്‌സ്മാനാണ് ഗ്ലെന്‍ മാക്‌സ് വെല്‍. എല്ലാത്തവണയും യുസ്‌വേന്ദ്ര ചഹാലാണ് മാക്‌സ് വെല്ലിന്റെ പ്രധാന എതിരാളി. എന്നാല്‍ രണ്ട് താരങ്ങളും ഇത്തവണ ആര്‍സിബിയുടെ ഭാഗമാണ്. അതിനാല്‍ മാക്‌സ് വെല്‍- ആര്‍ അശ്വിന്‍ പോരാട്ടമാവും ഇത്തവണ ശ്രദ്ധേയമാവുക. ഡല്‍ഹി ക്യാപിറ്റല്‍സ് താരമാണ് അശ്വിന്‍. സ്പിന്നില്‍ മികവുള്ള ബാറ്റ്‌സ്മാനാണെങ്കിലും സ്പിന്‍ കുരുക്കിലാണ് പല തവണയും മാക്‌സ് വെല്‍ വീണിട്ടുള്ളത്. അതിനാല്‍ അശ്വിന്‍-മാക്‌സ് വെല്‍ പോരാട്ടം ഇത്തവണ ശ്രദ്ധേയമാവും. ഇതുവരെ ഏഴ് തവണ മാക്‌സ് വെല്ലിനെ അശ്വിന്‍ ഐപിഎല്ലിലും അന്താരാഷ്ട്ര മത്സരത്തിലുമായി പുറത്താക്കിയിട്ടുണ്ട്.

ആന്‍ഡ്രേ റസല്‍- ജസ്പ്രീത് ബുംറ
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ആന്‍ഡ്രേ റസലും മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും തമ്മിലാണ് മറ്റൊരു പോരാട്ടം. റസലിനെതിരേ ആധിപത്യം ബുംറയ്ക്കുണ്ട്. അതിനാല്‍ത്തന്നെ ഇരുവരും തമ്മിലുള്ള പോരാട്ടം ശ്രദ്ധേയമാവും. മധ്യനിരയില്‍ റസലിന്റെ ബാറ്റിങ് വെടിക്കെട്ട് തടയാന്‍ ബുംറക്ക് കഴിയുമോയെന്ന് കാത്തിരുന്ന് കാണാം. ഏപ്രില്‍ 13നാണ് മുംബൈ-കെകെആര്‍ ആദ്യ പോരാട്ടം.

വിരാട് കോലി- ജൈ റിച്ചാര്‍ഡ്‌സന്‍
ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലിയും പഞ്ചാബ് കിങ്‌സിന്റെ പേസര്‍ ജൈ റിച്ചാര്‍ഡ്‌സനും തമ്മിലാണ് മറ്റൊരു പോരാട്ടം. ഏകദിനത്തില്‍ 6 തവണ ഇരുവരും നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ നാല് തവണയും ഓസീസ് പേസര്‍ക്ക് മുന്നില്‍ കോലി കീഴടങ്ങിയിട്ടുണ്ട്. 14 കോടിക്ക് പഞ്ചാബ് ടീമിലെത്തിച്ച റിച്ചാര്‍ഡ്‌സന് ഇതേ ആധിപത്യം കോലിക്കെതിരേ കാട്ടാനാവുമോയെന്ന് കാത്തിരുന്ന് കാണാം.

എബി ഡിവില്ലിയേഴ്‌സ്- റാഷിദ് ഖാന്‍
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ സ്റ്റാര്‍ ബാറ്റ്‌സ്മാനായ എബി ഡിവില്ലിയേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ റാഷിദ് ഖാനും തമ്മിലാണ് മറ്റൊരു പോരാട്ടം. സ്പിന്നിനെ നന്നായി കളിക്കുന്ന താരമാണ് എബിഡിയെങ്കിലും റാഷിദ് ഖാന് മുന്നില്‍ ഒന്നിലധികം തവണ എബിഡി കീഴടങ്ങിയിട്ടുണ്ട്. അതിനാല്‍ത്തന്നെ റാഷിദ് ഖാനും എബിഡിയും തമ്മിലുള്ള പോരാട്ടവും ഇത്തവണ ശ്രദ്ധേയമാവും.

റിഷഭ് പന്ത്- രവീന്ദ്ര ജഡേജ
ഡല്‍ഹി ക്യാപിറ്റല്‍സിന്റെ റിഷഭ് പന്തും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ രവീന്ദ്ര ജഡേജയും തമ്മിലാണ് മറ്റൊരു പോരാട്ടം. ഇടം കൈയന്‍ സ്പിന്നര്‍മാര്‍ക്കെതിരേ മികച്ച ബാറ്റിങ് റെക്കോഡാണ് റിഷഭ് പന്തിനുള്ളത്. കൂടാതെ മികച്ച ഫോമിലുമാണ് താരം. അതിനാല്‍ത്തന്നെ ജഡേജയും റിഷഭും എതിരായി എത്തുമ്പോള്‍ ആ പോരാട്ടം ആവേശം നല്‍കുമെന്നുറപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications