മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് പാതിവഴിയില്‍ റദ്ദാക്കിയിരിക്കുകയാണ്. 60 മത്സരങ്ങള്‍ ഉള്‍പ്പെട്ട പരമ്പരയിലെ 29 മത്സരങ്ങള്‍ മാത്രമാണ് നടത്താനായത്. അപ്പോഴേക്കും താരങ്ങളിലേക്ക് കോവിഡ് വ്യാപനം എത്തുകയായിരുന്നു. എന്നാല്‍ ടൂര്‍ണമെന്റ് പൂര്‍ണ്ണമായും റദ്ദാക്കാന്‍ ബിസിസിഐ തയ്യാറായിട്ടില്ല. സെപ്തംബറില്‍ മറ്റൊരു വേദിയില്‍ വെച്ച് ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കാനാണ് ബിസിസി ഐയുടെ ശ്രമം.
ടൂര്‍ണമെന്റ് പൂര്‍ണ്ണമായും റദ്ദാായാല്‍ ഏകദേശം 2000 കോടിയുടെ നഷ്ടം ബിസിസി ഐക്ക് ഉണ്ടാവും. അതിനാല്‍ത്തന്നെ ഏതെങ്കിലും വിധത്തില്‍ ടൂര്‍ണമെന്റ് നടത്താനുള്ള തയ്യാറെടുപ്പിലാണ് ബിസിസി ഐ ഉള്ളത്. ഇപ്പോഴിതാ ടൂര്‍ണമെന്റ് തുടര്‍ന്നാല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയും കാത്തിരിക്കുന്ന തിരിച്ചടികള്‍ ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ആകാശ് ചോപ്ര.

'ഇംഗ്ലണ്ട് താരങ്ങളും ഓസ്‌ട്രേലിയന്‍ താരങ്ങളും ഐപിഎല്‍ തുടര്‍ന്നാലും പങ്കെടുത്തേക്കില്ല. ഇത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വലിയ തിരിച്ചടിയാണ്. പാറ്റ് കമ്മിന്‍സിനെയും ഓയിന്‍ മോര്‍ഗനെയും കെകെആറിന് നഷ്ടമാവും. ഇത് ടീമിനെ ദുര്‍ബലമാക്കും'-ആകാശ് ചോപ്ര പറഞ്ഞു. സീസണില്‍ മികച്ച പ്രകടനമായിരുന്നില്ല കെകെആര്‍ കാഴ്ചവെച്ചത്. ഏഴ് മത്സരത്തില്‍ നിന്ന് അഞ്ച് തോല്‍വി ഏറ്റുവാങ്ങിയ കെകെആര്‍ രണ്ട് മത്സരത്തില്‍ മാത്രമാണ് ജയിച്ചത്.
പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തായിരുന്നു അവര്‍. രണ്ടാം പാദം നടന്നാല്‍ ഇംഗ്ലണ്ട്,ഓസ്‌ട്രേലിയ,ന്യൂസീലന്‍ഡ്,ബംഗ്ലാദേശ്,അഫ്ഗാനിസ്താന്‍ താരങ്ങളെല്ലാം ടൂര്‍ണമെന്റില്‍ നിന്ന് വിട്ടുനിന്നേക്കും.ബിസിസി ഐ ടൂര്‍ണമെന്റ് സെപ്തംബറില്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്. ഇവര്‍ക്കെല്ലാം അന്താരാഷ്ട്ര മത്സരങ്ങള്‍ ഉള്ളതിനാല്‍ ഐപിഎല്ലില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് സാധ്യത.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനും നേരിടേണ്ടി വരുന്ന തിരിച്ചടി ആകാശ് ചൂണ്ടിക്കാട്ടി. ടി20 ലോകകപ്പിന് ശേഷം ഐപിഎല്‍ നടത്തിയാല്‍ ഡേവിഡ് വാര്‍ണര്‍ പങ്കെടുത്തേക്കില്ല. ഇത് ഹൈദരാബാദിന് തിരിച്ചടിയാവും. സ്റ്റീവ് സ്മിത്ത് കളിക്കാത്തത് ഡല്‍ഹി ക്യാപിറ്റല്‍സിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാകില്ല.കാരണം അപ്പോഴേക്കും ശ്രേയസ് അയ്യറിന് മടങ്ങിയെത്താന്‍ സാധിച്ചേക്കുമെന്നും ആകാശ് പറഞ്ഞു.
കളിച്ച ഏഴ് മത്സരത്തില്‍ ആറിലും തോറ്റ ഹൈദരാബാദ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. എട്ട് മത്സരത്തില്‍ ആറിലും ജയിച്ച ഡല്‍ഹി ക്യാപിറ്റല്‍സ് തലപ്പത്തും. മുംബൈ ഇന്ത്യന്‍സ്,ആര്‍സിബി,പഞ്ചാബ് ടീമുകളെയൊന്നും ഇംഗ്ലണ്ട്,ഓസീസ് താരങ്ങളുടെ അഭാവം കാര്യമായി ബാധിച്ചേക്കില്ല. രാജസ്ഥാന്‍ റോയല്‍സിന്റെ പ്രധാന താരങ്ങള്‍ ഇംഗ്ലണ്ടില്‍ നിന്നുള്ളവരായതിനാല്‍ ടീമിനെ അത് പ്രതികൂലമായി ബാധിച്ചേക്കും.