അറിയുമോ മുംബൈ ബാറ്റ്‌സ്മാന്മാരെ 'കടപുഴക്കിയ' ആന്ദ്രെ റസ്സലിന്റെ ഗെയിം പ്ലാന്‍?
എറിഞ്ഞത് കേവലം രണ്ടോവര്‍. വിട്ടുകൊടുത്തത് 15 റണ്‍സ്. വീഴ്ത്തിയതാകട്ടെ 5 വിക്കറ്റും! ചൊവാഴ്ച്ച ആന്ദ്രെ റസ്സല്‍ എന്ന തുറുപ്പുച്ചീട്ടിനെ കൊല്‍ക്കത്ത കൈമടക്കില്‍ നിന്ന് പുറത്തെടുത്തപ്പോള്‍ മുംബൈ കരുതിയില്ല തങ്ങള്‍ മൂക്കും കുത്തി വീഴുമെന്ന്. റസ്സലിന്റെ പുതിയ ബൗളിങ് തന്ത്രത്തില്‍ മുംബൈ ഇന്ത്യന്‍സ് പാടെ അടിപതറി.
എറൗണ്ട് ദി വിക്കറ്റില്‍ നിന്നും റസ്സല്‍ എറിഞ്ഞ വൈഡ് യോര്‍ക്കറുകള്‍ നേരിടാന്‍ മുംബൈ ബാറ്റ്‌സ്മാന്മാര്‍ പാടുപെടുകയായിരുന്നു. ആദ്യം കീറോണ്‍ പൊള്ളാര്‍ഡിനെതിരെയാണ് താരം ഈ അടവ് പയറ്റിയത്. പൊള്ളാര്‍ഡിന്റെ 'അഞ്ചാമത്തെയും ആറാമത്തെയും സ്റ്റംപുകള്‍' ലക്ഷ്യമാക്കി റസ്സല്‍ യോര്‍ക്കറുകള്‍ തൊടുത്തു.

ക്രീസിന്റെ കോണില്‍ നിന്ന് പന്തെറിയുമ്പോഴും ലൈനിലും ലെങ്തിലും റസ്സല്‍ പുലര്‍ത്തിയ അച്ചടക്കമാണ് ഇവിടെ പ്രത്യേകം പരാമര്‍ശിക്കേണ്ടത്. 135 കിലോമീറ്റര്‍ വേഗത്തിലെത്തിയ റസ്സലിന്റെ പന്തുകളില്‍ പൊള്ളാര്‍ഡ് അടക്കമുള്ള മുംബൈ ബാറ്റ്‌സ്മാന്മാര്‍ക്ക് സ്വതന്ത്രമായി ബാറ്റു വീശാന്‍ സാധിച്ചില്ല. ക്രുണാല്‍ പാണ്ഡ്യ ഉള്‍പ്പെടെയുള്ള ഇടംകയ്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്കെതിരെയും കൃത്യമായ ഗെയിം പ്ലാന്‍ റസ്സല്‍ കാഴ്ച്ചവെച്ചു.

വേഗം കുറഞ്ഞ ഹാര്‍ഡ് ലെങ്ത് പന്തുകളായിരുന്നു ക്രുണാലിനെതിരെ റസ്സല്‍ കരുതിവെച്ച ആയുധം. ഒപ്പം ഷോര്‍ട്ട് പിച്ച് പന്തുകളും ഇടവേളകളിലെത്തിയതോടെ റസ്സലിനെ നേരിടുക മുംബൈയ്ക്ക് അഗ്നിപരീക്ഷയായി മാറി.
പുതിയ ബൗളിങ് ടെക്‌നിക്കിന് അനുയോജ്യമായ ഫീല്‍ഡൊരുക്കമാണ് കെകെആര്‍ ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്‍ റസ്സലിന് സമ്മാനിച്ചത്. ഡീപ്പ് പോയിന്റില്‍ രണ്ടു ഫീല്‍ഡര്‍മാര്‍ നില്‍ക്കെ, എറൗണ്ട് ദി വിക്കറ്റില്‍ നിന്നും ഫുള്ളായും വൈഡായും എത്തുന്ന പന്തുകള്‍ അസാധാരണമായ ആംഗിളാണ് ബാറ്റ്‌സ്മാന് മുന്നില്‍ സൃഷ്ടിക്കുന്നത്.

പിച്ചില്‍ കോണോടുകോണ്‍ ചേര്‍ന്ന് പന്തെറിയുമ്പോള്‍ ബാറ്റ്‌സ്മാന് സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് സ്വിങ്ങ് ചെയ്യിക്കാന്‍ സാധിക്കില്ല; ഈ അവസരത്തില്‍ പന്തിന്റെ ഗതി സെക്കന്‍ഡ് സ്ലിപ്പിലേക്കായിരിക്കും. സാധാരണയായി ബാറ്റ്‌സ്മാന്റെ നേര്‍ക്ക് പന്തെറിയുമ്പോഴാണ് പന്ത് കൃത്യമായി കണക്ട് ചെയ്യപ്പെടുക.
ഫോമിലുള്ള ബാറ്റ്‌സ്മാന്മാര്‍ക്കെതിരെയും ഡെത്ത് ഓവറുകളില്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്മാര്‍ക്ക് എതിരെയും ഫലപ്രദമായി പ്രയോഗിക്കാവുന്ന അടവാണ് വൈഡ് യോര്‍ക്കറുകള്‍. ഇത്തരം പന്തുകള്‍ എതിരാളികളുടെ സ്‌കോറിങ് വേഗം കുറയ്ക്കും.

ക്രീസില്‍ ഏന്തിവലിഞ്ഞ് പന്തിന്റെ ലൈനിലേക്ക് വരാനും ലെഗ് സൈഡിലേക്ക് അടിച്ചകറ്റാനും ബാറ്റ്‌സ്മാന് കാര്യമായി വിയര്‍ക്കേണ്ടി വരും. കോണോടുകോണ്‍ എറിയുന്നതുകൊണ്ട് ബാറ്റ്‌സ്മാന്‍ കവറിലേക്ക് ഷോട്ട് പായിക്കാനും മുതിരില്ല. ചൊവാഴ്ച്ചത്തെ മത്സരത്തില്‍ പൊള്ളാര്‍ഡ് പുറത്തായവിധംതന്നെ വൈഡ് യോര്‍ക്കറുകള്‍ എന്തുമാത്രം ഫലപ്രദമാണെന്ന് പറഞ്ഞുവെയ്ക്കുന്നുണ്ട്. ഓഫ് സ്റ്റംപിന് വെളിയിലെത്തിയ വൈഡ് യോര്‍ക്കറിനെ കവറിന് മുകളിലൂടെ അടിച്ചകറ്റാനാണ് പൊള്ളാര്‍ഡ് ശ്രമിച്ചത്. പക്ഷെ സംഭവിച്ചതോ, റസ്സല്‍ സൃഷ്ടിച്ച അസാധാരണ ആംഗിള്‍ കാരണം പന്ത് ബാറ്റിലുരസി കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിന്റെ കൈകളിലെത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications