ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തിയിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. അവസാന സീസണിന്റെ ഫൈനലില്‍ തങ്ങളെ പരാജയപ്പെടുത്തി കപ്പ് നേടിയ മുംബൈ ഇന്ത്യന്‍സിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഡല്‍ഹി ക്യാപിറ്റല്‍സ് പകരം വീട്ടിയത്. മത്സരത്തില്‍ നാല് വിക്കറ്റുമായി കളം നിറഞ്ഞ അമിത് മിശ്രയാണ് മുംബൈയുടെ അന്തകനായത്. 39കാരനായ മിശ്രയുടെ സ്പിന്‍ കുരുക്കില്‍ മുംബൈയുടെ ബാറ്റിങ് നിര കടപുഴകി വീണു.
ഇപ്പോഴിതാ മുംബൈയ്ക്കെതിരായ പ്രകടനത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് അമിത് മിശ്ര. 'എപ്പോഴും വിക്കറ്റിനെക്കുറിച്ച് മാത്രമാണ് ഞാന്‍ ചിന്തിക്കാറ്. പിച്ചില്‍ പന്ത് അല്‍പ്പം സ്ലോവായാണ് പോയിരുന്നത്. അതിനാല്‍ത്തന്നെ കൃത്യമായ സ്ഥലങ്ങളില്‍ പന്തെറിയാന്‍ ശ്രമിച്ചു. ടി20യില്‍ നമ്മള് വിക്കറ്റ് മാത്രം മുന്നില്‍ക്കണ്ടാവണം പന്തെറിയേണ്ടതെന്നാണ് എന്റെ അഭിപ്രായം. അങ്ങനെ ചെയ്താല്‍ മാത്രമെ എതിര് ടീമിന് സമ്മര്‍ദ്ദം നല്‍കാനാവു.എന്റെ ബൗളിങ് ഒരിക്കലും ഞാന്‍ മാറ്റുകയില്ല.എന്റെ കരുത്തില്‍ വിശ്വസിച്ച് പന്തെറിയാനാണ് ശ്രമിക്കാറ്. പന്തിന്റെ വേഗത്തിലല്ല വ്യതിയാനങ്ങളിലാണ് ഞാന്‍ വിശ്വസിക്കുന്നത്'-അമിത് മിശ്ര പറഞ്ഞു.
നാല് ഓവറില്‍ 24 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് അമിത് മിശ്ര നാല് വിക്കറ്റ് വീഴ്ത്തിയത്. രോഹിത് ശര്‍മ,ഹര്‍ദിക് പാണ്ഡ്യ,കീറോണ്‍ പൊള്ളാര്‍ഡ്,ഇഷാന് കിഷന് എന്നീ നാല് താരങ്ങളുടെ വിക്കറ്റുകളാണ് അമിത് നേടിയത്. ഇവരെയെല്ലാം ചെറിയ ഇടവേളയില്‍ പുറത്താക്കാന്‍ സാധിച്ചുവെന്നതാണ് മത്സരത്തില്‍ ഡല്‍ഹിക്ക് മേല്‍ക്കൈ നേടിക്കൊടുത്തത്. ആദ്യ മൂന്ന് മത്സരവും കളിക്കാതെയാണ് മുംബൈക്കെതിരേ അമിതിന് ഡല്‍ഹി അവസരം നല്‍കിയത്.
'ഹര്‍ദിക് പാണ്ഡ്യ ക്രീസില്‍ എത്തിയപ്പോള്‍ വിക്കറ്റിന് വേണ്ടി മാത്രമാണ് ശ്രമിച്ചത്.ഒരു ഭാഗ്യപരീക്ഷണം നടത്തിയപ്പോള്‍ വിക്കറ്റ് ലഭിച്ചു. ഞങ്ങളുടെ ബാറ്റിങ് കരുത്ത് നോക്കുമ്പോള്‍ പിന്തുടര്ന്ന് ജയിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. എന്റെ ഇന്നത്തെ ജോലി കഴിഞ്ഞു. ഇനി റിക്കി പോണ്ടിങ്ങിനാണ് ജോലി
അമിത് പറഞ്ഞു. നേരിട്ട ആദ്യ പന്തില്‍ത്തന്നെ ഹര്‍ദിക്കിനെ പുറത്താക്കാനായത് മത്സരത്തില്‍ വലിയ വഴിത്തിരിവാണ് സൃഷ്ടിച്ചത്.
വരും മത്സരങ്ങളിലും ഡല്‍ഹിക്ക് കരുത്ത് പകരാന്‍ മിശ്ര ടീമിലുണ്ടാവും. ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്താണ് അമിത്. 164 വിക്കറ്റാണ് അമിതിന്റെ പേരിലുള്ളത്. 170 വിക്കറ്റ് നേടിയ മുന്‍ മുംബൈ ഇന്ത്യന്‍സ് പേസര്‍ ലസിത് മലിംഗയാണ് ഈ റെക്കോഡില്‍ തലപ്പത്ത്. 7.34 എന്ന മികച്ച ഇക്കോണമിയാണ് അമിതിന്റെ പേരിലുള്ളത്.