IPL 2021 Auction: ഈ മൂന്ന് പേരെ ലക്ഷ്യമിട്ട് പ്രമുഖ ടീമുകള്‍, ലേലത്തില്‍ വാശിയേറിയ പോരാട്ടം ഉറപ്പ്
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന് മുന്നോടിയായുള്ള താരലേലത്തിന് കളം ഒരുങ്ങുകയാണ്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ഫെബ്രുവരി 18ന് ചെന്നൈയിലാവും താരലേലം നടക്കുക. ടീമുകളെല്ലാം ഇതിനോടകം ഒഴിവാക്കിയ താരങ്ങളുടെയും നിലനിര്‍ത്തിയ താരങ്ങളുടെയും പട്ടിക പുറത്തുവിട്ടിട്ടുണ്ട്. ആരാധകരെ ഞെട്ടിച്ച് ചില സൂപ്പര്‍ താരങ്ങളെയും ടീമുകള്‍ ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്. പുതിയ സീസണിന് മുമ്പായി ഒഴിവാക്കപ്പെട്ടെങ്കിലും ലേലത്തില്‍ അവസാന സീസണിനെക്കാള്‍ കൂടുതല്‍ പ്രതിഫലം ലഭിക്കാന്‍ സാധ്യതയുള്ള മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ജേസന്‍ റോയ്
ഡല്‍ഹി ക്യാപിറ്റല്‍സ് ജേസന്‍ റോയിയെ ഒഴിവാക്കിയത് ഞെട്ടിക്കുന്ന തീരുമാനമായിരുന്നു. കാരണം അവസാന സീസണില്‍ മികച്ചൊരു ഓപ്പണിങ് കൂട്ടുകെട്ട് കണ്ടെത്താന്‍ ബുദ്ധിമുട്ടിയ ഡല്‍ഹിക്ക് ഓപ്പണറെന്ന നിലയില്‍ അനുയോജ്യനായിരുന്നു ഇംഗ്ലണ്ട് താരം. അവസാന സീസണില്‍ വ്യക്തിപരമായ കാരണങ്ങളെക്കൊണ്ട് കളിക്കാതിരുന്ന റോയിയെ ഇത്തവണ ഡല്‍ഹി ഒഴിവാക്കിയതോടെ അദ്ദേഹത്തിനായി ലേലത്തില്‍ വാശിയേറിയ പോരാട്ടം നടക്കുമെന്നുറപ്പാണ്. ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ഓപ്പണറായ ജേസന്‍ റോയി പവര്‍പ്ലേയില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ മികവുള്ളവനും ഇന്ത്യയില്‍ കളിച്ച് പരിചയസമ്പത്തുള്ളവനുമായ താരമാണ്.

മുജീബുര്‍ റഹ്മാന്‍
2018ല്‍ നാല് കോടി രൂപയ്ക്ക് പഞ്ചാബ് സ്വന്തമാക്കിയ അഫ്ഗാന്‍ സ്പിന്നറായ മുജീബുര്‍ റഹ്മാനെ ഇത്തവണ ഒഴിവാക്കാനുള്ള പഞ്ചാബിന്റെ തീരുമാനം മികച്ച സ്പിന്നറെ കാത്തിരുന്ന ടീമുകള്‍ക്ക് അനുഗ്രഹമായി. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ തിളങ്ങാന്‍ കെല്‍പ്പുള്ള മുജീബുറിനായി ഒട്ടുമിക്ക ടീമുകളും ശ്രമിക്കുമെന്ന കാര്യം ഉറപ്പാണ്. അവസാന രണ്ട് സീസണിലും പഞ്ചാബ് താരത്തെ കൂടുതല്‍ ഉപയോഗിച്ചിരുന്നില്ല. നടന്നുകൊണ്ടിരിക്കുന്ന ബിബിഎല്ലില്‍ എട്ട് മത്സരത്തില്‍ നിന്ന് 14 വിക്കറ്റുമായി മുജീബുര്‍ തിളങ്ങുന്നുണ്ട്. അതിനാല്‍ത്തന്നെ വമ്പന്‍ തുകയ്ക്ക് ഇത്തവണ മുജീബിനെ വാങ്ങാന്‍ സാധ്യതയേറെയാണ്.

ജെയിംസ് പാറ്റിന്‍സന്‍
നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനൊപ്പം അവസാന സീസണില്‍ കളിച്ച താരമാണ് ഓസീസ് പേസര്‍ ജെയിംസ് പാറ്റിന്‍സന്‍. താരലേലത്തില്‍ വിറ്റുപോകാതിരുന്ന പാറ്റിന്‍സനെ ഒരു കോടി രൂപയ്ക്കാണ് പിന്നീട് മുംബൈ ടീമിലെത്തിച്ചത്. 10 മത്സരത്തില്‍ നിന്ന് 11 വിക്കറ്റുമായി യുഎഇയില്‍ തരക്കേടില്ലാതെ തിളങ്ങിയ പാറ്റിന്‍സനായി ഇത്തവണ ആവിശ്യക്കാര്‍ ഉണ്ടാകുമെന്നുറപ്പാണ്. മിക്ക ടീമുകളിലും മികച്ച പേസ് ബൗളറുടെ അഭാവം ഉള്ളതിനാല്‍ ഇന്ത്യയില്‍ കളിച്ച് പരിചയസമ്പത്തുള്ള പാറ്റിന്‍സനായി വാശിയേറിയ പോരാട്ടം നടക്കാന്‍ സാധ്യത കൂടുതലാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications