മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ രണ്ടാം വാരം പിന്നിടുമ്പോള്‍ ഏറ്റവും മോശം പ്രകടനം നടത്തുന്ന ടീമായിരിക്കുന്നത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ്. പേരെടുത്ത് പറയാവുന്ന സീനിയര്‍ താരങ്ങളും മികച്ച യുവതാരങ്ങളും കെകെആറിനൊപ്പമുണ്ടെങ്കിലും ടീമിന് വിജയത്തിലേക്കെത്താനാവുന്നില്ല. കളിച്ച അഞ്ച് മത്സരത്തില്‍ നാലിലും ടീം തോറ്റു. തുടര്‍ച്ചയായ അഞ്ചാം തോല്‍വി ഒഴിവാക്കാന്‍ തലപുകഞ്ഞുള്ള പദ്ധതി തയ്യാറാക്കലിലാണ് കെകെആര്‍ മാനേജ്‌മെന്റ്.
ഇപ്പോഴിതാ തുടര്‍ തോല്‍വികള്‍ ഏറ്റുവാങ്ങുന്ന കെകെആറിന്റെ ബാറ്റിങ് ഓഡറിനെ വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര. ആന്‍ഡ്രേ റസലിനെപ്പോലൊരു താരം ടീമിലുണ്ടായിട്ടും വേണ്ടവിധം ഉപയോഗിക്കാന്‍ കെകെആറിന് സാധിക്കുന്നില്ലെന്നാണ് പ്രധാനമായും ആകാശ് കുറ്റപ്പെടുത്തിയത്.

'തന്റെ ശരിയായ ബാറ്റിങ് പ്രകടനം കാഴ്ചവെക്കാനുള്ള അവസരം കെകെആര്‍ റസലിന് നല്‍കുന്നില്ല. അവസാനം കുറച്ച് പന്തുകള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് റസലിനെ അവര്‍ ഇറക്കുന്നത്. കെകെആറിനൊരു ബസൂക്ക ഉണ്ടെങ്കിലും അത് ഉപയോഗിക്കാന്‍ അവര്‍ക്ക് അറിയില്ല. എതിരാളികള്‍ റസല്‍ വന്ന് തല്ലിത്തകര്‍ക്കുമോയെന്ന് ഭയപ്പെടുന്നുണ്ടെങ്കിലും വളരെ താമസിച്ചാണ് റസല്‍ ക്രീസില്‍ എത്തുന്നത്. പിന്നെങ്ങനെയാണ് അവന് മാച്ച് വിന്നിങ് പ്രകടനം കാഴ്ചവെക്കാനാകുന്നത്.
സിഎസ്‌കെയ്‌ക്കെതിരായ മത്സരത്തില്‍ മാത്രമാണ് റസലില്‍ നിന്ന് അല്‍പ്പം ഭേദപ്പെട്ട പ്രകടനം ഉണ്ടായത്. ബാറ്റിങ്ങിലും ഫീല്‍ഡിങ്ങിലും പ്രതീക്ഷക്കൊത്ത് ഉയരാത്ത റസല്‍ ബൗളിങ്ങില്‍ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെക്കുന്നുണ്ട്. 'കെകെആറിന് തന്ത്രപരമായ പിഴവുകള്‍ പറ്റിയെന്ന് പറയാതെ വയ്യ. 10.2 ഓവറിന് ശേഷം വിക്കറ്റ് വീണപ്പോള്‍ അവസാന മത്സരത്തില്‍ എന്താണ് കെകെആര്‍ ചെയ്തത്. ഞാനായിരുന്നെങ്കില്‍ തീര്‍ച്ചയായും ആന്‍ഡ്രേ റസലിനെ അയക്കുമായിരുന്നു. എന്നാല്‍ അവരെന്താണ് ചെയ്തത്. റസലിനെ എങ്ങനെ ഉപയോഗിക്കണമെന്നതിന്റെ തന്ത്രം അവര്‍ക്ക് നഷ്ടപ്പെട്ടുവെന്നാണ് കരുതുന്നത്. അവന് കൂടുതല്‍ പന്തുകള്‍ നേരിടാനുള്ള അവസരം ഉണ്ടാക്കണം'-ആകാശ് പറഞ്ഞു.
ഒറ്റയ്ക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള താരമാണ് റസല്‍. എന്നാല്‍ടോപ് ഓഡറിന്റെ മോശം പ്രകടനം ടീമില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നു. ഇതുമൂലം സ്വാതന്ത്ര്യത്തോടെ കളിക്കാന്‍ റസലിനും സാധിക്കാതെ വരുന്നു. വരും മത്സരങ്ങളില്‍ കെകെആര്‍ ബാറ്റിങ് ഓഡറില്‍ പൊളിച്ചെഴുത്ത് നടത്തുമെന്നുറപ്പാണ്. പവര്‍പ്ലേയിലെ മെല്ലെപ്പോക്ക് പ്രശ്‌നം പരിഹരിക്കാന്‍ ഓപ്പണറായി സുനില്‍ നരെയ്ന്‍ എത്തിയേക്കും. ദിനേഷ് കാര്‍ത്തികിന്റെ ബാറ്റിങ് ഓഡറിലും മാറ്റം അനിവാര്യം.