
സ്റ്റീവ് സ്മിത്ത്,ആരോണ്‍ ഫിഞ്ച്,ഗ്ലെന്‍ മാക്‌സ് വെല്‍ തുടങ്ങിയവരാണ് ഇതില്‍ പ്രധാനപ്പെട്ടവര്‍. പ്രമുഖ ഇന്ത്യന്‍ താരങ്ങളെയെല്ലാം ടീമുകള്‍ നിലനിര്‍ത്തിയിട്ടുണ്ട്. ഇത്തവണത്തെ താരലേലത്തിന് കളം ഒരുങ്ങിക്കഴിഞ്ഞിരിക്കവെ ഐപിഎല്‍ ലേലത്തില്‍ കൂടുതല്‍ പ്രതിഫലം വാങ്ങിയ ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

യുവരാജ് സിങ് (16 കോടി,14 കോടി)
താരലേലത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിച്ച ഇന്ത്യന്‍ താരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ യുവരാജ് സിങ്ങാണ്. 2015ലെ താരലേലത്തില്‍ 16 കോടിക്ക് ഡല്‍ഹി ഡെയര്‍ ഡെവിള്‍സാണ് യുവരാജ് സിങ്ങിനെ വാങ്ങിയത്. ആര്‍സിബി ഒഴിവാക്കിയതിന് പിന്നാലെയായിരുന്നു ഡല്‍ഹി യുവിയെ സ്വന്തമാക്കിയത്. എന്നാല്‍ 248 റണ്‍സും ഒരു വിക്കറ്റും മാത്രമാണ് യുവരാജിന് നേടാനായത്. ഇതോടെ യുവരാജിനെ ഡല്‍ഹി കൈവിട്ടു. ഒപ്പം ഗാരി കേഴ്സ്റ്റനെ പരിശീലകസ്ഥാനത്ത് നിന്ന് നീക്കി രാഹുല്‍ ദ്രാവിഡിനെ തല്‍സ്ഥാനത്ത് എത്തിക്കുകയും ചെയ്തു.

2014ല്‍ ആര്‍സിബിയാണ് യുവരാജിനെ 14 കോടിക്ക് വാങ്ങിയത്. എന്നാല്‍ ടീമിനെ സംബന്ധിച്ച് നഷ്ട കച്ചവടമായിരുന്നു ഇത്. 376 റണ്‍സും അഞ്ച് വിക്കറ്റുമാണ് യുവരാജ് നേടിയത്. ഇതോടെ ആര്‍സിബി അദ്ദേഹത്തെ ഒഴിവാക്കുകയും ചെയ്തു. അന്താരാഷ്ട്ര ക്രിക്കറ്റിലെ മികവ് ഐപിഎല്ലില്‍ ആവര്‍ത്തിക്കാന്‍ യുവരാജിന് സാധിച്ചില്ല.

ദിനേഷ് കാര്‍ത്തിക് (12.5 കോടി)
വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ദിനേഷ് കാര്‍ത്തികിനെ 2014ല്‍ 12.5 കോടിക്കാണ് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് സ്വന്തമാക്കിയത്. എന്നാല്‍ 325 റണ്‍സാണ് അദ്ദേഹത്തിന് നേടാനായത്. ഇതോടെ തൊട്ടടുത്ത സീസണില്‍ത്തന്നെ കാര്‍ത്തികിനെ ടീം ഒഴിവാക്കി. 2015ല്‍ ആര്‍സിബി കാര്‍ത്തികിനെ വാങ്ങിയെങ്കിലും ഒറ്റ സീസണോടെ ഒഴിവാക്കി. നിലവില്‍ കെകെആറിന്റെ ഭാഗമാണ് ദിനേഷ് കാര്‍ത്തിക്.

ജയദേവ് ഉനദ്ഘട്ട് (11.5 കോടി)
പേസ് ബൗളര്‍ ജയദേവ് ഉനദ്ഘട്ട് 2017ല്‍ പൂനെ സൂപ്പര്‍ ജയ്ന്റിസിനൊപ്പം തിളങ്ങിയതോടെയാണ് 2018 ലേലത്തിലെ നോട്ടപ്പുള്ളിയായി മാറിയത്. പഞ്ചാബും ചെന്നൈയും 11 കോടി രൂപവരെ ഉനദ്ഘട്ടിനായി മുടക്കാന്‍ തയ്യാറായെങ്കിലും 11.5 കോടിക്ക് രാജസ്ഥാന്‍ റോയല്‍സ് താരത്തെ സ്വന്തമാക്കുകയായിരുന്നു. എന്നാല്‍ മോശം പ്രകടനത്തെത്തുടര്‍ന്ന് രാജസ്ഥാന്‍ ഒഴിവാക്കിയെങ്കിലും വീണ്ടും താരത്തെ ടീമിലെത്തിച്ചു. അവസാന മൂന്ന് സീസണില്‍ നിന്ന് 25 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്.

ഗൗതം ഗംഭീര്‍ (11.04 കോടി)
കെകെആറിനെ രണ്ട് തവണ ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ച നായകനാണ് ഗൗതം ഗംഭീര്‍. ഡല്‍ഹി ക്യാപിറ്റല്‍സ് ഗംഭീറിനെ ഒഴിവാക്കിയപ്പോള്‍ 11.04 കോടിക്കാണ് ഇടം കൈയന്‍ ഓപ്പണറെ കെകെആര്‍ സ്വന്തമാക്കിയത്. 2012ലും 14 ലും ടീമിനെ കിരീടത്തിലേക്ക് നയിച്ച് ഗംഭീര്‍ ടീമിനോട് നീതി പുലര്‍ത്തി. ഏഴ് സീസണില്‍ കെകെആറിനെ നയിക്കാന്‍ ഗംഭീറിനായി.

കെ എല്‍ രാഹുല്‍ (11 കോടി)
പരിക്കിനെത്തുടര്‍ന്ന് ഐപിഎല്‍ 10ാം സീസണ്‍ നഷ്ടമായ രാഹുല്‍ 11ാം സീസണില്‍ ലേലത്തിലേക്ക് എത്തപ്പെട്ടു. 11 കോടി രൂപയ്ക്ക് കിങ്‌സ് ഇലവന്‍ പഞ്ചാബാണ് താരത്തെ സ്വന്തമാക്കിയത്. മിക്ക ടീമുകളും രാഹുലിനെ സ്വന്തമാക്കാനായി ശ്രമിച്ചുവെന്നതാണ് ശ്രദ്ധേയം. രാജസ്ഥാന്‍,മുംബൈ,ഹൈദരാബാദ് എന്നിവരെ മറികടന്നാണ് പഞ്ചാബ് രാഹുലിനെ സ്വന്തമാക്കിയത്. 2018ന് ശേഷം കളിച്ച സീസണിലെല്ലാം 500ന് മുകളില്‍ റണ്‍സ് രാഹുല്‍ നേടിയിട്ടുണ്ട്. അവസാന സീസണിലെ ഓറഞ്ച് ക്യാപ് രാഹുലിനായിരുന്നു.


Click it and Unblock the Notifications