അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും നേര്‍ക്കുനേര്‍. വൈകീട്ട് 7.30ന് അഹമ്മദാബാദിലാണ് മത്സരം. കളിച്ച ആറ് മത്സരത്തില്‍ അഞ്ചിലും ജയിച്ച ആത്മവിശ്വാസത്തില്‍ കോലിയും സംഘവും ഇറങ്ങുമ്പോള്‍ പഞ്ചാബ് കിങ്‌സ് ആറില്‍ നാല് മത്സരവും തോറ്റാണ് പോരാട്ടത്തിനിറങ്ങുന്നത്. കരുത്തുറ്റ ബാറ്റിങ് നിരയുണ്ടെങ്കിലും ഫോമിലേക്കുയരാന്‍ ആര്‍ക്കും സാധിക്കാത്തതാണ് പഞ്ചാബിന് തിരിച്ചടിയാവുന്നത്. അതേ സമയം സൂപ്പര്‍ താരങ്ങളെല്ലാം ഫോമിലാണെന്നത് ആര്‍സിബിയുടെ ആത്മവിശ്വാസം ഇരട്ടിപ്പിക്കുന്നു. ആവേശ പോരാട്ടത്തില്‍ താരങ്ങളെ കാത്തിരിക്കുന്ന റെക്കോഡുകള്‍ എന്തൊക്കെയാണെന്ന് അറിയാം.
പഞ്ചാബ് കിങ്‌സിനെതിരേ മികച്ച ബൗളിങ് റെക്കോഡോഡെയാണ് യുസ് വേന്ദ്ര ചഹാല്‍ ഇറങ്ങുന്നത്. 21 വിക്കറ്റുകള്‍ ഇതിനോടകം വീഴ്ത്തിക്കഴിഞ്ഞു. 17.33 ആണ് അദ്ദേഹത്തിന്റെ ശരാശരി.എന്നാല്‍ ഇത്തവണ വലിയ പ്രകടനം കാഴ്ചവെക്കാന്‍ ചഹാലിനായിട്ടില്ല.

അവസാന സീസണില്‍ ആര്‍സിബിക്കെതിരേ 193 റണ്‍സാണ് പഞ്ചാബ് നായകന്‍ കെ എല്‍ രാഹുല്‍ അടിച്ചെടുത്തത്. ഒരു ടീമിനെതിരേ ഒരു സീസണില്‍ ഒരു താരം നേടുന്ന ഉയര്‍ന്ന സ്‌കോറാണിത്. എന്നാല്‍ ഈ സീസണില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കാന്‍ രാഹുലിന് സാധിക്കുന്നില്ല. അവസാന സീസണില്‍ ആര്‍സിബിക്കെതിരേ സെഞ്ച്വറി (132) നേടാന്‍ രാഹുലിന് സാധിച്ചിരുന്നു. ടൂര്‍ണമെന്റില്‍ ഒരു നായകന്‍ നേടുന്ന ഉയര്‍ന്ന സ്‌കോറാണിത്. 74.20 ആണ് ആര്‍സിബിക്കെതിരേ രാഹുലിന്റെ ശരാശരി.
മുന്‍ ടീമായ ആര്‍സിബിക്കെതിരേ ക്രിസ് ഗെയ്‌ലിനും മികച്ച റെക്കോഡുണ്ട്. 53.40 ആണ് അദ്ദേഹത്തിന്റെ ശരാശരി. എന്നാല്‍ ഈ സീസണില്‍ വമ്പന്‍ പ്രകടനം നടത്താന്‍ ഗെയ്‌ലിന് സാധിച്ചിട്ടില്ല. ഗെയ്‌ലിന്റെ മോശം ഫോം ടീമിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
അവസാന സീസണില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് തവണയും ആര്‍സിബിയെ പരാജയപ്പെടുത്താന്‍ പഞ്ചാബ് കിങ്‌സിന് സാധിച്ചിരുന്നു. എന്നാല്‍ അന്നത്തെ ആര്‍സിബി ടീമിന്റെ ഘടനയില്‍ വലിയ മാറ്റം വന്നിട്ടുള്ളതിനാല്‍ ഇത്തവണ പഞ്ചാബിന് കാര്യങ്ങള്‍ എളുപ്പമാവില്ല.
പഞ്ചാബിനെതിരേ എബി ഡിവില്ലിയേഴ്‌സിന് മികച്ച ബാറ്റിങ് റെക്കോഡുണ്ട്. 42 സിക്‌സുകള്‍ പഞ്ചാബിനെതിരേ എബിഡി നേടിയിട്ടുണ്ട്. ക്രിസ് ഗെയ്ല്‍ പഞ്ചാബ് കിങ്‌സിനെതിരേ 61 സിക്‌സുകളുമായി ഈ റെക്കോഡില്‍ തലപ്പത്താണ്.
പഞ്ചാബ് കിങ്‌സിനൊപ്പം 50 വിക്കറ്റ് ക്ലബ്ബിലെത്താന്‍ മുഹമ്മദ് ഷമിക്ക് വേണ്ടത് നാല് വിക്കറ്റ് കൂടി.ഈ നേട്ടത്തിലെത്തുന്ന നാലാമത്തെ ബൗളറെന്ന ബഹുമതിയാണ് ഷമിയെ കാത്തിരിക്കുന്നത്. പീയൂഷ് ചൗള,സന്ദീപ് ശര്‍മ,അക്ഷര്‍ പട്ടേല്‍ എന്നിവരാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയത്.