
ഐപിഎല്‍ താരലേലത്തിന്റെ ചുരുക്കപ്പട്ടിക ബിസിസി ഐ സെക്രട്ടറി ജയ് ഷാ പുറത്തുവിട്ടത് വിവോ ഐപിഎല്‍ 2021 എന്ന പേരിലാണ്. ഇതോടെയാണ് വിവോ ടൈറ്റില്‍ സ്‌പോണ്‍സറായി തിരിച്ചെത്തുമെന്ന കാര്യം ഉറപ്പായത്. അവസാന സീസണില്‍ മാറ്റി നിര്‍ത്തിയെങ്കിലും വിവോയുമായുള്ള കരാര്‍ ബിസിസി ഐ അവസാനിപ്പിച്ചിരുന്നില്ല. അതിനാല്‍ വിവോയെ തന്നെ തിരികെ സ്‌പോണ്‍സര്‍മാരായി എത്തിക്കുകയായിരുന്നു.

അവസാന സീസണിലെ ഐപിഎല്ലില്‍ 222 കോടിക്കാണ് ഡ്രീം ഇലവന്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് നേടിയത്. എന്നാല്‍ ചൈനീസ് മൊബൈല്‍ നിര്‍മാതാക്കളായ വിവോ പ്രതിവര്‍ഷം 440 കോടി രൂപയെന്ന കണക്കിലാണ് അഞ്ച് വര്‍ഷത്തെ കരാറുണ്ടാക്കിയിരുന്നത്. ബിസിസി ഐയെ സംബന്ധിച്ച് വിവോയുടെ വരവ് ടീമിന് വളരെ ലാഭമുള്ളതാണ്. ഇത്തവണ ഇന്ത്യയില്‍ത്തന്നെ ഐപിഎല്‍ നടക്കുമ്പോള്‍ കൂടുതല്‍ ലാഭമുണ്ടാക്കാന്‍ ബിസിസി ഐക്ക് സാധിക്കും.

ഇന്ത്യയുടെ അതിര്‍ത്തികളില്‍ ചൈന ഉണ്ടാക്കിയ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ചൈനാ വിരുദ്ധ മനോഭാവം ഇന്ത്യയില്‍ ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ സീസണില്‍ വിവോയെ മാറ്റി നിര്‍ത്തിയത്. വിവോ മാത്രമല്ല ഒരു ചൈനീസ് കമ്പനി പോലും പരസ്യങ്ങളോ മറ്റ് സ്‌പോണ്‍സര്‍ഷിപ്പോ അവസാന സീസണിലെ ഐപിഎല്ലിന് നല്‍കിയിരുന്നില്ല. ഇത് ബിസിസി ഐക്ക് വലിയ വരുമാന നഷ്ടം ഉണ്ടാക്കിയിരുന്നു.

അവസാന സീസണില്‍ വിവോയെ നിലനിര്‍ത്താന്‍ ആദ്യം ബിസിസി ഐ തീരുമാനിച്ചിരുന്നെങ്കിലും പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്നാണ് പിന്മാറിയത്. ഇത്തവണയും വിവോ എത്തുമ്പോള്‍ സമാനരീതിയിലുള്ള പ്രതിഷേധം ഉണ്ടാകുമോയെന്ന് കണ്ടറിയണം. ഔദ്യോഗികമായി വിവോയുടെ തിരിച്ചുവരവ് സംബന്ധിച്ച് ബിസിസി ഐ പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും ജയ് ഷായുടെ ഔദ്യോഗിക മെയിലില്‍ നിന്ന് വിവോ ഐപിഎല്‍ 2021 എന്ന പേരില്‍ പ്രഖ്യാപനം എത്തിയതാണ് വിവോയുടെ മടങ്ങിവരവ് ഉറപ്പായത്.

പുതിയ ലേലം നടത്താതെയാണ് ഇത്തരമൊരു നീക്കം. അവസാന സീസണില്‍ ലേലം നടത്തിയാണ് ടൈറ്റില്‍ സ്‌പോണ്‍സറെ തീരുമാനിച്ചത്. ഡ്രീം ഇലവന്‍,ബൈജൂസ്,അണ്‍ അക്കാദമി തുടങ്ങിയവരെല്ലാം ലേലത്തില്‍ പങ്കെടുത്തിരുന്നെങ്കിലും 222 കോടിക്കാണ് ഡ്രീം ഇലവന്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ നേടിയത്. വിവോ നല്‍കുന്ന പകുതി തുകയ്ക്കാണ് അവസാന സീസണില്‍ ഡ്രീം ഇലവന്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ സ്വന്തമാക്കിയത്.

ഈ മാസം 18ന് ചെന്നൈയിലാണ് ഐപിഎല്‍ താരലേലം നടക്കുന്നത്. ഏപ്രില്‍ 11ന് ഐപിഎല്‍ ആരംഭിക്കുമെന്നാണ് വിവരം. കോവിഡ് മഹാമാരിയുടെ ആശങ്ക പൂര്‍ണ്ണമായും ഒഴിഞ്ഞിട്ടില്ലെങ്കിലും പാതി കാണികളെ ഉള്‍പ്പെടുത്തി ഇന്ത്യയില്‍ത്തന്നെ ഐപിഎല്‍ നടത്തിയേക്കും.


Click it and Unblock the Notifications