Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഫൈനലില്‍ ഹാര്‍ദിക് പാണ്ഡ്യ പന്തെറിയുമോ? രോഹിത് ശര്‍മ പറയും ഉത്തരം

ആധുനിക ക്രിക്കറ്റിലെ മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് ഹാര്‍ദിക് പാണ്ഡ്യ. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍. പാണ്ഡ്യ ക്രീസിലുണ്ടെങ്കില്‍ മത്സരഗതി മാറിമറിയാം. നടന്നുകൊണ്ടിരിക്കുന്ന ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ പലകുറി ഹാര്‍ദിക് പാണ്ഡ്യ രക്ഷിച്ചു കഴിഞ്ഞു. ബാറ്റുചെയ്യാനെത്തുന്ന രണ്ടോ മൂന്നോ ഓവര്‍കൊണ്ടുതന്നെ സ്‌കോര്‍ബോര്‍ഡില്‍ 50 ഉം 60 ഉം റണ്‍സ് ചേര്‍ക്കാന്‍ പാണ്ഡ്യയ്ക്ക് സാധിക്കാറുണ്ട്.

ഫിനിഷർ

പിച്ച് എങ്ങനെയെന്നോ ബൗളര്‍ ആരെന്നോ എന്ന ചിന്തകളൊന്നും ഇദ്ദേഹത്തെ അലട്ടാറില്ല. എല്ലാ പന്തും അതിര്‍ത്തി കടത്തുക, എന്നും പാണ്ഡ്യയ്ക്ക് മുന്നിലെ ലക്ഷ്യം ഒന്നുമാത്രം. ബാറ്റുകൊണ്ടു മാത്രമല്ല, പന്തുകൊണ്ടും തിളങ്ങാനും ഹാര്‍ദിക് പാണ്ഡ്യയ്ക്ക് സാധിക്കാറുണ്ട്. 'പാര്‍ട്ണര്‍ഷിപ്പ് ബ്രേക്കര്‍' ആയി താരം അറിയപ്പെടുന്നു. ക്രീസില്‍ നിലയുറച്ച ബാറ്റ്‌സ്മാനെ നിരന്തരം വിഷമിപ്പിക്കാന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ മീഡിയം പേസിന് കഴിയും.

പന്തെറിയുമോ?

പക്ഷെ നടന്നുകൊണ്ടിരിക്കുന്ന ഐപിഎല്‍ സീസണില്‍ ഒരിക്കല്‍പ്പോലും ഹാര്‍ദിക് പാണ്ഡ്യ പന്തെറിഞ്ഞിട്ടില്ല. പാണ്ഡ്യയുടെ ബാറ്റിങ് മികവ് മാത്രമാണ് മുംബൈ ഉപയോഗപ്പെടുത്തുന്നത്. ഡല്‍ഹിക്ക് എതിരായ ഒന്നാം ക്വാളിഫയറില്‍ ഇദ്ദേഹത്തിന്റെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം ആരാധകര്‍ കണ്ടിരുന്നു. 14 പന്തില്‍ പാണ്ഡ്യ അടിച്ചെടുത്ത 37 റണ്‍സ് മുംബൈയ്ക്ക് 'അവസാന മൈല്‍' കരുത്ത് സമ്മാനിച്ചു. ഫൈനലില്‍ ഒരിക്കല്‍ക്കൂടി ഡല്‍ഹി ക്യാപിറ്റല്‍സാണ് എതിരാളികള്‍. കലാശക്കൊട്ടില്‍ ഹാര്‍ദിക് പാണ്ഡ്യ പന്തെറിയുമോ? ആരാധകരുടെ ആകാംക്ഷയോടെ ഉറ്റുനോക്കുന്നു.

പന്തെറിയില്ല

എന്നാല്‍ ഫൈനല്‍ മത്സരത്തിലും പാണ്ഡ്യ പന്തെറിയില്ലെന്നാണ് മുംബൈ നായകന്‍ രോഹിത് ശര്‍മ പറയുന്നത്. 'ഫൈനലില്‍ ഹാര്‍ദിക് പാണ്ഡ്യ പന്തെറിയില്ല. ഓരോ മൂന്നു, നാല് മത്സരങ്ങള്‍ കഴിയുമ്പോഴും പാണ്ഡ്യയില്‍ നിന്നുള്ള അഭിപ്രായം ഞങ്ങള്‍ തേടാറുണ്ട്. ടീമില്‍ അദ്ദേഹത്തിന്റെ ചുമതലകള്‍ എന്തെല്ലാമെന്നതിനെക്കുറിച്ച് മാനേജ്‌മെന്റ് കൃത്യമായി ആശയവിനിമയം നടത്തിക്കവിഞ്ഞു. നിലവിലെ സാഹചര്യത്തില്‍ പന്തെറിയാന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ബുദ്ധിമുട്ടുണ്ട്. അദ്ദേഹത്തിന്റെ തീരുമാനത്തെ മാനേജ്‌മെന്റ് പൂര്‍ണമായി മാനിക്കുന്നു. പന്തെറിയാന്‍ താത്പര്യം പ്രകടിപ്പിച്ചാല്‍ തീര്‍ച്ചയായും ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ഞങ്ങള്‍ അവസരം നല്‍കും. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ പന്തെറിയില്ലെന്നാണ് ഹാര്‍ദിക് പാണ്ഡ്യയുടെ തീരുമാനം', ഫൈനലിന് മുന്നോടിയായി രോഹിത് ശര്‍മ വ്യക്തമാക്കി.

സമ്മർദ്ദം ചെലുത്തില്ല

കഴിഞ്ഞവര്‍ഷം പുറത്തിനേറ്റ പരിക്കിനെത്തുടര്‍ന്നാണ് ഹാര്‍ദിക് പാണ്ഡ്യ ബൗളിങ് ചുമതലകളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. പരിക്കും തുടര്‍ന്നു നടന്ന ശസ്ത്രക്രിയയും മുന്‍നിര്‍ത്തി നീണ്ടകാലം ഇദ്ദേഹം വിശ്രമത്തിലായിരുന്നു. എന്തായാലും താത്പര്യമില്ലാത്ത ചുമതലകള്‍ താരങ്ങളില്‍ അടിച്ചേല്‍പ്പിക്കാന്‍ മുംബൈ ഇന്ത്യന്‍സ് മാനേജ്‌മെന്റിന് ആഗ്രഹമില്ലെന്നും രോഹിത് സൂചിപ്പിക്കുന്നുണ്ട്.

ഗെയിം പ്ലാൻ

'താരങ്ങളില്‍ സമ്മര്‍ദ്ദം അടിച്ചേല്‍പ്പിക്കാന്‍ മാനേജ്‌മെന്റിന് ആഗ്രഹമില്ല. കൂടുതല്‍ ചുമതലകള്‍ നല്‍കുകയും ആ താരം പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്ച്ചവെക്കാതെയും വരുന്ന സാഹചര്യം ടീമിന്റെ ആത്മവിശ്വാസം കെടുത്തും. അതുകൊണ്ട് ഓരോരുത്തരില്‍ നിന്നും അഭിപ്രായം തേടിയ ശേഷമാണ് ഗെയിം പ്ലാന്‍ നിശ്ചയിക്കുന്നതും വിജയകരമായി നടപ്പിലാക്കുന്നതും', രോഹിത് കൂട്ടിച്ചേര്‍ത്തു.

സംതൃപ്തൻ

എന്തായാലും ഹാര്‍ദിക് പാണ്ഡ്യയുടെ സാന്നിധ്യം മുംബൈയുടെ പോരാട്ടത്തില്‍ നിര്‍ണായകമാണെന്ന് നായകന്‍ തുറന്നുസമ്മതിക്കുന്നുണ്ട്. 'ഹാര്‍ദിക് പാണ്ഡ്യ ടീമിലെ അവിഭാജ്യഘടകമാണ്. മുംബൈ ഫൈനലില്‍ കടന്നതില്‍ പാണ്ഡ്യയുടെ ബാറ്റിങ്ങിന് നിര്‍ണായക പങ്കുണ്ട്. അദ്ദേഹത്തിന്റെ ബാറ്റിങ് മികവില്‍ ഞാന്‍ പൂര്‍ണ തൃപ്തനാണ്', രോഹിത് ശര്‍മ്മ പറഞ്ഞു.

Story first published: Tuesday, November 10, 2020, 8:56 [IST]
Other articles published on Nov 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+