അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ വിരാട് കോലി ക്യാപ്റ്റനായുള്ള ആര്‍സിബിയും റിഷഭ് പന്ത് ക്യാപ്റ്റനായുള്ള ഡല്‍ഹി ക്യാപിറ്റല്‍സും നേര്‍ക്കുനേര്‍. അവസാന മത്സരത്തില്‍ സിഎസ്‌കെയോട് തോറ്റ ക്ഷീണത്തില്‍ ആര്‍സിബി എത്തുമ്പോള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ സൂപ്പര്‍ ഓവറില്‍ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ഡല്‍ഹിയുടെ വരവ്. ഇത്തവണ ഡല്‍ഹിയുടെ നായകസ്ഥാനത്തേക്കെത്തിയ റിഷഭ് പന്ത് മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. വൈകീട്ട് 7.30ന് അഹമ്മദാബാദിലാണ് മത്സരം.
സിഎസ്‌കെയോട് തോറ്റെങ്കിലും മികച്ച താരസമ്പത്തുള്ള ആര്‍സിബി ഡല്‍ഹിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തും. റിഷഭിന് മുന്നില്‍ തോല്‍ക്കുകയെന്നത് കോലിയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമായതിനാല്‍ എന്ത് വിലകൊടുത്തും ജയിക്കാനുറച്ചാവും ആര്‍സിബി ഇറങ്ങുക. മത്സരത്തില്‍ താരങ്ങളെ കാത്തിരിക്കുന്ന റെക്കോഡുകളിതാ.

ഡല്‍ഹി ക്യാപിറ്റല്‍സിന്റെ 200ാമത്തെ മത്സരമാണ് ഇന്നത്തേത്. മുംബൈ ഇന്ത്യന്‍സിനും ആര്‍സിബിക്കും ശേഷം ഇൗ നേട്ടത്തിലെത്തുന്ന മൂന്നാമത്തെ ടീമാണ് ഡല്‍ഹി. 200ാം മത്സരമെന്ന നാഴികക്കല്ല് വിജയത്തോടെ ആഘോഷിക്കാന്‍ ഡല്‍ഹിക്കാവുമോയെന്ന് കാത്തിരുന്ന് കാണാം. സീസണില്‍ അഞ്ച് മത്സരത്തില്‍ നാലിലും ജയിച്ച ഡല്‍ഹി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. ഇന്ന് ജയിച്ചാല്‍ സിഎസ്‌കെയെ മറികടന്ന് പട്ടികയില്‍ തലപ്പത്തെത്താം.
ഡല്‍ഹി ഓപ്പണര്‍ പൃത്ഥ്വി ഷാ 1000 റണ്‍സ് ക്ലബ്ബിനരികെയാണ്. 8 റണ്‍സ്‌കൂടി നേടിയാല്‍ ഈ നേട്ടത്തിലെത്താന്‍ പൃത്ഥ്വിക്കാവും. സീസണില്‍ ഭേദപ്പെട്ട പ്രകടനം താരം കാഴ്ചവെക്കുന്നുണ്ട്. അഞ്ച് മത്സരത്തില്‍ നിന്ന് 166 റണ്‍സ് നേടിയ പൃത്ഥ്വി ഹൈദരാബാദിനെതിരായ അവസാന മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയും നേടിയിരുന്നു.
5000 ഐപിഎല്‍ റണ്‍സ് പൂര്‍ത്തിയാക്കാന്‍ ആര്‍സിബിയുടെ എബി ഡിവില്ലിയേഴ്‌സിന് വേണ്ടത് 22 റണ്‍സ്‌കൂടി. ഈ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ വിദേശ താരമെന്ന നേട്ടമാണ് എബിഡിയെ കാത്തിരിക്കുന്നത്. ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണറാണ് ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്.
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ മികച്ച റെക്കോഡുള്ള താരമാണ് വിരാട് കോലി. 59.80 ശരാശരിയില്‍ 22 ഇന്നിങ്‌സില്‍ നിന്ന് 897 റണ്‍സ് കോലി നേടിയിട്ടുണ്ട്. ഇതില്‍ 8 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഡല്‍ഹിക്കെതിരേ കൂടുതല്‍ റണ്‍സെന്ന റെക്കോഡ് കോലിയുടെ പേരിലാണ്. എന്നാല്‍ ഈ സീസണില്‍ പ്രതീക്ഷക്കൊത്ത് ഉയരാന്‍ കോലിക്കായിട്ടില്ല.
പൃത്ഥ്വി ഷാക്ക് ഭീഷണി ഉയര്‍ത്താന്‍ മുഹമ്മദ് സിറാജ്. ഏഴ് പന്തുകള്‍ എറിഞ്ഞപ്പോള്‍ രണ്ട് തവണ പൃത്ഥ്വിയുടെ വിക്കറ്റ് നേടാന്‍ സിറാജിനായി.