IPL 2021: പന്തില്‍ ഉമിനീര്‍ പ്രയോഗവുമായി അമിത് മിശ്ര, താക്കീത് നല്‍കി അംപയര്‍
അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആര്‍സിബി-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തില്‍ കോവിഡ് ചട്ടം മറന്ന് ഡല്‍ഹി സ്പിന്നര്‍ അമിത് മിശ്ര. പന്തില്‍ ഉമിനീര്‍ പ്രയോഗം നടത്തിയാണ് അമിത് കോവിഡ് ചട്ടം ലംഘിച്ചത്. അറിയാതെ സംഭവിച്ച പിഴവായതിനാല്‍ അംപയര്‍ താക്കീത് നല്‍കി. കോവിഡ് 19 യുടെ സാഹചര്യത്തില്‍ പന്തില്‍ ഉമിനീരോ, വിയര്‍പ്പോ ഒന്നും തേക്കാന്‍ പാടില്ലെന്ന് നേരത്തെ തന്നെ ഐസിസി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ നിയമം അബദ്ധത്തില്‍ അമിത് മിശ്ര ലംഘിക്കുകയായിരുന്നു.
മത്സരത്തിലെ ആദ്യ പന്ത് എറിയുന്നതിന് മുമ്പായാണ് അമിത് ഉമിനീര്‍ പ്രയോഗം നടത്തിയത്. മത്സരത്തിലെ ആറാം ഓവറിലാണ് അദ്ദേഹം പന്തെറിയാനെത്തിയത്. അമിത് പന്തില്‍ ഉമിനീര്‍ പ്രയോഗിക്കുന്നത് ശ്രദ്ധയില്‍പെട്ടതോടെ ഓണ്‍ ഫീല്‍ഡ് അംപയര്‍ വീരേന്ദര്‍ ശര്‍മ ഡല്‍ഹി നായകന്‍ റിഷഭ് പന്തിന് ആദ്യ താക്കീത് നല്‍കുകയും ചെയ്തു.
നിലവിലെ നിയമപ്രകാരം ഉമിനീര്‍ പ്രയോഗം നടത്തിയാല്‍ ആദ്യം താക്കീത് നല്‍കും. പിന്നെയും ഉമിനീര്‍ ഉപയോഗിച്ചാല്‍ അഞ്ച് റണ്‍സ് ടീമിന് പെനാല്‍റ്റി ലഭിക്കും. ലെഗ് സ്പിന്നറായ അമിത് പന്തില്‍ ടേണ്‍ ലഭിക്കുന്നതിനായി ഉമിനീര്‍ ഉപയോഗിക്കുന്ന താരമാണ്. മത്സരത്തിനിടെ ഒരു നിമിഷം കോവിഡ് സാഹചര്യം മറന്നതാണ് ഇത്തരമൊരു പിഴവ് സംഭവിക്കാന്‍ കാരണമായത്.

മത്സരത്തില്‍ മൂന്ന് ഓവറില്‍ 27 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് അമിത് മിശ്ര വീഴ്ത്തിയത്. 9 ഇക്കോണമിയിലായിരുന്നു താരത്തിന്റെ പ്രകടനം. ആവേശകരമായ പോരാട്ടത്തിനൊടുവില്‍ ആര്‍സിബിയോട് 1 റണ്‍സിന് ഡല്‍ഹിക്ക് തോല്‍വി വഴങ്ങേണ്ടി വന്നു. തോറ്റെങ്കിലും മൂന്നാം സ്ഥാനത്ത് ഡല്‍ഹിയുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായാണ് ടീമിന്റെ അടുത്ത മത്സരം.
കോവിഡ് സാഹചര്യം കൂടുതല്‍ രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ കര്‍ശന സുരക്ഷയാണ് താരങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്. എല്ലാ താരങ്ങളും ബയോബബിള്‍ സുരക്ഷയിലാണ്. കൂടുതല്‍ മത്സരത്തില്‍ കര്‍ശനമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കും. ഒരു തരത്തിലും താരങ്ങളെ രോഗം ബാധിക്കാത്ത തരത്തിലുള്ള സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ഇന്ത്യയില്‍ കോവിഡ് വ്യാപനം അതി രൂക്ഷമാണ്. അതിനാല്‍ത്തന്നെ പല വിദേശ താരങ്ങളും നാട്ടിലേക്ക് മടങ്ങിപ്പോയി. ഇനിയും താരങ്ങള്‍ മടങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയുമായുള്ള അതിര്‍ത്തി അടക്കുമോയെന്ന ആശങ്കയിലാണ് ഓസ്‌ട്രേലിയന്‍ താരങ്ങളുള്ളത്. ഇംഗ്ലണ്ട് താരങ്ങള്‍ക്കും ഇതേ ആശങ്കയാണുള്ളത്. എന്നാല്‍ കോവിഡ് വ്യാപനം താരങ്ങളെ ബാധിക്കില്ലെന്നും ഐപിഎല്ലുമായി മുന്നോട്ട് പോകുമെന്ന നിലപാടിലാണ് ബിസിസിഐയുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications