IPL 2021: ധോണി കാരണം അന്ന് അവര്‍ക്ക് കരിയര്‍ നഷ്ടമായി, ഇന്ന് റിഷഭ് പന്ത് ചെയ്യുന്നതും അതു തന്നെ
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് എംഎസ് ധോണി. ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏത് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെ എടുത്താലും ധോണിയോളമെത്തില്ല ആരും. വിക്കറ്റിന് പിന്നില്‍ നിന്ന് കളി നിയന്ത്രിച്ച് മൂന്ന് ഐസിസി കിരീടങ്ങളാണ് ധോണി ഇന്ത്യയുടെ അലമാരയിലെത്തിച്ചത്. മറ്റൊരു ക്യാപ്റ്റനും അവകാശപ്പെടാനാവാത്ത നേട്ടമാണിത്. വിക്കറ്റിന് പിന്നിലെ ചോരാത്ത കൈകളും വേഗവും സമന്വയിക്കുമ്പോള്‍ ബാറ്റ്‌സ്മാന്‍മാരുടെ പേടി സ്വപ്‌നമായി ചുരുങ്ങിയ കാലം കൊണ്ട് ധോണി വളര്‍ന്നു.
മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നട്ടെല്ലായിരുന്നു ധോണി. വിക്കറ്റ് കീപ്പറെന്ന നിലയിലെ ധോണിയുടെ മിന്നും പ്രകടനം പല താരങ്ങളുടെയും കരിയറിനെത്തന്നെ മാറ്റി മറിച്ചിട്ടുണ്ട്. 16ാം വയസില്‍ ഇന്ത്യക്കായി അരങ്ങേറ്റം നടത്തിയ പാര്‍ഥിവ് പട്ടേലിനും ധോണിക്ക് മുമ്പ് ഇന്ത്യക്കായി അരങ്ങേറ്റം നടത്തിയ ദിനേഷ് കാര്‍ത്തികിനും വിലങ്ങുതടിയായത് ധോണിയുടെ വളര്‍ച്ച തന്നെയാണ്. ധോണി മൂന്ന് ഫോര്‍മാറ്റിലും വിക്കറ്റിന് പിന്നില്‍ മികവ് കാട്ടുകയും ബാറ്റ്‌സ്മാനെന്ന നിലയില്‍ സ്ഥിരത കാട്ടുകയും ചെയ്തതോടെയാണ് മറ്റ് രണ്ട് പേര്‍ക്കും വലിയ അവസരം ലഭിക്കാതെ പോയതിന് കാരണം.

ധോണിയുടെ കാലഘട്ടത്തില്‍ തന്നെ കളിക്കേണ്ടി വന്നതാണ് കാര്‍ത്തികിനും പാര്‍ഥിവിനും തിരിച്ചടിയായത്. മറ്റൊരു സമയത്തായിരുന്നെങ്കില്‍ തീര്‍ച്ചയായും പരിഗണിക്കപ്പെടേണ്ട മികവ് ഈ രണ്ടുപേര്‍ക്കുമുണ്ടായിരുന്നു. ദിനേഷ് കാര്‍ത്തിക് 94 ഏകദിനത്തില്‍ നിന്ന് 1752 റണ്‍സും 26 ടെസ്റ്റില്‍ നിന്ന് 1025 റണ്‍സും 32 ടി20യില്‍ നിന്ന് 399 റണ്‍സും ഇന്ത്യക്കായി നേടിയിട്ടുണ്ട്. നാലാം നമ്പറിലേക്കും മധ്യനിരയിലെ മറ്റ് പൊസിഷനിലേക്കും ഇന്ത്യക്ക് പരിഗണിക്കാന്‍ കഴിയുന്ന ബാറ്റിങ് കണക്കുകള്‍ തന്നെയാണിത്. വിക്കറ്റിന് പിന്നിലും ഭേദപ്പെട്ട പ്രകടനം അദ്ദേഹത്തിന് അവകാശപ്പെടാം.

മറ്റൊരു താരം പാര്‍ഥിവ് പട്ടേലാണ്. 25 ടെസ്റ്റില്‍ നിന്ന് 934 റണ്‍സും 38 ഏകദിനത്തില്‍ നിന്ന് 736 റണ്‍സും രണ്ട് ടി20യില്‍ നിന്ന് 36 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്. പല ഐപിഎല്‍ സീസണിലും തിളങ്ങാനായിട്ടും ടീമിലേക്ക് പരിഗണന ലഭിക്കാതെ പോയ താരമാണ് പാര്‍ഥിവ് പട്ടേല്‍. ധോണിയുടെ ഇന്ത്യന്‍ ടീമിനൊപ്പമുള്ള വളര്‍ച്ച തന്നെയാണ് പട്ടേലിന്റെയും വഴിയടച്ചത്. എന്നാല്‍ തങ്ങളുടെ കരിയറിന് തിരിച്ചടിയായത് തങ്ങളുടെ പ്രകടനം തന്നെയാണെന്നാണ് പല അവസരത്തിലും കാര്‍ത്തികും പാര്‍ഥിവും പറഞ്ഞിട്ടുള്ളത്. ധോണിയുടെ മികവിനെ വെല്ലുവിളിക്കാന്‍ സാധിക്കാന്‍ ആവാത്തത് തങ്ങളുടെ പ്രശ്‌നം തന്നെയാണെന്ന് ഇവര്‍ തുറന്ന് സമ്മതിക്കുന്നു.

