ചെന്നൈ: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 10 റണ്‍സിന് വിജയിച്ചപ്പോള്‍ നിര്‍ണ്ണായകമായത് നിധീഷ് റാണയുടെ (80) പ്രകടനമായിരുന്നു. ഓപ്പണറായി ഇറങ്ങിയ നിധീഷ് 56 പന്തില്‍ 9 ഫോറും നാല് സിക്‌സുമാണ് പറത്തിയത്. സ്പിന്നിനെയും ഫാസ്റ്റിനെയും ഒരു പോലെ നേരിടാന്‍ മിടുക്കുള്ള നിധീഷ് സമീപകാലത്തായി ഏറ്റവും വിശ്വസ്തനായ ബാറ്റ്‌സ്മാനായി മാറിയിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സിലൂടെ തുടങ്ങി കെകെആറിന്റെ നട്ടെല്ലായി നില്‍ക്കുന്ന നിധീഷിനെ വാനോളം പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര.
'കെകെആറിന് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന സാഹചര്യത്തില്‍ ഗംഭീര മാറ്റിങ്ങാണ് നിധീഷ് റാണ കാഴ്ചവെച്ചത്. ഇതേപോലെ തന്നെ അവന്‍ കളിക്കുകയാണെങ്കില്‍ ഇന്ത്യന്‍ ടീമിലേക്കുള്ള വിളി വിദൂരമല്ല. അതിന് സാധ്യതകളുണ്ട്. ഇത്തരത്തിലൊരു പിച്ചില്‍ ന്യൂബോളില്‍ ആധിപത്യം സ്ഥാപിക്കുകയെന്നത് പ്രയാസമുള്ള കാര്യമാണ്. ശുഭ്മാന്‍ ഗില്ലിനെക്കാളും ആധിപത്യത്തോടെ കളിക്കാന്‍ അവന് സാധിക്കുന്നു.

ഓപ്പണ്‍ ചെയ്ത സമയങ്ങളില്‍ അവന്റെ പ്രകടനത്തില്‍ ഏറ്റ കുറച്ചിലുകള്‍ ഉണ്ടാകുന്നുണ്ട്. മൂന്ന് തവണ 80 അടിച്ചപ്പോള്‍ മൂന്ന് തവണ പൂജ്യത്തിനും പുറത്തായി.അവന്‍ ക്രീസില്‍ നില്‍ക്കുമ്പോള്‍ ടീം സ്‌കോര്‍ 160 കടന്നാല്‍ അതിലെ പകുതിയോളം റണ്‍സ് നിധീഷിന്റേതാവും'-ആകാശ് പറഞ്ഞു.സമീപകാലത്തായി തകര്‍പ്പന്‍ പ്രകടനമാണ് നിധീഷ് കാഴ്ചവെക്കുന്നത്.
എന്നാല്‍ ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തുക പ്രയാസകരമാണ്. അതിന് പ്രധാന കാരണം നിധീഷ് ടോപ് ഓഡര്‍ ബാറ്റ്‌സ്മാന്‍ ആണെന്നതാണ്. നിലവിലെ ഇന്ത്യന്‍ ടീമില്‍ മികച്ച സ്പിന്‍ ബൗളര്‍മാര്‍ക്ക് അവസരമുണ്ട്. എന്നാല്‍ ബാറ്റിങ് നിരയില്‍ പ്രതിഭാശാലികളുടെ നീണ്ട നിരതന്നെയുണ്ട്. ബെഞ്ച് കരുത്ത് നോക്കുമ്പോഴും ഇന്ത്യ അതിശക്തരാണ്. അതിനാല്‍ത്തന്നെ നിധീഷിന് പെട്ടെന്ന് വിളിയെത്തിയേക്കില്ല.
ഹൈദരാബാദിനെതിരായ പ്രകടനത്തിലൂടെ ഐപിഎല്ലില്‍ 1500 റണ്‍സും നിധീഷ് പൂര്‍ത്തിയാക്കി. പേരുകേട്ട ഹൈദരാബാദ് ബൗളിങ് നിരയെ തുടക്കം മുതല്‍ അടിച്ചുതകര്‍ക്കാന്‍ നീധീഷിനായി. ഭുവനേശ്വര്‍ കുമാര്‍,ടി നടരാജന്‍,സന്ദീപ് ശര്‍മ,റാഷിദ് ഖാന്‍ തുടങ്ങിയവരെയെല്ലാം നന്നായി കൈകാര്യം ചെയ്യാനും താരത്തിന് സാധിച്ചു.
നിധീഷും രാഹുല്‍ ത്രിപാഠിയും തമ്മിലുള്ള കൂട്ടുകെട്ടിനെയും ആകാശ് പ്രശംസിച്ചു. ഇരുവരും ഒരുമിച്ച് ബാറ്റ് ചെയ്യുന്ന കണ്ടപ്പോള്‍ കെകെആര്‍ 200ന് മുകളില്‍ സ്‌കോര്‍ ചെയ്യുമെന്ന് തോന്നിപ്പോയെന്നാണ് ആകാശ് പറഞ്ഞത്. ഇരുവരും വളരെ മനോഹരമായി കളിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിജയത്തോടെ തുടങ്ങിയ കെകെആറിനെ കാത്തിരിക്കുന്ന രണ്ടാമത്തെ എതിരാളി മുംബൈ ഇന്ത്യന്‍സാണ്. ശക്തരായ എതിരാളിയായതിനാല്‍ നിധീഷിന്റെ പ്രകടനം കെകെആറിന് നിര്‍ണ്ണായകമാണ്.