മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ആര് നയിക്കുമെന്നതില്‍ ആശങ്ക തുടരുന്നു. ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിനിടെ തോളിന് പരിക്കേറ്റ ശ്രേയസ് അയ്യറിന് ഐപിഎല്‍ സീസണ്‍ നഷ്ടമാകുമെന്ന് ഉറപ്പായതോടെയാണ് പുതിയ ക്യാപ്റ്റനെ ഡല്‍ഹി തിരയുന്നത്. സാധ്യതാ പട്ടികയില്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനായിരുന്നു മുന്‍തൂക്കം. എന്നാല്‍ ഇന്ന് ചേര്‍ന്ന ഡല്‍ഹി ക്യാപിറ്റല്‍സ് മാനേജ്‌മെന്റ് യോഗത്തില്‍ ഭൂരിഭാഗം താരങ്ങളും റിഷഭിനെ ക്യാപ്റ്റനാക്കേണ്ട നിലപാടാണ് സ്വീകരിച്ചതെന്നാണ് വിവരം.
പരിചയസമ്പത്ത് കുറവാണ് റിഷഭിന്റെ പ്രധാന പ്രശ്‌നം. അവസാന സീസണിലെ റണ്ണറപ്പുകളായ ഡല്‍ഹി ഇത്തവണ സജീവ കിരീട പ്രതീക്ഷയിലാണ്. അതിനാല്‍ത്തന്നെ മികച്ചൊരു പരിചയസമ്പന്നനായ ക്യാപ്റ്റനെ വേണമെന്നാണ് ടീം മാനേജ്‌മെന്റിലെ ഭൂരിഭാഗം ആളുകളുടെയും അഭിപ്രായമെന്നാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മുതിര്‍ന്ന വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

റിഷഭിന് അവസരം ലഭിച്ചില്ലെങ്കില്‍ കൂടുതല്‍ സാധ്യത ആര്‍ അശ്വിനാണ്. പഞ്ചാബ് കിങ്‌സിന്റെ ക്യാപ്റ്റനായിരുന്ന അശ്വിന് നായകനെന്ന നിലയില്‍ മികവുള്ള താരമാണ്. മികച്ച താരനിരയുള്ള ഡല്‍ഹിയെ നയിക്കാന്‍ സീനിയര്‍ താരമായ അശ്വിന് സാധിച്ചേക്കും. സമീപകാലത്ത് മികച്ച പ്രകടനം പുറത്തെടുക്കുന്ന അശ്വിന്റെ ഫോമും മികച്ചതാണ്.
മറ്റൊരു താരം അജിന്‍ക്യ രഹാനെയാണ്. ഇന്ത്യയുടെ ടെസ്റ്റ് വൈസ് ക്യാപ്റ്റനും മുന്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനുമായ അജിന്‍ക്യ രഹാനെയും പരിഗണനയിലുണ്ടെങ്കിലും താരത്തിന്റെ ഫോം പ്രശ്‌നമാണ്. ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിന് പുറത്തുള്ള രഹാനെ അവസാന സീസണിലും നിരാശപ്പെടുത്തിയിരുന്നു. അതിനാല്‍ത്തന്നെ രഹാനെ ഇത്തവണ പ്ലേയിങ് 11ല്‍ ഉണ്ടാവുന്ന കാര്യം പോലും സംശയമാണ്.
ഓപ്പണര്‍ ശിഖര്‍ ധവാന്‍ നേരത്തെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നയിച്ചിട്ടുണ്ട്. എന്നാല്‍ ക്യാപ്റ്റനെന്ന നിലയില്‍ ധവാന്റെ പ്രകടനം അത്ര മികച്ചതല്ല. അവസാന സീസണില്‍ രണ്ട് സെഞ്ച്വറിയടക്കം ഗംഭീര പ്രകടനം കാഴ്ചവെച്ച ധവാനെ ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദം നല്‍കാന്‍ ടീം മാനേജ്‌മെന്റ് ആഗ്രഹിക്കുന്നില്ലെന്നാണ് വിവരം. മറ്റൊരു താരം മുന്‍ രാജസ്ഥാന്‍ റോയല്‍സ് താരം സ്റ്റീവ് സ്മിത്താണ്. എന്നാല്‍ ഇത്തവണ ആദ്യമായി ഡല്‍ഹിക്കുവേണ്ടി കളിക്കുന്ന സ്മിത്തിനെ നായകസ്ഥാനത്തേക്ക് പരിഗണിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ തോളിന് പരിക്കേറ്റ ശ്രേയസിന് നാല് മാസത്തെ വിശ്രമമാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഏപ്രില്‍ 8ന് ശ്രേയസിന്റെ തോളിന് ശസ്ത്രക്രിയ നടത്തുമെന്നാണ് നിലവില്‍ പുറത്തുവരുന്ന വിവരം. എന്തായാലും ഈ സീസണിലെ ഐപിഎല്ലില്‍ ശ്രേയസ് ഉണ്ടാകില്ലെന്ന് ഉറപ്പായികഴിഞ്ഞു.