IPL 2021: 'അതൊരു തെറ്റായ കണക്കുകൂട്ടലായിരുന്നു'- റിഷഭിനെ വിമര്‍ശിച്ച് ആകാശ് ചോപ്ര
അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിലെ ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നായാണ് ആര്‍സിബി-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം അവസാനിച്ചത്. ജയപരാജയങ്ങള്‍ മാറി മറിഞ്ഞ മത്സരത്തില്‍ ഒരു റണ്‍സിനാണ് ഡല്‍ഹിക്ക് തോല്‍വി സമ്മതിക്കേണ്ടി വന്നത്. അവസാന ഓവറില്‍ ഡല്‍ഹിക്ക് 14 റണ്‍സ് ജയിക്കാന്‍ വേണമെന്നിരിക്കെ ക്രീസില്‍ റിഷഭ് പന്തും ഷിംറോന്‍ ഹെറ്റ്‌മെയറും ഉണ്ടായിട്ടും വിജയലക്ഷ്യം എത്തിപ്പിടിക്കാന്‍ ഡല്‍ഹിക്കായില്ല.
മത്സരത്തില്‍ ക്യാപ്റ്റനെന്ന നിലയില്‍ റിഷഭ് പന്തിന് പറ്റിയ പാളിച്ചകളും ഡല്‍ഹിയുടെ തോല്‍വിക്ക് കാരണമായി. അതില്‍ പ്രധാന പിഴവ് മാര്‍ക്കസ് സ്റ്റോയിനിസിന് 20ാം ഓവര്‍ നല്‍കാനുള്ള തീരുമാനമായിരുന്നു. സീനിയര്‍ ബൗളര്‍മാരുടെ ഓവറുകള്‍ നേരത്തെ എറിയിച്ച് തീര്‍ത്ത റിഷഭ് അവസാന ഓവറില്‍ സ്‌റ്റോയിനിസിനെ വിശ്വസിച്ചത് തെറ്റായി പോയി. 23 റണ്‍സാണ് ആ ഓവറില്‍ താരം വഴങ്ങിയത്.
19ാം ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 148 എന്ന നിലയില്‍ നിന്നിരുന്ന ആര്‍സിബി ഇന്നിങ്‌സാണ് അവസാന ഓവറിന് ശേഷം 171 എന്ന പൊരുതാവുന്ന സ്‌കോറിലേക്കെത്തിയത്. എബി ഡിവില്ലിയേഴ്‌സിന്റെ പ്രകടനമാണ് ആര്‍സിബിക്ക് കരുത്തായത്. ഇപ്പോഴിതാ 20ാം ഓവര്‍ സ്‌റ്റോയിനിസിനെ ഏല്‍പ്പിക്കാനുള്ള റിഷഭിന്റെ കണക്കുകൂട്ടല്‍ പാളിപ്പോയെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര.

'171 ഒരു വലിയ സ്‌കോറാണ്, എന്നാല്‍ വലിയൊരു തെറ്റായ കണക്കുകൂട്ടലിന്റെ സ്‌കോറാണിത്. അമിത് മിശ്ര നന്നായി പന്തെറിയുന്നുണ്ടായിരുന്നു. ഗ്ലെന്‍ മാക്‌സ് വെല്ലിനെ അവന്‍ പുറത്താക്കുകയും ചെയ്തു. അവന് നാലാം ഓവര്‍ നല്‍കാമായിരുന്നു. നേരത്തെ തന്നെ അമിതിന്റെ ഓവര്‍ പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ 20ാം ഓവര്‍ സ്‌റ്റോയിനിസ് എറിയേണ്ട ആവിശ്യവും 23 റണ്‍സ് വഴങ്ങേണ്ട ആവിശ്യവും വരില്ലായിരുന്നു'-ആകാശ് ചോപ്ര പറഞ്ഞു.
അവസാന ഓവറിലെ ആദ്യ നാല് പന്തില്‍ നാല് റണ്‍സ് മാത്രമാണ് ഡല്‍ഹിക്ക് എടുക്കാനായത്. അവസാന രണ്ട് പന്തില്‍ ഡല്‍ഹിക്ക് ജയിക്കാന്‍ 10 റണ്‍സ് വേണമായിരുന്നെങ്കിലും രണ്ട് ബൗണ്ടറി പറത്തി 8 റണ്‍സെടുക്കാനെ റിഷഭിനായുള്ളു. അവസാന ആറ് പന്തുകള്‍ ഹെറ്റ്‌മെയര്‍ ബാറ്റ് ചെയ്യുന്നതായിരുന്നു കൂടുതല്‍ നന്നായിരുന്നതെന്നും ആകാശ് അഭിപ്രായപ്പെട്ടു.
'റിഷഭിന് വലിയ ഷോട്ടുകള്‍ കളിക്കാന്‍ സാധിക്കാത്ത അപൂര്‍വ ദിവസങ്ങളിലൊന്നായിരുന്നു ഇന്നത്തേത്. മറുവശത്ത് ഹെറ്റ്‌മെയര്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. അവസാന ആറ് പന്തുകള്‍ ഹെറ്റ്‌മെയര്‍ സ്‌ട്രൈക്ക് ചെയ്യുന്നതായിരുന്നു ഡല്‍ഹിക്ക് കൂടുതല്‍ നന്നാകുമായിരുന്നതെന്നാണ് തോന്നുന്നത്. പന്തും വലിയ ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പുള്ള താരമാണെങ്കിലും അത് ഹെറ്റ്‌മെയറുടെ രാത്രിയായിരുന്നു'-ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications