മുംബൈ: ഇന്ത്യ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ മൂന്ന് തോല്‍വിക്ക് ശേഷം വിജയവഴിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. കെകെആറിനെ ആറ് വിക്കറ്റിനാണ് സഞ്ജു സാംസണും സംഘവും തോല്‍പ്പിച്ചത്. ഇരു ടീമിനും ജയം നിര്‍ണ്ണായകമായ മത്സരത്തില്‍ ഭാഗ്യം രാജസ്ഥാനെ തുണച്ചു. അഞ്ച് മത്സരത്തില്‍ നാലിലും തോറ്റ കെകെആര്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്കെത്തി. 16.25 കോടിക്ക് രാജസ്ഥാന്‍ ടീമിലെടുത്ത ക്രിസ് മോറിസിന്റെ ബൗളിങ് പ്രകടനമാണ് കെകെആറിനെ 133 എന്ന ചെറിയ സ്‌കോറിലേക്ക് ഒതുക്കിയത്.
ഇപ്പോഴിതാ തുടര്‍ തോല്‍വികള്‍ക്ക് ശേഷം രാജസ്ഥാന്‍ എങ്ങനെയാണ് വിജയവഴിയില്‍ തിരിച്ചെത്തിയതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മോറിസ്. ടീമിന്റെ പദ്ധതികള്‍ കൃത്യമായി നടപ്പിലാക്കാനായതാണ് വിജയത്തിന് സഹായിച്ചതെന്നാണ് മോറിസ് പറയുന്നത്. 'ആര്‍സിബിക്കെതിരേ 10 വിക്കറ്റിന്റെ തോല്‍വി ഏറ്റുവാങ്ങിയ ശേഷമാണ് ഞങ്ങള്‍ കളിക്കുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. ഇന്നത്തെ മത്സരത്തില്‍ ഞങ്ങളുടെ പദ്ധതികള്‍ കൃത്യമായി നടപ്പിലാക്കാനായി. ബൗളര്‍മാര്‍ നല്ല ലൈനും ലെങ്തും കാത്തപ്പോള്‍ നന്നായി സ്ലോ ബോളും യോര്‍ക്കറും ചെയ്യാനും സാധിച്ചു'-മോറിസ് പറഞ്ഞു.

ആര്‍സിബിയുടെ ഒരു വിക്കറ്റ് പോലും നേടാന്‍ സാധിക്കാതിരുന്ന രാജസ്ഥാന്‍ ബൗളര്‍മാര്‍ കെകെആറിനെതിരേ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ജയദേവ് ഉനദ്ഘട്ട് നാല് ഓവറില്‍ 25 റണ്‍സ് വഴങ്ങി 1 വിക്കറ്റ് വീഴ്ത്തി. ചേതന്‍ സക്കറിയ 31 റണ്‍സ് വഴങ്ങിയാണ് 1 വിക്കറ്റ് നേടിയത്. മുസ്തഫിസുര്‍ റഹ്മാന്‍ 22 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ഒരു വിക്കറ്റ് നേടിയത്. ക്രിസ് മോറിസ് നാല് ഓവറില്‍ 23 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് വീഴ്ത്തിയത്.
ടീമെന്ന നിലയില്‍ നല്ലൊരു ചര്‍ച്ച ടീമിനുള്ളില്‍ ഞങ്ങള്‍ നടത്തിയിട്ടുണ്ട്. ആദ്യ ഏഴ് ഓവറില്‍ മികച്ച തുടക്കം നേടിയെടുക്കാന്‍ ഞങ്ങള്‍ക്കായി. ടീമിലെ എല്ലാവരും നായകന്മാരാണ്. ചേതന്‍ അവസാന വര്‍ഷം ആര്‍സിബിയുടെ നെറ്റ് ബൗളറായിരുന്നു. അതിനാല്‍ അവനുമായി നേരത്തെ തന്നെ ബന്ധം ഉണ്ടായിരുന്നു. മുസ്തഫിസുറും മികവ് കാട്ടുന്നു. എല്ലാവരും തങ്ങളുടേതായ രീതിയില്‍ നായകന്മാരാണ്. സമ്മര്‍ദ്ദത്തില്‍ നിന്ന് കരകയറ്റാന്‍ ഉപദേശങ്ങള്‍ നല്‍കാന്‍ മികച്ച ആളുകള്‍ ടീമിനൊപ്പമുണ്ട്'-മോറിസ് കൂട്ടിച്ചേര്‍ത്തു. നിലവില്‍ ആറാം സ്ഥാനത്താണ് രാജസ്ഥാന്‍. മുംബൈ ഇന്ത്യന്‍സാണ് രാജസ്ഥാന്റെ അടുത്ത എതിരാളികള്‍.