ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദം സെപ്തംബര്‍ 19ന് ആരംഭിക്കുകയാണ്. ഒക്ടോബര്‍ 15വരെ നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റിന് യുഎഇയാണ് വേദിയാവുന്നത്. ഇന്ത്യയില്‍ നടന്ന ആദ്യ പാദം കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് പാതിവഴിയില്‍ നിന്നുപോയിരുന്നു. ഈ സാഹചര്യത്തിലാണ് രണ്ടാം പാദം യുഎഇയില്‍ നടത്താന്‍ തീരുമാനിച്ചത്.
രണ്ടാം പാദത്തിന് മുന്നോടിയായി ടീമുകള്‍ക്കുള്ള കോവിഡ് ചട്ടങ്ങളും ടൂര്‍ണമെന്റിലെ നിയമങ്ങളില്‍ വരുത്തിയ മാറ്റങ്ങളും ബിസിസി ഐ പുറത്തുവിട്ടിരിക്കുകയാണ്. പൂര്‍ണ്ണമായും കോവിഡിനെ ചെറുക്കാനുള്ള നിയമങ്ങളുമായാണ് രണ്ടാം പാദം എത്തുന്നത്. 46 പേജുള്ള നിയമാവലിയാണ് ബിസിസി ഐ പുറത്തിറക്കിയിരിക്കുന്നത്. അത് എന്തൊക്കെയാണെന്ന് വിശദമായി പരിശോധിക്കാം.
നേരത്തെ പന്ത് സ്റ്റേഡിയത്തിലേക്ക് അടിച്ചാല്‍ തിരിച്ചെടുത്ത് സാനിറ്റൈസ് ചെയ്ത് ഉപയോഗിക്കുമായിരുന്നു. എന്നാല്‍ രണ്ടാം പാദത്തില്‍ ഇങ്ങനെ ചെയ്യില്ല. സ്റ്റേഡിയത്തിലേക്ക് പന്ത് പോയാല്‍ പകരം പുതിയ പന്താവും ഉപയോഗിക്കുക. സ്‌റ്റേഡിയത്തിലേക്ക് പോയ പന്ത് ബോള്‍ ലൈബ്രററിയില്‍ സൂക്ഷിക്കും. സ്‌റ്റേഡിയത്തിലേക്കെത്തുന്ന പന്ത് തിരിച്ചെടുത്ത് നല്‍കുമ്പോള്‍ കോവിഡ് വ്യാപനത്തിന് സാധ്യത കൂടുതലാണെന്ന് വിലയിരുത്തിയാണ് ഇത്തരമൊരുനീക്കം.

ഒരു വമ്പന്‍ സിക്‌സര്‍ നേടിയ ശേഷം അടുത്ത പന്ത് പുതിയ പന്ത് നേരിടേണ്ടി വരുന്നത് ബാറ്റ്‌സ്മാനെ പ്രയാസപ്പെടുത്തുമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. യുഎഇയില്‍ സ്പിന്നര്‍മാര്‍ക്ക് തിളങ്ങാനാവും. ഈ പുതിയ നിയമം സ്പിന്നര്‍മാരെയും പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്. കൂടാതെ പന്തില്‍ ഉമിനീര് ഉപയോഗിക്കാന്‍ പാടില്ലെന്ന നിയമം തുടരും. ഉമിനീര്‍ ഉപയോഗിച്ചാല്‍ ആദ്യം അത് അംപയര്‍ താക്കീത് നല്‍കും. ഇത് ആവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അഞ്ച് റണ്‍സ് പെനാല്‍റ്റിയായി ബാറ്റിങ് ടീമിന് നല്‍കും.
ശക്തമായ ബയോബബിള്‍ സുരക്ഷയാണ് നല്‍കിയിരിക്കുന്നത്. ബബിള്‍ ലംഘിക്കുന്ന ഒരു നടപടിയും അനുവദിക്കില്ലെന്ന ശക്തമായ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. താരങ്ങളോടൊപ്പം കുടുംബം ഉണ്ടെങ്കില്‍ കര്‍ശനമായും ബയോബബിള്‍ സുരക്ഷ അവരും പാലിച്ചിരിക്കണം. ലംഘിച്ചാല്‍ അച്ചടക്ക നടപടി ഉണ്ടാകുമെന്നാണ് ബിസിസിഐ വ്യക്തമാക്കുന്നത്.
ഇന്ത്യയില്‍ നിന്ന് പുറപ്പെടുന്നതിന്റെ 72 മണിക്കൂര്‍ മുമ്പുള്ള ആര്‍ടിപിസിആര്‍ ഫലം നിര്‍ബന്ധമാണ്. ആര്‍ടിപിസിആര്‍ ടെസ്റ്റിന് ശേഷവും ക്വാറന്റെയ്ന്‍ കൃത്യമായി നോക്കണം. അടിയന്തര ഘട്ടത്തില്‍ അനുവാദത്തോടെ മാത്രമെ ബയോബബിളില്‍ നിന്ന് പുറത്തുപോകാനാവു. അല്ലാത്തപക്ഷം അച്ചടക്ക നടപടി നേരിടേണ്ടി വരും. ബ്ലൂടൂത്ത് ബാന്‍ഡ് ഇത്തവണയും താരങ്ങള്‍ക്കുണ്ടാവും.
നിരവധി സൂപ്പര്‍ താരങ്ങള്‍ രണ്ടാം പാദത്തില്‍ നിന്ന് വിട്ട്‌നില്‍ക്കുന്നുണ്ട്. പ്രധാനമായും വിദേശ താരങ്ങള്‍. ബയോബബിളിന്റെ പ്രയാസം ചൂണ്ടിക്കാട്ടിയാണ് ഇവര്‍ വിട്ടുനില്‍ക്കുന്നത്. ആദ്യ പാദം അവസാനിക്കുമ്പോള്‍ ഡല്‍ഹി,സിഎസ്‌കെ,ആര്‍സിബി,മുംബൈ എന്നിവരാണ് ആദ്യ നാല് സ്ഥാനങ്ങളിലുള്ളത്.