ധോണി കളമൊഴിഞ്ഞതോടെ പകരം ഇന്ത്യയുടെ മുഖ്യ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി മാറിയിരിക്കുന്നത് റിഷഭ് പന്താണ്. തുടക്കം മോശമായിരുന്നെങ്കിലും ഇപ്പോള്‍ ഇന്ത്യയുടെ ഭാവി നായകനായിപ്പോലും വിലയിരുത്തപ്പെടുന്ന താരമാണ് റിഷഭ് പന്ത്. ടെസ്റ്റിലും റിഷഭ് ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. ഓസ്‌ട്രേലിയ,ഇംഗ്ലണ്ട് ടെസ്റ്റ് പര്യടനങ്ങളിലെല്ലാം റിഷഭ് തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്ത്യക്കായി ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും ടെസ്റ്റ് സെഞ്ച്വറി നേടിയ ഏക ഇന്ത്യന്‍ വിക്കറ്റ് കീപ്പറാണ് റിഷഭ് പന്ത്.

അന്ന് ധോണി പലരുടെയും വഴിയടച്ചപ്പോള്‍ ഇന്ന് റിഷഭിന്റെ വരവ് മറ്റ് പല പ്രമുഖ താരങ്ങളുടെയും വഴിയടച്ചിരിക്കുകയാണ്. മനപ്പൂര്‍വ്വമല്ലെങ്കിലും റിഷഭിന്റെ മൂന്ന് ഫോര്‍മാറ്റിലെയും വിക്കറ്റ് കീപ്പറായുള്ള വളര്‍ച്ചയാണ് സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ തുടങ്ങിയ യുവ വിക്കറ്റ് കീപ്പര്‍മാര്‍ക്ക് തിരിച്ചടിയായിരിക്കുന്നത്. ഇവര്‍ക്ക് ഇന്ത്യന്‍ ടീമിലേക്കെത്താനുള്ള മികവുണ്ടെങ്കിലും റിഷഭിന്റെ മികവിനെ കടത്തിവെട്ടാനാവാത്തതിനാല്‍ ദേശീയ ടീമില്‍ വലിയ കരിയര്‍ സൃഷ്ടിച്ചെടുക്കാനാവാതെ പരാജയപ്പെടുകയാണ്.

ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ഒന്നോ രണ്ടോ മോശം പ്രകടനം കൊണ്ട് റിഷഭിനെ പുറത്തിരുത്തില്ല. എന്നാല്‍ മറ്റ് വിക്കറ്റ് കീപ്പര്‍മാര്‍ക്ക് ഒന്നോ രണ്ടോ അവസരം കൊണ്ട് തന്നെ സ്ഥാനം നഷ്ടമാവും. കാരണം റിഷഭിനെ ഇതിനോടകം തന്നെ ഇന്ത്യയുടെ ഭാവി സൂപ്പര്‍താരമെന്ന പദവിയിലേക്കുയര്‍ത്തിക്കഴിഞ്ഞു. ഡല്‍ഹി ക്യാപിറ്റല്‍സ് നായകനായി റിഷഭ് തിളങ്ങുന്നുമുണ്ട്. റിഷഭിന് ഇന്ത്യന്‍ ടീമില്‍ വളരാന്‍ നല്‍കിയ അവസരങ്ങളുടെ പകുതിപോലും സഞ്ജു സാംസണിന് ലഭിച്ചിട്ടില്ല.
അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ലെങ്കില്‍ റിഷഭ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇനിയും 10 വര്‍ഷമെങ്കിലും തുടരും. അതിനാല്‍ത്തന്നെ ഈ കാലഘട്ടത്തിലെ യുവ വിക്കറ്റ് കീപ്പര്‍മാര്‍ക്ക് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനമെന്നത് മോഹമായിത്തന്നെ അവസാനിച്ചേക്കും. അന്ന് ധോണി ചെയ്തതാണ് ഇന്ന് റിഷഭും ചെയ്യുന്നതെന്ന് തന്നെ പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications