
ഈ സീസണിലെ വിക്കറ്റ് വേട്ടക്കാരില്‍ ആര്‍സിബിയുടെ ഹര്‍ഷല്‍ പട്ടേല്‍ കുതിക്കുകയാണ്. 26 വിക്കറ്റുകള്‍ ഇതിനോടകം അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. ദേശീയ ടീമിനായി അരങ്ങേറ്റം കുറിക്കാത്ത താരത്തിന്റെ ഐപിഎല്ലിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണിത്. 2013ല്‍ ആര്‍സിബിക്കായി യുസ്‌വേന്ദ്ര ചഹാല്‍ 23 വിക്കറ്റ് വീഴ്ത്തിയിരുന്നു. അന്ന് അദ്ദേഹം ഇന്ത്യക്കുവേണ്ടി അരങ്ങേറിയിരുന്നില്ല. ഒരു ഇന്ത്യന്‍ ബൗളറുടെ സീസണിലെ മികച്ച രണ്ടാമത്തെ ബൗളിങ് പ്രകടനമെന്ന റെക്കോഡില്‍ ഭുവനേശ്വര്‍ കുമാറിനൊപ്പമെത്താനും ഹര്‍ഷലിനായി. 2020 സീസണില്‍ 27 വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ഈ റെക്കോഡില്‍ തലപ്പത്ത്. അടുത്ത മത്സരത്തിലൂടെ അദ്ദേഹം ഈ റെക്കോഡും മറികടക്കാനുള്ള സാധ്യത ഏറെയാണ്.
ഒരു ഐപിഎല്‍ സീസണില്‍ 20ാം ഓവറില്‍ 10 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ താരമായി ഹര്‍ഷല്‍ പട്ടേല്‍. ഡ്വെയ്ന്‍ ബ്രാവോ 2015ല്‍ 12 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. 9.31 ശരാശരിയാണ് ഹര്‍ഷലിന്റെ സ്‌ട്രൈക്കറേറ്റ്. ഐപിഎല്ലില്‍ ഒരു സീസണില്‍ 10ല്‍ക്കൂടുതല്‍ വിക്കറ്റ് നേടിയ ബൗളര്‍മാരിലെ മികച്ച സ്‌ട്രൈക്കറേറ്റുള്ള ബൗളറാണ് ഹര്‍ഷല്‍.

ഗ്ലെന്‍ മാക്‌സ് വെല്‍ തുടര്‍ച്ചയായ രണ്ടാം അര്‍ധ സെഞ്ച്വറിയോടെ തിളങ്ങി. കൂടാതെ ടി20യില്‍ 7000 റണ്‍സ് നേടുന്ന അഞ്ചാമത്തെ ഓസീസ് താരമാവാനും മാക്‌സ് വെല്ലിനായി.ഡേവിഡ് വാര്‍ണര്‍,ആരോണ്‍ ഫിഞ്ച്,ബ്രാഡ് ഹോഗ്,ഷെയ്ന്‍ വാട്‌സന്‍ എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയ ഓസീസ് താരങ്ങള്‍. രാജസ്ഥാനുവേണ്ടി 2019ന് ശേഷമുള്ള ഉയര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ടെന്ന നേട്ടം എവിന്‍ ലെവിസും യശ്വസി ജയ്‌സ്വാളും ചേര്‍ന്ന് നേടി. 77 റണ്‍സാണ് അവര്‍ സ്‌കോര്‍ബോര്‍ഡിനോട് ചേര്‍ത്തത്.

സീസണില്‍ 450 റണ്‍സ് സഞ്ജു സാംസണ്‍ പൂര്‍ത്തിയാക്കി. 452 റണ്‍സാണ് നിലവില്‍ അദ്ദേഹത്തിന്റെ പേരിലുള്ളത്. ശിഖര്‍ ധവാനാണ് റണ്‍വേട്ടക്കാരില്‍ സഞ്ജുവിന് മുന്നിലുള്ളത്. ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലി 20 പന്തില്‍ 25 റണ്‍സാണ് നേടിയത്. മത്സരത്തില്‍ അദ്ദേഹം റണ്ണൗട്ടാവുകയായിരുന്നു. 2015ന് ശേഷം ഇതാദ്യമായാണ് കോലി റണ്ണൗട്ടായി പുറത്താവുന്നത്. റിയാന്‍ പരാഗാണ് കോലിയെ റണ്ണൗട്ടാക്കിയത്. കഴിഞ്ഞ രണ്ട് മത്സരത്തിലും മികച്ച പ്രകടനം നടത്തിയ കോലിക്ക് രാജസ്ഥാന്‍ റോയല്‍സിനെതിരേ മികച്ച തുടക്കം ലഭിച്ചെങ്കിലും മുതലാക്കാനായില്ല.
ജയത്തോടെ ആര്‍സിബി പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി.11 മത്സരത്തില്‍ നിന്ന് 14 പോയിന്റുള്ള ആര്‍സിബി മൂന്നാം സ്ഥാനത്താണ്. 11 മത്സരത്തില്‍ നിന്ന് എട്ട് പോയിന്റുള്ള രാജസ്ഥാന്‍ ഏഴാം സ്ഥാനത്താണുള്ളത്.


Click it and Unblock the Notifications