IPL 2021: 25 ഇന്നിങ്‌സിലെ റണ്‍സ്, ചരിത്ര നേട്ടത്തില്‍ ദേവ്ദത്ത്, റെയ്‌നയും രോഹിത്തുമെല്ലാം ഇനി പിന്നില്‍
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദം ആവേശകരമായി പുരോഗമിക്കുകയാണ്. വിരാട് കോലി ക്യാപ്റ്റനായ ആര്‍സിബി നിലവില്‍ 11 മത്സരത്തില്‍ നിന്ന് ഏഴ് ജയം ഉള്‍പ്പെടെ 14 പോയിന്റുമായി പ്ലേ ഓഫ് സാധ്യത സജീവമാക്കിയിരിക്കുകയാണ്. ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ മികവ് കാട്ടുന്നതിനാല്‍ ഇത്തവണ കന്നിക്കിരീടം തന്നെയാണ് കോലിയും സംഘവും പ്രതീക്ഷിക്കുന്നത്. ടീമിനൊപ്പം ഓപ്പണര്‍ ദേവ്ദത്ത് പടിക്കലും മികച്ച പ്രകടനം നടത്തുന്നുണ്ട്.
2020 സീസണില്‍ ആര്‍സിബിയിലെത്തിയ ദേവ്ദത്ത് ശ്രദ്ധേയ പ്രകടനമാണ് ടീമിനൊപ്പം കാഴ്ചവെക്കുന്നത്. അരങ്ങേറ്റ സീസണില്‍ ആര്‍സിബിയുടെ ടോപ് സ്‌കോററായ ദേവ്ദത്ത് രണ്ടാം സീസണിലും മികച്ച പ്രകടനം തുടരുന്നു. 10 മത്സരത്തില്‍ നിന്ന് 34.33 എന്ന ഭേദപ്പെട്ട ശരാശരിയില്‍ 309 റണ്‍സാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. ഇതില്‍ ഒരു സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. കോലിക്കൊപ്പം ഓപ്പണിങ്ങില്‍ മികച്ച കൂട്ടുകെട്ടുണ്ടാക്കാനും ഇക്കാലയളവില്‍ ദേവ്ദത്തിന് സാധിച്ചിട്ടുണ്ട്.

25 ഇന്നിങ്‌സുകള്‍ പൂര്‍ത്തിയാക്കുമ്പോള്‍ ഇന്ത്യന്‍ താരങ്ങളില്‍ കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരമെന്ന നേട്ടത്തിലേക്കാണ് ദേവ്ദത്ത് എത്തിയിരിക്കുന്നത്. 782 റണ്‍സാണ് 25 ഇന്നിങ്‌സില്‍ നിന്ന് 21കാരനായ താരം നേടിയത്. ഇതില്‍ ഒരു സെഞ്ച്വറിയും ആറ് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 85 ഫോറും 20 സിക്‌സും ഇതില്‍ ഉള്‍പ്പെടും. സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഈ റെക്കോഡില്‍ ദേവ്ദത്തിന് മുന്നിലുള്ളത്. 800 റണ്‍സാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 25 ഇന്നിങ്‌സില്‍ നിന്ന് നേടിയത്.

മുന്‍ മുംബൈ ഇന്ത്യന്‍സ് നായകനായ സച്ചിന്‍ ഐപിഎല്ലില്‍ സെഞ്ച്വറിയടക്കം നേടിയിട്ടുണ്ട്.78 ഐപിഎല്ലില്‍ നിന്ന് 33.83 ശരാശരിയില്‍ 2334 റണ്‍സാണ് സച്ചിന്റെ പേരിലുള്ളത്. ഇതില്‍ ഒരു സെഞ്ച്വറിയും 13 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 295 ബൗണ്ടറിയും 29 സിക്‌സും സച്ചിന്റെ ഐപിഎല്‍ കരിയറിലുണ്ട്. എന്നാല്‍ മുംബൈ ഇന്ത്യന്‍സിനെ കിരീടത്തിലേക്കെത്തിക്കാന്‍ സച്ചിന് സാധിച്ചില്ല.

മൂന്നാം സ്ഥാനത്ത് സിഎസ്‌കെയുടെ സുരേഷ് റെയ്‌നയാണുള്ളത്. ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള റെയ്‌ന 25 ഇന്നിങ്‌സില്‍ നിന്ന് നേടിയത് 763 റണ്‍സാണ്. ഇപ്പോഴും സിഎസ്‌കെയ്‌ക്കൊപ്പം റെയ്‌ന കളിക്കുന്നുണ്ട്. 203 ഐപിഎല്ലില്‍ നിന്ന് 32.88 ശരാശരിയില്‍ 5523 റണ്‍സ് അദ്ദേഹത്തിന്റെ പേരിലുണ്ട്. ഇതില്‍ ഒരു സെഞ്ച്വറിയും 39 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 506 ബൗണ്ടറിയും 203 സിക്‌സും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഇത് റെയ്‌നയുടെ അവസാന സീസണാവാനും സാധ്യതയുണ്ട്.

നാലാം സ്ഥാനത്ത് മുന്‍ കെകെആര്‍ നായകന്‍ ഗൗതം ഗംഭീറാണ്. 738 റണ്‍സാണ് ഗംഭീര്‍ നേടിയത്. ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം തുടങ്ങിയ ഗംഭീര്‍ 154 മത്സരത്തില്‍ നിന്ന് 31.01 ശരാശരിയില്‍ 4218 റണ്‍സാണ് നേടിയിട്ടുള്ളത്. ഇതില്‍ 36 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. സെഞ്ച്വറി നേടാന്‍ സാധിച്ചില്ല. 491 ബൗണ്ടറിയും 59 സിക്‌സും ഗംഭീറിന്റെ പേരിലുണ്ട്. കെകെആറിനെ രണ്ട് തവണ കിരീടത്തിലേക്കെത്തിച്ച ഗംഭീര്‍ ഡല്‍ഹി ക്യാപിറ്റല്‍സിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയാണ് ഈ പട്ടികയില്‍ അഞ്ചാം സ്ഥാനത്ത്. 725 റണ്‍സാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. ഡെക്കാന്‍ ചാര്‍ജേഴ്‌സിനൊപ്പം തുടങ്ങിയ രോഹിത്താണ് പിന്നീട് മുംബൈ ഇന്ത്യന്‍സ് നായകനാവുകയും അഞ്ച് കിരീടം നേടിക്കൊടുത്ത് ഐപിഎല്ലിലെ ഏറ്റവും മികച്ച നായകനാവുകയും ചെയ്തു. 210 ഐപിഎല്ലില്‍ നിന്ന് 31.44 ശരാശരിയില്‍ 5564 റണ്‍സാണ് രോഹിത്തിന്റെ പേരിലുള്ളത്. ഒരു സെഞ്ച്വറിയും 40 അര്‍ധ സെഞ്ച്വറിയും നേടിയ രോഹിത്ത് 486 ബൗണ്ടറിയും 225 സിക്‌സും നേടിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications