IPL 2021: പൊരുതി ജയിച്ച് പഞ്ചാബ്, നായകനായി തിളങ്ങി രാഹുല്‍, മത്സരത്തിലെ എല്ലാ റെക്കോഡുകളുമിതാ
ഷാര്‍ജ: ബൗളര്‍മാര്‍ മികവ് കാട്ടിയ വാശിയേറിയ പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ അഞ്ച് റണ്‍സിന് തോല്‍പ്പിച്ച് പഞ്ചാബ് കിങ്‌സ്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്‌സ് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് നേടിയപ്പോള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സെടുക്കാനെ സാധിച്ചുള്ളു. രവി ബിഷ്‌നോയ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുഹമ്മദ് ഷമി രണ്ടും അര്‍ഷദീപ് സിങ് 1 വിക്കറ്റും പഞ്ചാബിനായി വീഴ്ത്തി.
ജേസന്‍ ഹോള്‍ഡര്‍ (47*) ഹൈദരാബാദിനായി പൊരുതിനോക്കിയെങ്കിലും വിജയത്തിലേക്കെത്തിക്കാനായില്ല. ടോപ് ഓഡര്‍ താരങ്ങളുടെ മെല്ലപ്പോക്ക് ബാറ്റിങ്ങാണ് ഹൈദരാബാദിന്റെ തോല്‍വിക്ക് കാരണമെന്ന് പറയാം. സീസണിലെ എട്ടാം തോല്‍വി വഴങ്ങിയ ഹൈദരാബാദിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചപ്പോള്‍ നാലാം ജയത്തോടെ പഞ്ചാബ് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി. നിരവധി റെക്കോഡുകളും മത്സരത്തില്‍ പിറന്നിട്ടുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.

ഐപിഎല്ലില്‍ 200 മത്സരം പൂര്‍ത്തിയാക്കുന്ന അഞ്ചാമത്തെ ടീമായി പഞ്ചാബ് കിങ്‌സ്. നേരത്തെ കിങ്‌സ് 11 പഞ്ചാബ് എന്നായിരുന്നു ടീമിന്റെ പേര്. മുംബൈ ഇന്ത്യന്‍സ്, ആര്‍സിബി, ഡല്‍ഹി ക്യാപിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നിവരാണ് പഞ്ചാബിന് മുമ്പ് ഈ നാഴികക്കല്ല് പിന്നിട്ടത്. സിഎസ്‌കെയ്ക്കും രാജസ്ഥാനും രണ്ട് വര്‍ഷം പുറത്തിരിക്കേണ്ടി വന്നതിനാല്‍ ഈ റെക്കോഡിന്റെ ഭാഗമാവാന്‍ സാധിച്ചില്ല.

മത്സരത്തില്‍ ബാറ്റുകൊണ്ട് നിരാശപ്പെടുത്തിയെങ്കിലും ഡേവിഡ് വാര്‍ണര്‍ മറ്റൊരു നാഴികക്കല്ലും പിന്നിട്ടു. 150 ഐപിഎല്‍ മത്സരം കളിക്കുന്ന മൂന്നാമത്തെ വിദേശ താരമെന്ന നേട്ടത്തിലാണ് വാര്‍ണര്‍ എത്തിയിരിക്കുന്നത്. കീറോണ്‍ പൊള്ളാര്‍ഡ്, എബി ഡിവില്ലിയേഴ്‌സ് എന്നിവരാണ് വാര്‍ണര്‍ക്ക് മുമ്പ് ഈ നേട്ടത്തിലെത്തിയത്.

പഞ്ചാബിനുവേണ്ടി രവി ബിഷ്‌നോയ് തകര്‍പ്പന്‍ പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. 24 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. താരത്തിന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണിത്. 29 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയതായിരുന്നു. ഇതിന് മുമ്പുള്ള താരത്തിന്റെ മികച്ച പ്രകടനം. പവര്‍പ്ലേയില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 20 റണ്‍സാണ് ഹൈദരാബാദ് നേടിയത്. ഈ സീസണിലെ ഏറ്റവും മോശം പവര്‍പ്ലേ സ്‌കോറാണിത്. രാജസ്ഥാനും മുംബൈ ഇന്ത്യന്‍സും 21 റണ്‍സ് വീതം പവര്‍പ്ലേയില്‍നേടിയിട്ടുണ്ട്. ഐപിഎല്‍ ചരിത്രത്തിലെ ഹൈദരാബാദിന്റെ മോശം പവര്‍പ്ലേ സ്‌കോറാണിത്.2013ല്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ 21 റണ്‍സിന് മൂന്ന് വിക്കറ്റ് എന്നതായിരുന്നു ഇതിന് മുമ്പുവരെയുള്ള ഹൈദരാബാദിന്റെ പവര്‍പ്ലേയിലെ ഏറ്റവും മോശം പ്രകടനം.

ക്രിസ് ഗെയ്‌ലിനെ ആറാം തവണയാണ് റാഷിദ് ഖാന്‍ പുറത്താക്കുന്നത്. ടി20യില്‍ ഏഴ് തവണ ഗെയ്‌ലിനെ പുറത്താക്കിയ ഡ്വെയ്ന്‍ ബ്രാവോ മാത്രമാണ് റാഷിദ് ഖാന് മുന്നിലുള്ളത്. ജേസന്‍ ഹോള്‍ഡര്‍ അപ്രതീക്ഷിത ബാറ്റിങ് പ്രകടനത്തിലൂടെ തന്റെ ഉയര്‍ന്ന ഐപിഎല്‍ സ്‌കോര്‍ സ്വന്തമാക്കി. 29 പന്തില്‍ അഞ്ച് സിക്‌സുള്‍പ്പെടെ 47 റണ്‍സാണ് ഹോള്‍ഡര്‍ നേടിയത്. ഒരു ബൗണ്ടറിപോലും ഇതിലില്ല. മത്സരത്തില്‍ മൂന്ന് വിക്കറ്റും അദ്ദേഹം നേടി. ഒരു മത്സരത്തില്‍ മൂന്ന് വിക്കറ്റും 40ലധികം റണ്‍സും നേടുന്ന നാലാമത്തെ താരമാണ് ഹോള്‍ഡര്‍. യുവരാജ് സിങ് (മൂന്ന് തവണ), ഡേവിഡ് വൈസി, ഹര്‍ദിക് പാണ്ഡ്യ എന്നിവരാണ് നേരത്തെ ഈ നേട്ടത്തിലെത്തിയത്.

പഞ്ചാബ് പ്രതിരോധിക്കുന്ന ഏറ്റവും കുറഞ്ഞ രണ്ടാമത്തെ ടോട്ടലാണ് 126. നേരത്തെ മുംബൈ ഇന്ത്യന്‍സിനെതിരേ 120 റണ്‍സ് പ്രതിരോധിക്കാന്‍ പഞ്ചാബിനായിരുന്നു. ഹൈദരാബാദിന് മറികടക്കാന്‍ സാധിക്കാതെ പോയ ഏറ്റവും കുറഞ്ഞ ടോട്ടലാണിത്. കഴിഞ്ഞ സീസണില്‍ പഞ്ചാബിനെതിരേ തന്നെ 127 റണ്‍സ് പിന്തുടര്‍ന്നിറങ്ങി ഹൈദരാബാദ് പരാജയപ്പെട്ടിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications