IPL 2021: 'എല്ലാവര്‍ക്കും ധോണിയാവാന്‍ കഴിയില്ല', റിഷഭ് പന്തിന് അല്‍പ്പം കൂടി സമയം നല്‍കൂ- നെഹ്‌റ
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ ഏറ്റവും കൂടുതല്‍ കിരീട സാധ്യത കല്‍പ്പിച്ച ടീമാണ് റിഷഭ് പന്ത് നായകനായ ഡല്‍ഹി ക്യാപിറ്റല്‍സ്. ലീഗ് ഘട്ടത്തിലെ ഒന്നാം സ്ഥാനക്കാരായി പ്ലേ ഓഫില്‍ കടന്ന ഡല്‍ഹിക്ക് പക്ഷെ ഈ മികവ് പ്ലേ ഓഫിലാവര്‍ത്തിക്കാനായില്ല. ആദ്യ ക്വാളിഫയറില്‍ സിഎസ്‌കെയോട് തോറ്റ ഡല്‍ഹി രണ്ടാം ക്വാളിഫയറില്‍ കെകെആറിനോടും തോറ്റ് പ്ലേ ഓഫ് കാണാതെ പുറത്തായിരിക്കുകയാണ്. കന്നി കിരീടം സ്വപ്‌നം കണ്ട ഡല്‍ഹിക്ക് മൂന്നാം സ്ഥാനത്തോടെ സീസണോട് വിടപറയേണ്ടി വന്നിരുന്നു.
ഡല്‍ഹിക്ക് ഫൈനലില്‍ എത്താന്‍ സാധിക്കാതെ വന്നതോടെ റിഷഭ് പന്തിനെതിരേ വിമര്‍ശനം ഉയര്‍ന്നിരുന്നു. റിഷഭിന്റെ നായകമികവിനെതിരേ ചോദ്യങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 24കാരനായ താരത്തിന്ന് നായകനാവാനുള്ള പക്വതയായിട്ടില്ലെന്നാണ് കൂടുതല്‍ ആളുകളും അഭിപ്രായപ്പെട്ടത്. ഇപ്പോഴിതാ റിഷഭ് പന്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ ആശിഷ് നെഹ്‌റ. എല്ലാവരും ധോണിയല്ലെന്നും റിഷഭിന് സമയം നല്‍കാനുമാണ് നെഹ്‌റ പറഞ്ഞത്.

'അടുത്ത സീസണിലും റിഷഭ് പന്തിനെ ഡല്‍ഹി ക്യാപിറ്റല്‍സ് നിലനിര്‍ത്തണം. എത്രത്തോളം അവസരം ലഭിക്കുന്നുവോ അത്രത്തോളം അവന് മികവ് കാട്ടാനാവും. അക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. അനുഭവങ്ങളിലൂടെ അവന്‍ മെച്ചപ്പെടുകയും ഫ്രാഞ്ചൈസിക്ക് നേട്ടമുണ്ടാവുകയും ചെയ്യും. ചില സാങ്കേതികമായ പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും നായകനെന്ന നിലയില്‍ മികച്ചവനാണവന്‍. എല്ലാവര്‍ക്കും എം എസ് ധോണിയാവാന്‍ സാധിക്കില്ല. ധോണി വന്നു 2007ലെ ടി20 ലോകകപ്പ് നേടി.
റിഷഭ് പന്തിന് മെച്ചപ്പെടാന്‍ അല്‍പ്പം കൂടി സമയം നല്‍കൂ. ഡല്‍ഹിയുടെ അവസാന മൂന്ന് മത്സരത്തിലെ പ്രകടനം നോക്കുക. ആര്‍സിബിയോടും സിഎസ്‌കെയോടും ഡല്‍ഹിയോടും ശക്തമായ പോരാട്ടം നടത്തിയാണ് തോറ്റത്.വിജയിച്ചില്ലെങ്കിലും മികച്ച പോരാട്ടം നടത്താനായി. നായകനെന്ന നിലയില്‍ ഇത്തരം ശക്തമായ മത്സരങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിക്കും. അടുത്ത സീസണിലും റിഷഭിനെ ഡല്‍ഹി നായകനാക്കുമെന്ന് പറയാം. പൂര്‍ണ്ണ മികവിലേക്കെത്താന്‍ അവന് അല്‍പ്പം കൂടി സമയം വേണ്ടിവരും'- നെഹ്‌റ പറഞ്ഞു.

ഇത്തവണ ശ്രേയസ് അയ്യരുടെ അഭാവത്തിലാണ് റിഷഭിനെ നായകനാക്കിയത്. രണ്ടാം പാദത്തില്‍ തിരിച്ചെത്തിയെങ്കിലും ആദ്യ പാദത്തിലെ മികവ് വിലയിരുത്തി റിഷഭിനെ നായകനായി തുടരാന്‍ അനുവദിക്കുകയായിരുന്നു. ശ്രേയസിന് നായകസ്ഥാനത്ത് തിരിച്ചെത്താന്‍ വരുന്ന സീസണില്‍ ഡല്‍ഹി അനുവദിക്കുമോ അതേ റിഷഭിനോട് തുടരാന്‍ ആവിശ്യപ്പെടുമോയെന്നത് കണ്ടറിയേണ്ട കാര്യമാണ്.
2020 ല്‍ ഡല്‍ഹിയെ ഫൈനലിലെത്തിച്ച താരമാണ് ശ്രേയസ്. നായകനെന്ന നിലയില്‍ അനുഭവസമ്പത്ത് കൂടുതലും ശ്രേയസിനുണ്ട്. ശ്രേയസിനെ നിലനിര്‍ത്താന്‍ തീരുമാനിച്ചാല്‍ നായകസ്ഥാനത്തേക്കും അദ്ദേഹത്തെ ഡല്‍ഹി തിരിത്തെത്തിച്ചേക്കും. റിഷഭിന് കൂടുതല്‍ അനുഭവസമ്പത്തിലേക്കെത്താന്‍ കൂടുതല്‍ മത്സരം കളിക്കേണ്ടതായുമുണ്ട്. കൂടാതെ ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദം റിഷഭിന് സ്വാഭാവിക ബാറ്റിങ് ശൈലിയിലേക്കെത്താന്‍ തടസമാവുന്നുമുണ്ട്. ഇതെല്ലാം വിലയിരുത്തുമ്പോള്‍ ശ്രേയസ് നായകസ്ഥാനത്തേക്ക് തിരിച്ചെത്താനാണ് സാധ്യത.

വീരേന്ദര്‍ സെവാഗും റിഷഭ് പന്തിന് പിന്തുണ അറിയിച്ച് രംഗത്തെത്തി. ഭാവി താരമാണെന്നും അടുത്ത 10 വര്‍ഷമെങ്കിലും ഡല്‍ഹിക്കൊപ്പം തുടരാന്‍ പന്തിനായേക്കുമെന്നാണ് സെവാഗ് അഭിപ്രായപ്പെട്ടത്. 'പന്തിനെ നായകസ്ഥാനത്ത് നിലനിര്‍ത്തണം. ഭാവി താരമാണവന്‍. 10 വര്‍ഷമെങ്കിലും ഡല്‍ഹിക്കായി കളിക്കാന്‍ അവനാകും. 2008 മുതല്‍ വിരാട് കോലി ആര്‍സിബിയുടെ ഭാഗമായി തുടര്‍ന്നതുപോലെ റിഷഭിനും ചെയ്യാനാവും. പുതിയ ടീം വന്നതിന് ശേഷമാവും നായകനെ തീരുമാനിക്കുക. പന്ത് ടീമിലില്ലെങ്കില്‍ മാത്രം ഡല്‍ഹിക്ക് പുതിയ സാധ്യതകള്‍ തേടാവുന്നതാണ്'- സെവാഗ് പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications