ഇന്ത്യന്‍ ആരാധകരെ മാത്രമല്ല ക്രിക്കറ്റ് പ്രേമികളെയാകെ അമ്പരപ്പിച്ചു കൊണ്ടായിരുന്നു ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി താന്‍ ഇന്ത്യയുടെ ട്വന്റി-20 നായക സ്ഥാനത്തില്‍ നിന്നും പിന്മാറുകയാണെന്ന് അറിയിച്ചത്. ഈ ലോകകപ്പോടെ താന്‍ നായകസ്ഥാനത്തില്‍ നിന്നും പിന്മാറുകയാണെന്നായിരുന്നു കോഹ്ലി അറിയിച്ചത്. ആരാധകരേയും ക്രിക്കറ്റ് ലോകത്തേയുമെല്ലാം അമ്പരപ്പിക്കുന്നതായിരുന്നു കോഹ്ലിയുടെ തീരുമാനം. എന്നാല്‍ ഈ തീരുമാനത്തിന്റെ അമ്പരപ്പ് മാറുന്നതിന് മുമ്പ് തന്നെ മറ്റൊരു പ്രഖ്യാപനവുമായി കോഹ്ലി എത്തി.
ഐപിഎല്‍ ടീമായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നായകസ്ഥാനവും ഉപേക്ഷിക്കുകയാണെന്നായിരുന്നു കോഹ്ലി അറിയിച്ചത്. ഈ സീസണോടെ താന്‍ ബാംഗ്ലൂരിന്റെ നായകസ്ഥാനത്തു നിന്നും മാറുകയാണെന്നും എന്നാല്‍ ഐപിഎല്ലില്‍ കളിക്കുന്നത്ര കാലം താരമായി ബാംഗ്ലൂരിനൊപ്പം തന്നെയുണ്ടാകുമെന്നുമായിരുന്നു കോഹ്ലി അറിയിച്ചത്. ഐപിഎല്‍ 2021 ന്റെ രണ്ടാം പാദ മത്സരങ്ങള്‍ ആരംഭിക്കുന്ന അന്ന് തന്നെയായിരുന്നു കോഹ്ലിയുടെ പ്രഖ്യാപനം. ഇന്നലെ രാത്രിയോടെയായിരുന്നു താരം തന്റെ തീരുമാനം അറിയിച്ചത്.
കോഹ്ലിയുടെ തീരുമാനത്തിന് പിന്നിലെ കാരണം തേടിയലയുകയാണ് ആരാധകരും ക്രിക്കറ്റ് ലോകവും. കഴിഞ്ഞ കുറച്ച് കാലമായി ഫോമിലേക്ക് ഉയരാന്‍ സാധിക്കാത്തതിന്റെ സമ്മര്‍ദ്ദത്തിലാണ് കോഹ്ലിയെന്നും അതിനാല്‍ അമിതഭാരം ഒഴിവാക്കുകയാണ് ഈ പിന്മാറ്റങ്ങള്ക്ക് പിന്നിലെ കാരണമെന്നുമാണ് വിലയിരുത്തലുകള്‍. കോഹ്ലിയുടെ തീരുമാനത്തെ അഭിനന്ദിച്ചും വിമര്‍ശിച്ചുമെല്ലാം ക്രിക്കറ്റ് ലോകത്തു നിന്നും പലരും ംരംഗത്ത് എത്തിയിട്ടുണ്ട്. ഇതിനിടെ രസകരമായൊരു വിലയിരുത്തലുമായി എത്തിയിരിക്കുകയാണ് മുന്‍ ഓസ്ട്രേലിയന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്ഗ്.
ഇന്ത്യയുടെ ട്വന്റി-20 നായകസ്ഥാനവും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നായകസ്ഥാനവും കോഹ്ലി ഉപേക്ഷിച്ചത് തന്റെ ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാനാണെന്നാണ് ഹോഗ്ഗ് പറയുന്നത്. ഇതിലൂടെ സച്ചിന്റെ നൂറ് രാജ്യാന്തര സെഞ്ചുറികള്‍ എന്ന റെക്കോര്‍ഡ് തകര്‍ക്കുകയാണ് കോഹ്ലിയുടെ ലക്ഷ്യമെന്നുമാണ് ഹോഗ്ഗ് പറയുന്നത്. താരത്തിന്റെ വാക്കുകൡലേക്ക്.
''അദ്ദേഹം ഇന്ത്യയുടെ ട്വന്റി-20 നായകസ്ഥാനത്തു നിന്നും ആര്‍സിബിയുടെ നായകസ്ഥാനത്തു നിന്നും പിന്മാറിയിരിക്കുകയാണ്. ഇത് വലിയൊരു കാര്യമാണ്. അദ്ദേഹത്തിന് ഇന്ത്യയെ ഏകദിനത്തിലും ടെസ്റ്റിലും നയിക്കണം. പക്ഷെ അവന്റെ കണ്മുന്നില് മറ്റൊരു റെക്കോര്‍ഡ് കൂടിയുണ്ട്. സച്ചിന് ടെണ്ടുല്‍ക്കറുടെ നൂറ് രാജ്യാന്തര സെഞ്ചുറികള്‍ എന്ന റെക്കോര്‍ഡാണ് അവന്റെ ലക്ഷ്യം'' എന്നായിരുന്നു ഹോഗ്ഗ് തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞത്.
നിലവില്‍ കോഹ്ലിയ്ക്ക് 73 രാജ്യാന്തര സെഞ്ചുറികളാണുള്ളത്. ഇതില്‍ 43 എണ്ണം ഏകദിനത്തില്‍ നിന്നും 27 എണ്ണം ടെസ്റ്റില്‍ നിന്നും ഉള്ളതാണ്. സച്ചിന്റെ 49 ഏകദിന സെഞ്ചുറികളെന്ന റെക്കോര്‍ഡിനൊപ്പം എത്താനും മറി കടക്കാനുമൊക്കെ സാധിക്കുമെങ്കിലും 51 ടെസ്റ്റ് സെഞ്ചുറികളെന്ന നേട്ടത്തിനരികിലെത്താന്‍ ഒരുപാട് ദൂരം ഇനിയും സഞ്ചരിക്കേണ്ടി വരുമെന്നുറപ്പാണ്. അതിനാല്‍ തന്റെ ശ്രദ്ധ മുഴുവന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ സമര്‍പ്പിച്ച് റെക്കോര്‍ഡ് മറി കടക്കാന്‍ ശ്രമിക്കുമെന്നാണ് മുന്‍ ഓസീസ് താരം പറയുന്നത്.
''നിലവില്‍ 43 ഏകദിന സെഞ്ചുറികളുള്ളതിനാല് സച്ചിന്റെ ഏകദിന സെഞ്ചുറികളുടെ റെക്കോര്‍ഡിനൊപ്പം എത്തുമെന്നുറപ്പാണ്. പക്ഷെ അവന് ടെസ്റ്റില്‍ 27 സെഞ്ചുറികള്‍ മാത്രമാണുള്ളത്. 200 മത്സരങ്ങളില്‍ നിന്നും 51 സെഞ്ചുറികളാണ് സച്ചിനുള്ളത്. ടെസ്റ്റില്‍ ശ്രദ്ധിച്ച് സച്ചിന്റെ 51 ടെസ്റ്റ് സെഞ്ചുറികളുടെ റെക്കോര്‍ഡിനൊപ്പം എത്തുകയായിരിക്കും കോഹ്ലിയുടെ മുന്നിലെ ലക്ഷ്യമെന്ന് തോന്നുന്നു. അവന് ലോകത്തിലെ ഏറ്റവും മഹാനായ ക്രിക്കറ്റ് താരമാകണം. അതിലേക്കാണ് കോഹ്ലി പോകുന്നത്'' എന്നാണ് ബ്രാഡ് ഹോഗ്ഗിന്റെ വിശദീകരണം.
അതേസമയം രണ്ടാം പാദ മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് ഐപിഎല്‍ പൂരം ആരംഭിച്ചിരിക്കുകയാണ്. ചെന്നൈ സൂപ്പര്‍ കിംഗ്സും മുംബൈ ഇന്ത്യന്‍സും തമ്മിലായിരുന്നു ആദ്യ മത്സരം. വാശിയേറിയ മത്സരത്തില്‍ ചെന്നൈ മുംബൈയെ പരാജയപ്പെടുത്തുകയായിരുന്നു. വിരാട് കോഹ്ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്സിന്റെ ആദ്യ മത്സരം ഇന്നാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് ബാംഗ്ലൂരിന്റെ മത്സരം. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം തുടക്കത്തില്‍ തന്നെ ബാംഗ്ലൂരിന്റെ നില പരുങ്ങലിലാണ്.
ഓപ്പണറും നായകനുമായ കോഹ്ലിയെ ബാംഗ്ലൂരിന് ആദ്യം തന്നെ നഷ്ടമായിട്ടുണ്ട്. 10 ഓവറിനുള്ളില്‍ ബാംഗ്ലൂരിന്റെ നാല് മുന്‍നിര താരങ്ങളാണ് പുറത്തായത്. വിരാട് കോഹ്ലിയ്ക്ക് പുറമെ എബി ഡിവില്യേഴ്സിനേയും ദേവ്ദത്ത് പടിക്കലിനേയും ബാംഗ്ലൂരിന് നഷ്ടമായി. പോയന്റ് ടേബിളില്‍ ആദ്യ നാലിലുള്ള ബാംഗ്ലൂര്‍ തുടക്കത്തിലെ മത്സരങ്ങള്‍ ജയിച്ച് പ്ലേ ഓഫില്‍ കയറുകയാണ് കോഹ്ലിപ്പടയുടെ ലക്ഷ്യം. നായകനായുള്ള അവസാന സീസണ് കപ്പുയര്‍ത്തി അവസാനിപ്പിക്കാനായിരിക്കും കോഹ്ലിയുടേയും ആഗ്രഹം. അതേ പ്ലേ ഓഫില്‍ കയറണമെങ്കില്‍ കൊല്‍ക്കത്തയ്ക്ക് ഓരോ മത്സരവും നിര്‍ണായകമാണ്.