ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ് കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് പാതിവഴിയില്‍ നിര്‍ത്തിവെച്ചിരുന്നു. ഇന്ത്യയില്‍ നടന്ന ടൂര്‍ണമെന്റിലെ 29 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോഴേക്കും താരങ്ങളിലേക്കും കോവിഡ് വ്യാപനം എത്തുകയായിരുന്നു. 60 മത്സരങ്ങള്‍ ഉള്‍പ്പെട്ട ടൂര്‍ണമെന്റില്‍ 31 മത്സരങ്ങാണ് ഇനി നടക്കേണ്ടത്. ഇന്ത്യയിലെ കോവിഡ് സാഹചര്യം പരിഗണിച്ച് രണ്ടാം പാദം സെപ്തംബറിലും ഒക്ടോബറിലുമായി നടത്തുമെന്ന് ബിസിസി ഐ വ്യക്തമാക്കിയിരുന്നു.
ഇപ്പോഴിതാ രണ്ടാം പാദം സെപ്തംബര്‍ 19ന് ആരംഭിച്ച് ഒക്ടോബര്‍ 15ന് ഫൈനല്‍ നടത്താനാണ് ബിസിസി ഐ ആലോചിക്കുന്നതെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ടി20 ലോകകപ്പ് ഒക്ടോബറിലും നവംബറിലുമായി നടക്കാനിരിക്കെ അതിന് മുമ്പ് തന്നെ ഐപിഎല്ലിന്റെ 14ാം സീസണ് പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് ബിസിസി ഐ. ഐപിഎല്‍ പൂര്‍ണ്ണമായും റദ്ദാക്കിയാല്‍ ഏകദേശം 2500 കോടിയുടെ നഷ്ടം ബിസിസി ഐ വഹിക്കേണ്ടി വരുമെന്നതിനാണ് ഏത് വിധേനെയും ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നത്.
ബിസിസി ഐ ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ക്രിക് ട്രാക്കര്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ടൂര്‍ണമെന്റ് നടത്താന്‍ യുഎഇ താല്പര്യം അറിയിച്ചിട്ടുണ്ട്.2020ല്‍ വിജയകരമായി യുഎഇയില്‍ ഐപിഎല്‍ നടത്തിയിരുന്നു. അതിനാല്‍ത്തന്നെ വിദേശ താരങ്ങള്‍ക്കും യുഎഇയില്‍ ടൂര്‍ണമെന്റ് നടത്തുന്നതിനോട് വിയോജിപ്പില്ല. ഇന്ത്യയില്‍ ടൂര്‍ണമെന്റ് നടത്തുന്നതിനോട് പല വിദേശ താരങ്ങളും നേരത്തെ തന്നെ വിയോജിപ്പ് അറിയിച്ചിരുന്നു.
രണ്ടാം പാദം നടന്നാല്‍ പല പ്രമുഖ വിദേശ രാജ്യങ്ങളിലെ താരങ്ങളും പങ്കെടുക്കാനുള്ള സാധ്യത കുറവാണ്. ഇംഗ്ലണ്ട്,ഓസ്ട്രേലിയ,അഫ്ഗാനിസ്ഥാന്,ബംഗ്ലാദേശ്,ന്യൂസീലന്‍ഡ് തുടങ്ങിയ ടീമിലെ താരങ്ങള്‍ പങ്കെടുക്കാന്‍ സാധ്യത കുറവാണ്. ഈ ടീമുകള്‍ക്കെല്ലാം അന്താരാഷ്ട്ര മത്സരമുള്ളതിനാലാണ് ഐപിഎല്ലില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.
ആരൊക്കെ പങ്കെടുക്കാതിരുന്നാലും ഐപിഎല്ലുമായി മുന്നോട്ട് പോകുമെന്ന നിലപാടിലാണ് ബിസിസി ഐ. നിലവിലെ പോയിന്റ് പട്ടികയില്‍ ഡല്‍ഹി ഒന്നാം സ്ഥാനത്തും സിഎസ്കെ,ആര്‍സിബി,മുംബൈ ഇന്ത്യന്‍സ് ടീമുകള്‍ യഥാക്രമം രണ്ട് മുതല്‍ നാല് വരെ സ്ഥാനങ്ങളിലുണ്ട്. സണ്‍റൈസേഴ്സ് ഹൈദരാബാദാണ് അവസാന സ്ഥാനത്ത്.
വിദേശ താരങ്ങളുടെ അഭാവത്തില്‍ രണ്ടാം പാദം പല ടീമുകള്‍ക്കും കടുത്ത തിരിച്ചടിയാവും.രാജസ്ഥാന് റോയല്‍സിനെയും കെകെആറിനെയും ഹൈദരാബാദിനെയും വിദേശ താരങ്ങളുടെ അഭാവം കാര്യമായി ബാധിച്ചേക്കും. എന്നാല്‍ പ്രമുഖരായ സിഎസ്കെ,മുംബൈ,ആര്‍സിബി,ഡല്‍ഹി നിരയ്ക്ക് വിദേശ താരങ്ങളുടെ അഭാവം കാര്യമായി ബാധിച്ചേക്കില്ല.