ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ് ആവേശം ഏപ്രില്‍ 9ന് ആരംഭിക്കുകയാണ്. തുടര്‍ച്ചായി രണ്ട് തവണ കിരീടം നേടിയ മുംബൈ ഇന്ത്യന്‍സ് തന്നെയാണ് ഇത്തവണയും ഫേവറേറ്റുകള്‍. ഇത്തവണ ഇന്ത്യയില്‍ത്തന്നെയാണ് ടൂര്‍ണമെന്റ് നടക്കുന്നതെങ്കിലും ഒരു ടീമിനും തട്ടകത്തിന്റെ ആധിപത്യം ഇല്ല. ഇന്ത്യയിലെ ആറ് വേദികളിലായാണ് മത്സരം നടക്കുന്നത്. ഇപ്പോഴിതാ ഇത്തവണ കിരീടം ആര് നേടുമെന്നത് സംബന്ധിച്ച് തന്റെ പ്രവചനം പുറത്തുവിട്ടിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയിന്.
രോഹിത് ശര്‍മ നായകനായ മുംബൈ ഇന്ത്യന്‍സിന് തന്നെയാണ് ഇത്തവണയും കൂടുതല്‍ സാധ്യതയെന്നാണ് അദ്ദേഹം പറഞ്ഞത്. 'എല്ലാ ടീമും ശക്തരാണ്. എന്നാല്‍ മുംബൈ ഇന്ത്യന്‍സിന് അല്‍പ്പം മുന്‍തൂക്കമുണ്ട്. ക്വിന്റന്‍ ഡീകോക്ക് എന്റെ ഇഷ്ട താരങ്ങളിലൊരാളാണ്. അതിനാല്‍ അവനെയും ഞാന്‍ പിന്തുണയ്ക്കും'- ട്വിറ്ററിലെ ആരാധകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു സ്റ്റെയിന്.
അഞ്ച് തവണ ഐപിഎല്‍ ചാമ്പ്യന്മാരായ ടീമാണ് മുംബൈ. ഇത്തവണയും കരുത്തരായ താരനിര അവര്‍ക്കൊപ്പമുണ്ട്. രോഹിത്, ഡീകോക്ക്, സൂര്യകുമാര്‍, ഇഷാന്, ഹര്‍ദിക്, ക്രുണാല്‍, കീറോണ്‍ പൊള്ളാര്‍ഡ്, ജസ്പ്രീത് ബുംറ, ട്രന്റ് ബോള്‍ട്ട് തുടങ്ങി തകര്‍പ്പന്‍ താരനിര ഇത്തവണയും മുംബൈക്കൊപ്പമുണ്ട്. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ കളിച്ച് പരിചയസമ്പന്നരായ നിരയാണ് മുംബൈയുടേത്.
നേരത്തെ ഐപിഎല്ലിനെ വിമര്‍ശിച്ച് സ്റ്റെയിന് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിന് അദ്ദേഹം തന്നെ വ്യക്തത നല്‍കിയിരിക്കുകയാണ്. 'ഐപിഎല്ലില്‍ കളിക്കുമ്പോള്‍ അവിടെ നമുക്ക് കാണാന്‍ സാധിക്കുന്നത് ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളെയാണ്. അവിടെ താരങ്ങള്‍ക്ക് ലഭിക്കുന്ന പണത്തിന്റെ കണക്കുകളിലാണ് കൂടുതല്‍ ശ്രദ്ധ. അപ്പോള്‍ ക്രിക്കറ്റിനെ മറന്ന് പോകുന്നു'-സ്റ്റെയിന് പറഞ്ഞു.
ലോകത്തിലെ ഏറ്റവും മികച്ച പേസര്‍മാരിലൊരാളായിരുന്ന സ്റ്റെയിന് ഇത്തവണ ഐപിഎല്ലില്‍ കളിക്കുന്നില്ല. ആര്‍സിബിക്കുവേണ്ടിയാണ് അവസാനമായി അദ്ദേഹം കളിച്ചത്. 37കാരനായ താരം 95 ഐപിഎല്ലില്‍ നിന്നായി 97 വിക്കറ്റാണ് വീഴ്ത്തിയിട്ടുള്ളത്.ആര്‍സിബി,ഡെക്കാന്‍ ചാര്‍ജേഴ്സ്,സണ്‍റൈസേഴ്സ് ഹൈദരാബാദ്,ഗുജറാത്ത് ലയണ്‍സ് ടീമുകള്‍ക്കുവേണ്ടിയാണ് ഐപിഎല്ലില്‍ കളിച്ചിട്ടുള്ളത്. നിലവില്‍ പാകിസ്താന് സൂപ്പര്‍ ലീഗില്‍ അദ്ദേഹം കളിക്കുന്നുണ്ട്.
ഇത്തവണ മുംബൈ ഇന്ത്യന്‍സിന്റെ കിരീടകുതിപ്പിന് കടിഞ്ഞാണിടാന്‍ ഉറച്ചാണ് മറ്റ് ഏഴ് ടീമുകളുമുള്ളത്. വിരാട് കോലിയുടെ ആര്‍സിബി ഇത്തവണ മികച്ച നിരയാണ്. ഗ്ലെന്‍ മാക്സ്വെല്ലിനെ കൊണ്ടുവന്നതോടെ ടീമിന്റെ ആത്മവിശ്വാസം ഉയര്‍ന്നു. മികച്ച ബൗളിങ് നിരയും ടീമിലുണ്ട്. കെകെആര്‍,ഡല്‍ഹി ക്യാപിറ്റല്‍സ്,പഞ്ചാബ് കിങ്സ്,രാജസ്ഥാന് റോയല്‍സ് എന്നിവര്‍ക്കൊപ്പമെല്ലാം ഇത്തവണയും പ്രതിഭാശാലികളുടെ നീണ്ട നിരയുണ്ട്.