മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സും രാജസ്ഥാന്‍ റോയല്‍സും ഇന്ന് മുഖാമുഖം എത്താനിരിക്കെ രാജസ്ഥാന് ആശങ്കകളേറെയാണ്. പരിക്ക് ഈ സീസണില്‍ ഏറ്റവും ഭീഷണി ഉയര്‍ത്തുന്ന ടീമായി രാജസ്ഥാന്‍ മാറിയിരിക്കുകയാണ്. സീസണ്‍ ആരംഭിക്കുന്നതിന് തൊട്ട്മുമ്പായി ടീമിന്റെ സ്റ്റാര്‍ പേസര്‍ ജോഫ്രാ ആര്‍ച്ചറിനെ നഷ്ടമായ രാജസ്ഥാന് ആദ്യ മത്സരത്തില്‍ത്തന്നെ ബെന്‍ സ്റ്റോക്‌സിനെയും നഷ്ടമായി. ഓള്‍റൗണ്ടറായ സ്‌റ്റോക്‌സിന്റെ അഭാവം നികത്തുക എളുപ്പമല്ലെങ്കിലും ഡല്‍ഹിക്കെതിരേ ആരെയാവും സ്‌റ്റോക്‌സിന്റെ പകരക്കാരനാക്കുക എന്ന് അറിയാനുള്ള ആകാംക്ഷ ആരാധകര്‍ക്കുണ്ട്.
നിലവിലെ റിപ്പോര്‍ട്ട് പ്രകാരം ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഡേവിഡ് മില്ലറാവും സ്റ്റോക്‌സിന്റെ പകരക്കാരനായി പ്ലേയിങ് 11ലെത്തുക. ഓള്‍റൗണ്ടറല്ലെങ്കിലും മധ്യനിര ബാറ്റ്‌സ്മാനെന്ന നിലയില്‍ തിളങ്ങാന്‍ കഴിവുള്ള താരമാണ് മില്ലര്‍. സമീപകാലത്തായി ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടിയും അദ്ദേഹം തിളങ്ങിയിരുന്നു. മികച്ച ഫീല്‍ഡര്‍ കൂടിയായ മില്ലര്‍ പരിചയസമ്പന്നനായ താരം കൂടിയാണ്. അതിനാല്‍ രാജസ്ഥാന്‍ മുഖ്യ പരിഗണന മില്ലറിന് നല്‍കുമെന്നാണ് സൂചന.

ക്വാറന്റെയ്ന്‍ പൂര്‍ത്തിയാക്കി പരിശീലനം നടത്തുന്നതിന്റെ ചിത്രങ്ങള്‍ രാജസ്ഥാന്‍ റോയല്‍സ് കഴിഞ്ഞദിവസം പങ്കുവെച്ചിരുന്നു. ആദ്യ മത്സരത്തില്‍ തോല്‍വി ഏറ്റുവാങ്ങിയ രാജസ്ഥാന് രണ്ടാം മത്സരത്തില്‍ ജയം അനിവാര്യമാണ്. സ്‌റ്റോക്‌സിന്റെ അഭാവത്തില്‍ ജോസ് ബട്‌ലര്‍ ഓപ്പണര്‍ ആയി ഇറങ്ങും. മനാന്‍ വോറ തന്നെയാവും ഓപ്പണിങ്ങിലെ പങ്കാളി. ആദ്യ മത്സരത്തിലെ ടീമില്‍ നിന്ന് വേറെ മാറ്റങ്ങളൊന്നും രാജസ്ഥാന്‍ വരുത്തിയേക്കില്ല.
ചേതന്‍ സക്കറിയ എന്ന യുവ പേസര്‍ ആദ്യമത്സരത്തില്‍ രാജസ്ഥാനായി തിളങ്ങിയിരുന്നു. പഞ്ചാബിനെതിരേ മൂന്ന് വിക്കറ്റ് നേടിയ താരം തകര്‍പ്പന്‍ ഒരു ക്യാച്ചും സ്വന്തമാക്കി. ക്രിസ് മോറിസ്,മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവര്‍ക്ക് ഡെത്ത് ഓവറില്‍ കളി നിയന്ത്രിക്കാന്‍ ആദ്യ മത്സരത്തിലായില്ല. 16.25 കോടിക്ക് ടീമിലെത്തിച്ച മോറിസ് പഞ്ചാബിനെതിരേ ബാറ്റിങ്ങിലും നിരാശപ്പെടുത്തി. ഈ സാഹചര്യത്തില്‍ ഇരുവരും ശക്തമായി തിരിച്ചുവരേണ്ടത് വിജയ വഴിയില്‍ തിരിച്ചെത്താന്‍ രാജസ്ഥാന് അത്യാവശ്യമാണ്.
രാഹുല്‍ തെവാത്തിയ,ശ്രേയസ് ഗോപാല്‍ എന്നിവര്‍ സ്പിന്നര്‍മാരായി തുടരും.ശിവം ദുബെയ്ക്കും ആദ്യ മത്സരത്തില്‍ പ്രതീക്ഷക്കൊത്ത് ഉയരാനായിട്ടില്ല. സഞ്ജു സാംസണിന്റെ ഫോമിലാണ് ടീമിന്റെ പ്രതീക്ഷ. ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടിയ സഞ്ജു രണ്ടാം മത്സരത്തിലും മികവ് തുടരേണ്ടത് ടീമിന് വിജയവഴിയില്‍ തിരിച്ചെത്താന്‍ അത്യാവശ്യമാണ്.