അബുദാബി: ചെന്നൈ സൂപ്പര്‍ കിങ്സിനെതിരേ 10 റണ്‍സിന് കെകെആര്‍ വിജയിച്ചെങ്കിലും ബാറ്റിങ് നിരയുടെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. രാഹുല്‍ ത്രിപതിയുടെ (81) അര്‍ധ സെഞ്ച്വറി ഇല്ലായിരുന്നെങ്കില്‍ വലിയ നാണക്കേടിലേക്ക് കെകെആര്‍ കൂപ്പ് കുത്തുമായിരുന്നു. ബാറ്റിങ് ഓഡറിലെ മാറ്റങ്ങളാണ് പ്രധാനമായും ചര്‍ച്ചയായത്. ഓപ്പണര്‍ റോളില്‍ നിന്ന് സുനില്‍ നരെയ്നെ മാറ്റി പകരം രാഹുല്‍ ത്രിപതിക്ക് അവസരം നല്കിയ കെകെആറിന്റെ പദ്ധതി വിജയം കണ്ടു.
സുനില്‍ നരെയ്നെ നാലാം നമ്പറിലേക്കും പരിഗണിച്ചു. ഫോമിലുള്ള ഇയാന്‍ മോര്‍ഗനെ തഴഞ്ഞ് നരെയ്ന് അവസരം നല്‍കിയതിനെ രാജസ്ഥാന് റോയല്‍സിന്റെ ബെന്‍ സ്റ്റോക്സ് ട്വിറ്ററിലൂടെ ചോദ്യം ചെയ്തതും അതിന് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് നല്കിയ മറുപടിയും ചര്‍ച്ചയായിരിക്കുകയാണ്. 'മോര്ഗന് മുന്നെ നരെയ്ന്' എന്നായിരുന്നു ചോദ്യചിഹ്നം ഉള്‍പ്പെടെ സ്റ്റോക്സ് ട്വിറ്ററില്‍ പോസ്റ്റ് ഇട്ടത്. ഇതിന് യുവരാജിന്റെ മറുപടി ഇങ്ങനെയായിരുന്നു.
'അതെ സ്റ്റോക്സിന് മുന്നെ യുവരാജ് ഇറങ്ങുന്ന പോലെ'എന്നായിരുന്നു യുവരാജിന്റെ മറുപടി. ചില സമയങ്ങളില്‍ മികച്ച ബാറ്റ്സ്മാന് മുന്നെ കഠിനമായി പരിശ്രമിക്കുന്ന ബൗളര്‍മാര്‍ക്ക് ബാറ്റ് ചെയ്യാമെന്നും തമാശ രീതിയില്‍ യുവി കുറിച്ചു. ഇതിന് സ്റ്റോക്സ് മറുപടി നല്‍കിയില്ല. രാജസ്ഥാന് താരമായ സ്റ്റോക്സ് നിലവില്‍ യുഎഇയിലെത്തി ക്വാറന്റെയ്നിലാണ്. അടുത്ത മത്സരത്തില്‍ രാജസ്ഥാന് നിരയില്‍ സ്റ്റോക്സ് കളിച്ചേക്കും.
സിഎസ്കെയ്ക്കെതിരേ സുനില്‍ നരെയ്ന് തരക്കേടില്ലാത്ത ബാറ്റിങ്ങാണ് കാഴ്ചവെച്ചത്. 9 പന്തില്‍ ഒരു സിക്സും ഫോറും ഉള്‍പ്പെടെ 17 റണ്‍സ് നരെയ്ന് നേടി. നരെയ്ന്റെ തകര്‍പ്പന്‍ ഷോട്ടിനെ അതിമനോഹരമായി രവീന്ദ്ര ജഡേജ-ഫഫ് ഡുപ്ലെസിസ് കൂട്ടുകെട്ട് കൈക്കലാക്കിയില്ലായിരുന്നെങ്കില് മികച്ചൊരു പ്രകടനം കാണാന്‍ സാധിക്കുമായിരുന്നു. അവസാന സീസണുകളിലെല്ലാം ഓപ്പണറായി തിളങ്ങാന്‍ നരെയ്ന് സാധിച്ചിരുന്നു.
എന്നാല്‍ ഇത്തവണ ഓപ്പണറായി അദ്ദേഹത്തിന് താളം കണ്ടെത്താന്‍ സാധിച്ചില്ല. പവര്‍പ്ലേയില്‍ കടന്നാക്രമിക്കാന്‍ കെല്‍പ്പുള്ള നരെയ്ന് യുഎഇയിലെ ബൗണ്‍സുകള്‍ പ്രതിരോധത്തിലാക്കി. ഇതോടെ അദ്ദേഹത്തെ ഓപ്പണര്‍ റോളില്‍ നിന്ന് മാറ്റുകയായിരുന്നു. അഞ്ചാം നമ്പറിലെത്തിയ മോര്ഗന് 10 പന്തില്‍ ഒരു ബൗണ്ടറി ഉള്‍പ്പെടെ നേടിയത് 7 റണ്‍സ് മാത്രമാണ്. തരക്കേടില്ലാത്ത പ്രകടനം മോര്ഗന് കാഴ്ചവെക്കുന്നുണ്ടെങ്കിലും സിഎസ്കെയ്ക്കെതിരേ നിരാശപ്പെടുത്തി.