IPL 2020: 2019ലെ ലോകകപ്പ് ഫൈനലോ, മുംബൈ പഞ്ചാബ് മത്സരമോ മികച്ചത്? പ്രതികരിച്ച് യുവരാജ്
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും ആവേശകരമായ മത്സരമായിരുന്നു മുംബൈ ഇന്ത്യന്‍സും കിങ്‌സ് ഇലവന്‍ പഞ്ചാബും തമ്മില്‍ ഇന്നലെ നടന്നത്. വിജയിയെ കണ്ടെത്താന്‍ രണ്ട് സൂപ്പര്‍ ഓവറുകളിലേക്ക് നീണ്ട മത്സരത്തില്‍ മുംബൈയെ പഞ്ചാബ് കീഴടക്കുകയായിരുന്നു. 2019ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ സൂപ്പര്‍ ഓവറിലാണ് ന്യൂസീലന്‍ഡിനെ ഇംഗ്ലണ്ട് കീഴടക്കിയത്. ഇപ്പോള്‍ മുംബൈ-പഞ്ചാബ് മത്സരം രണ്ടാം സൂപ്പര്‍ ഓവറിലേക്ക് നീണ്ടതോടെ ഏതാണ് മികച്ച മത്സരം എന്നത് സംബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ച സജീവമാണ്.

ഇപ്പോഴിതാ മത്സരത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് മുന്‍ പഞ്ചാബ് നായകനും ഇന്ത്യയുടെ ലോകകപ്പ് ഹീറോയുമായ യുവരാജ് സിങ്. ട്വിറ്ററിലൂടെയാണ് യുവരാജ് പ്രതികരിച്ചത്. '2019ലെ ലോകകപ്പ് ഫൈനലോ,മുംബൈ പഞ്ചാബ് ഐപിഎല്ലോ മികച്ച മത്സരം? അവിശ്വസനീയമായ കാഴ്ചകള്‍. ഇരു ടീമും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ലോകബോസിനൊപ്പം പഞ്ചാബ് മികച്ച രീതിയില്‍ മത്സരം അവസാനിപ്പിച്ചു. ജസ്പ്രീത് ബൂംറ, കെഎല്‍ രാഹുല്‍ ഗെയിം ചെയിഞ്ചര്‍മാര്‍'-എന്നായിരുന്നു യുവരാജിന്റെ ട്വീറ്റ്.

തൊട്ട് പിന്നാലെ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണറും മുന്‍ പഞ്ചാബ് താരവുമായ വീരേന്ദര്‍ സെവാഗും ട്വിറ്ററില്‍ പ്രതികരിച്ചു. '2020ലെ ഏറ്റവും മികച്ച കാര്യത്തിന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കാരണമായി'-എന്നാണ് സെവാഗ് കുറിച്ചത്. ആവേശം പരകോടിയിലെത്തിച്ച മത്സരമായിരുന്നു മുംബൈയും പഞ്ചാബും തമ്മില്‍ അരങ്ങേറിയത്. രണ്ട് കൂട്ടരും ഇഞ്ചോടിഞ്ച് പൊരുതിയ മത്സരത്തില്‍ ഭാഗ്യം പഞ്ചാബിനൊപ്പം നില്‍ക്കുകയായിരുന്നു.

സീസണില്‍ രണ്ടാം തവണയാണ് മുംബൈ സൂപ്പര്‍ ഓവറില്‍ പരാജയപ്പെടുന്നത്. 2019ലെ ലോകകപ്പ് ഫൈനലില്‍ സൂപ്പര്‍ ഓവറും സമനിലയിലായതോടെ ബൗണ്ടറിയുടെ അടിസ്ഥാനത്തില്‍ ന്യൂസീലന്‍ഡിനെ മറികടന്ന് ഇംഗ്ലണ്ട് ലോകകപ്പ് നേടുകയായിരുന്നു. ഇതിന് പിന്നാലെ സൂപ്പര്‍ ഓവര്‍ നിയമം വലിയ വിവാദം ആയതോടെ ബൗണ്ടറി പരിഗണിക്കുന്നത് മാറ്റി ജയിക്കുന്നവരെ സൂപ്പര്‍ ഓവറെന്ന നിലയിലേക്ക് ഐസിസി നിയമം പരിഷ്‌കരിക്കുകയായിരുന്നു.

സീസണില്‍ പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ കഴിയാതിരുന്ന പഞ്ചാബ് അവസാന രണ്ട് മത്സരത്തിലും വിജയിച്ച് ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ആര്‍സിബിയെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചതിന് പിന്നാലെയാണ് നിലവിലെ ചാമ്പ്യന്മാരായ മുംബൈക്കെതിരായ ജയം. ആദ്യം ബാറ്റ് ചെയ്ത മുംബൈയുടെ കരുത്തുറ്റ ബാറ്റിങ് നിരയെ 176 റണ്‍സില്‍ പഞ്ചാബ് തളച്ചു. മറുപടിക്കിറങ്ങിയ പഞ്ചാബും 176 റണ്‍സ് നേടിയതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക്.

യുവരാജ് സിങ്
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനെ മുംബൈ അഞ്ച് റണ്‍സില്‍ തളച്ചു. മറുപടിക്കിറങ്ങിയ മുംബൈയ്ക്കും 5 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ഇതോടെ രണ്ടാം സൂപ്പര്‍ ഓവര്‍. ആദ്യം ബാറ്റ് ചെയ്ത മുംബൈ 11 റണ്‍സെടുത്തപ്പോള്‍ നാല് പന്തില്‍ 15 റണ്‍സുമായി പഞ്ചാബ് വിജയം പിടിച്ചെടുക്കുകയായിരുന്നു. പഞ്ചാബ് നായകന്‍ കെ എല്‍ രാഹുലാണ് കളിയിലെ താരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications