കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന് മുന്നോടിയായുള്ള താരലേലം ഫെബ്രുവരി 18ന് ചെന്നൈയില്‍ നടക്കാനിരിക്കുകയാണ്. ഓരോ ടീമും താരലേലത്തിനായുള്ള കണക്കുകൂട്ടലുകള്‍ നടത്തിക്കഴിഞ്ഞു. ജനുവരി 20ന് ഒഴിവാക്കിയ താരങ്ങളുടെയും നിലനിര്‍ത്തിയ താരങ്ങളുടെയും പട്ടിക ടീമുകള്‍ പുറത്തുവിട്ടിരുന്നു. ഇത്തവണ മിനി താരലേലമാണ് നടക്കുന്നത്. അതിനാല്‍ത്തന്നെ ടീമുകളില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യത കുറവാണ്. ഇപ്പോഴിതാ താരലേലത്തില്‍ കെകെആറിന്റെ പദ്ധതികളെക്കുറിച്ച് തന്റെ വിലയിരുത്തല്‍ നടത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര.
'ശുബ്മാന്‍ ഗില്ലിനൊപ്പം ഓപ്പണ്‍ ചെയ്യാന്‍ ടിം സീഫെര്‍ട്ട് കെകെആറിന് മുന്നിലുള്ള നല്ലൊരു താരമാണ്. എന്നാല്‍ ഡേവിഡ് മലാനെയും അവര്‍ നോട്ടമിടാന്‍ സാധ്യതയുണ്ട്. ഓയിന്‍ മോര്‍ഗന്‍ നായകനായതിനാല്‍ത്തന്നെ മലാനില്‍ കെകെആറിന് താല്‍പര്യം കൂടിയേക്കും. അല്ലെങ്കില്‍ രാഹുല്‍ ത്രിപാതി,നിധീഷ് റാണ എന്നിവരെത്തന്നെ കെകെആര്‍ പരിഗണിക്കേണ്ടി വരും'-ആകാശ് പറഞ്ഞു.

അവസാന സീസണില്‍ ഓപ്പണിങ്ങില്‍ നിരന്തരം പരീക്ഷണം നടത്തിയ ടീമാണ് കെകെആര്‍. സുനില്‍ നരെയ്ന്‍ ഫോം ഔട്ടായതോടെ നിധീഷ് റാണ,രാഹുല്‍ ത്രിപാതി തുടങ്ങിയവരെ കെകെആറിന് പരീക്ഷിക്കേണ്ടി വന്നു. എന്നാല്‍ ഇവരിലാര്‍ക്കും സ്ഥിരതയോടെ കളിക്കാന്‍ സാധിച്ചില്ല. അതിനാല്‍ത്തന്നെ മികച്ചൊരു ഓപ്പണറെ ടീമിലെത്തിക്കാന്‍ കെകെആര്‍ ശ്രമിച്ചേക്കും.
'ദിനേഷ് കാര്‍ത്തികിന്റെയും ആന്‍ഡ്രേ റസലിന്റെയും ഫോം കെകെആറിന് നിര്‍ണ്ണായകമായേക്കും. അഞ്ചും ആറും നമ്പറാണ് ഇവരുടെ ബാറ്റിങ് പൊസിഷന്‍. നിലവില്‍ മികച്ച താരങ്ങളുണ്ടെങ്കിലും മികച്ച ഇന്ത്യന്‍ ബാറ്റ്‌സ്മാനെ കെകെആര്‍ പരിഗണിച്ചേക്കും.ശുബ്മാന്‍ ഗില്‍,കാര്‍ത്തിക്,നിധീഷ് റാണ,ത്രിപാതി എന്നിവരൊന്നും മോശമല്ല. റിങ്കു സിങ് ബാക്ക് അപ് താരമായും ടീമിലുണ്ട്'-ആകാശ് ചോപ്ര പറഞ്ഞു.
കെകെആറിന് പ്രധാനമായും റസലിന്റെ ബാക്ക് അപ്പ് താരത്തെയാണ് വേണ്ടത്. റസലിന് പരിക്കേറ്റാല്‍ പന്തും ബാറ്റും ചെയ്യുന്ന മികച്ച ഓള്‍റൗണ്ടറെ ടീമിന് ആവിശ്യമാണ്. ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടര്‍മാരെ പരിഗണിക്കാന്‍ തീരുമാനിച്ചാല്‍ മോയിസസ് ഹെന്റിക്വസ്,കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ക്കായി കെകെആര്‍ ശ്രമിച്ചേക്കും.
മോയിന്‍ അലി,ഷക്കീബ് അല്‍ ഹസന്‍ എന്നീ സ്പിന്‍ ഓള്‍റൗണ്ടര്‍മാരെയും പരിഗണിക്കപ്പെട്ടേക്കും. ടോപ് ഓഡര്‍ വിദേശ താരങ്ങളെ പരിഗണിച്ചാല്‍ ജേസന്‍ റോയ്,ആരോണ്‍ ഫിഞ്ച് എന്നിവരാണ് മുന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ടീമിന്റെ വൈസ് ക്യാപ്റ്റനായി 21കാരനായ ശുബ്മാന്‍ ഗില്ലിനെ പരിഗണിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.